Our History

കീടക്കാട്ട് കുടുംബം : ഉത്ഭവം / ചരിത്രം

കീടക്കാട്ട് കുടുംബത്തിന്റെ ഉത്ഭവത്തെക്കുറിച്ച് ലഭ്യമായ അറിവുകൾ പ്രകാരമാണ് ഈ ചരിത്ര പുസ്തകത്തിന് തുടക്കം കുറിക്കുന്നത്. നൂറ്റാണ്ടുകൾക്ക് മുമ്പ് കൊണ്ടോട്ടി കൊളത്തൂരിലെ പ്രമുഖ ജന്മിമാരായിരുന്ന പുലിമഠം ഇല്ലക്കാർ തങ്ങളുടെ കാര്യസ്ഥന്മാരായി തിരൂർ പറവണ്ണയിൽ നിന്നും വിശ്വസ്തരായ കുഞ്ഞറമുട്ടി, മൊയ്തീൻകുട്ടി എന്നീ സഹോദരന്മാരെ കൊളത്തൂരിലേക്ക് കൂട്ടിക്കൊണ്ടുവന്നു. ഇന്ന് കൊണ്ടോട്ടി മുനിസിപ്പാലിറ്റിയിലെ കൊളത്തൂർ ജംഗ്ഷൻ -എയർപോർട്ട് റോഡിനടുത്ത (കീടക്കാട്ട് പറമ്പ്) അവർക്ക് താമസത്തിനായി പുലിമഠം നമ്പൂതിരി സൗജന്യമായി നൽകി. കുഞ്ഞറമുട്ടിയും മൊയ്തീൻകുട്ടിയും അവരുടെ പിൻഗാമികളും പിന്നീട് കീടക്കാട്ടുകാർ എന്ന കുടുംബനാമത്തിൽ അറിയപ്പെട്ടു (പറവണ്ണയിലെ ചേക്കു മരക്കാരകത്ത് (ശൈഖ് മർക്കബാർ) എന്ന മുസ്ലിം കുടുംബത്തിൽ പെട്ടവരാണ് അവരെന്ന ധാരണയുമുണ്ട്). പുലിമഠം ഇല്ലക്കാരുടെ വസതി സ്ഥിതിചെയ്തിരുന്ന പറമ്പ് ഇന്നും പുലിയേടത്ത്പറമ്പ് എന്ന പേരിലാണ് അറിയപ്പെടുന്നത്. കീടക്കാട്ട് കുടുംബ ചരിത്രം കൊണ്ടോട്ടിയുടെ നാട്ടുചരിത്രവുമായി ഇഴചേർന്നു കിടക്കുന്നു. കുടുംബചരിത്രം തന്നെ നാടിന്റേയും ചരിത്രമാകുന്നു. അഥവാ നാട്ടുചരിത്രം തന്നെ കുടുംബ ചരിത്രമാകുന്ന ഒരു അത്യപൂർവത ഇവിടെ ദർശിക്കാനാവും. കൊണ്ടോട്ടിയുടെ അറിയപ്പെടുന്ന ചരിത്രത്തിന്റെ അടിവേരുകൾ ചികയുന്ന ഏതൊരു ചരിത്രാന്വേഷിക്കും ഇക്കാര്യം ബോധ്യപ്പെടും. (കൊണ്ടുവെട്ടി) എന്ന സ്ഥലനാമചരിത്രം, കൊണ്ടോട്ടി പഴയങ്ങാടിപ്പള്ളി നിർമാണം, കൊണ്ടോട്ടി തങ്ങന്മാരുടെ ആഗമനം തുടങ്ങി സമകാലിക കൊണ്ടോട്ടിയുടെ മുഖച്ഛായ മാറ്റിയ വിമാനത്താവളം വരെ കൊണ്ടോട്ടിയുടെ കുതിപ്പിലും കിതപ്പിലും കീടക്കാട്ട് കുടുംബത്തിന്റെ പങ്കാളിത്തം നിഷേധിക്കാനാവാത്ത ചരിത്ര വസ്തുതയാണ്. ആദിമ ദ്രാവിഡരുടെ നാടായിരുന്നു ഈ പ്രദേശം. ഇവിടെയുള്ള സ്ഥലനാമങ്ങൾ ആ വസ്തുത ഊന്നിപ്പറയുന്നുണ്ട്. കുമ്മിണിപ്പാറ, കുമ്മിണിപ്പറമ്പ്, കണ്ണൻകോട്ടുപാറ, നായക്കോട്ട് കാവ്, അയ്യപ്പൻ ചോല തുടങ്ങിയ സ്ഥലനാമങ്ങൾ ആദിമ ദ്രാവിഡരുടെ വാസസ്ഥലങ്ങളെ സൂചിപ്പിക്കുന്നതാണ്. കാലാന്തരത്തിൽ ഒട്ടനവധി നമ്പൂതിരിമാരും നായന്മാരും മറ്റു ദിക്കുകളിൽ നിന്നു കുടിയേറിപ്പാർത്തു. പുളിയശ്ശേരി, നാറങ്ങാട്, തെഞ്ചീരി, പുലിമഠം മുതലായ ഇല്ലക്കാർ ഈ പ്രദേശത്ത് വാസമുറപ്പിച്ചു.

ക്രിസ്തുവർഷം ഒമ്പതാം നൂറ്റാണ്ടിൻ്റെ മധ്യഘട്ടത്തിൽ തന്നെ കൊണ്ടോട്ടി ഒരു സുപ്രധാന മുസ്ലിം കേന്ദ്രമായിരുന്നുവെന്ന് പ്രമുഖ പണ്ഡിതനായ നജീബാബാദി തന്റെ (മാപ്പിള ഖൗം) എന്ന കൃതിയിൽ പറയുന്നുണ്ട് (നജീബാബാദി, മാപ്പിള ഖൗം, പു: 38, സി.എൻ. അഹ്മദ് മൗലവി, കെ.കെ. മുഹമ്മദ് അബ്ദുൽ കരീം, മഹത്തായ മാപ്പിള സാഹിത്യപാരമ്പര്യം, കോഴിക്കോട്, 1978, ഉദ്ധരിച്ചത്) ക്രി. 14-ാം ശതകത്തിൽ ലോകപര്യടനം നടത്തിയിരുന്ന ശൈഖ് ഇബ്നു ബത്തൂത്ത കോഴിക്കോട്ടു വച്ച് ഖാസി ഫഖ്റുദ്ദീൻ ഉസ്മാൻ എന്നയാളെ പരിചയപ്പെട്ട വിവരം അദ്ദേഹത്തിന്റെ യാത്രാ വിവരണത്തിൽ കാണാം. ഖാസി ഫഖ്റുദ്ദീൻ ഉസ്മാൻ ചാലിയം, തിരൂരങ്ങാടി, കൊണ്ടോട്ടി മുതലായ പ്രദേശങ്ങളിൽ ഇസ്ലാം മത പ്രബോധനം നടത്തിയിരുന്നു. (നജീബാബാദി, ഇസ്ലാം മലബാർ മേം, പു.35) നജീബാബാദിയുടെ അഭിപ്രായത്തെ ശരിവയ്ക്കുന്നതാണ് കേസരി ബാലകൃഷ്ണ പിള്ളയുടെ നിഗമനം. (കേസരി ബാലകൃഷ്ണപിള്ള, ചരിത്രത്തിന്റെ അടിവേരുകൾ എന്ന കൃതി കാണുക). കൊണ്ടോട്ടി മലബാറിലെ പ്രധാന മുസ്ലിം അധിവാസ കേന്ദ്രമായി മാറിയതോടെയാണ് കൊണ്ടോട്ടിയിൽ പഴയങ്ങാടി പള്ളി സ്ഥാപിക്കപ്പെടുന്നത്. പള്ളി നിർമിക്കുന്നതിനു മുമ്പ് കൊളത്തൂർ എന്ന പേരിലാണ് ഇന്നത്തെ കൊണ്ടോട്ടിയും പരിസര പ്രദേശങ്ങളും അറിയപ്പെട്ടിരുന്നത്. മൈസൂർ സുൽത്താന്മാരുടെയും ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെയും റവന്യു രേഖകളിൽ (കൊളത്തൂർ അംശം കൊണ്ടോട്ടി നഗരം) എന്നു കാണാം. പഴയങ്ങാടി പള്ളിയുടെ നിർമാണവുമായി ബന്ധപ്പെട്ടാണ് കൊണ്ടോട്ടി എന്ന സ്ഥലനാമം രൂപപ്പെട്ടത്. തലയൂർ മൂസ്സത് മുസ്ലിംകൾക്ക് പള്ളി നിർമിക്കാൻ ദാനം നൽകിയ ഭൂമി ചേപ്പിലക്കുന്നിന്റെ താഴ്വരയിൽ തെക്ക് ഭാഗം വയൽവരെയും, കിഴക്ക് പുകലക്കോട് വരേയുമുള്ള പ്രദേശമായിരുന്നു. അന്നത് നിബിഡവന പ്രദേശമായിരുന്നു. കാട് മൂടിക്കിടന്നിരുന്ന ഈ പ്രദേശം ജനോപകാരപ്രദമായ രൂപത്തിൽ മാറ്റിയെടുക്കുവാൻ അന്നത്തെ നാട്ടുമുഖ്യന്മാരായ കീടക്കാട്ട് കുഞ്ഞറമുട്ടി, മണക്കടവൻ അഹ്മദ് കുട്ടി, കൂനത്ത് മമ്മദ് എന്നിവർ ഒരുവിദ്യ പ്രയോഗിക്കുകയുണ്ടായി. ജോലിയില്ലാതെ കഷ്ടപ്പെട്ടിരുന്ന ജനങ്ങളെ ആകർഷിക്കാനായി കാട്ടിൽ പൊൻപണം വാരിയെറിയുകയും അത് കണ്ടെടുക്കാനായി ആളുകൾ കാട് വെട്ടിത്തെളിയിക്കുകയും ചെയ്തു. അന്നു മുതൽ ആ സ്ഥലം (കൊണ്ടുവെട്ടി) എന്ന പേരിൽ അറിയപ്പെട്ടു. കൊണ്ടുവെട്ടി പിൽക്കാലത്ത് കൊണ്ടോട്ടിയായി പരിണമിച്ചു.കീടക്കാട്ടു കുടുംബത്തിലെ കാരണവൻമാർ ധർമിഷ്ടരും മതഭക്തരുമായിരുന്നു. ഏത് പ്രദേശത്തായിരുന്നാലും പ്രഥമസ്ഥാനം നൽകിയിരുന്നത് പള്ളികളുടെ പുനരുദ്ധാരണത്തിനും പള്ളിയില്ലാത്ത സ്ഥലങ്ങളിൽ പള്ളി നിർമ്മിക്കുന്നതിനുമായിരുന്നു. തങ്ങന്മാരുമായും പണ്ഡിത ന്മാരുമായും ബന്ധം സ്ഥാപിക്കുന്നതിന് പ്രമുഖ താൽപര്യം കാണിച്ചിരുന്നു. ഹി. 8-ാം ശതകത്തിന്റെ അന്ത്യത്തിൽ ക്രിസ്തുവർഷം 14-ാം നൂറ്റാണ്ടിന്റെ അന്ത്യഘട്ടത്തിലാണ് പഴയങ്ങാടി പള്ളി നിർമിച്ചതെന്നാണ് പ്രബലമതം. (ഇസ്ലാമിക വിജ്ഞാനകോശം, ഐ.പി.എച്ച്, കോഴിക്കോട് 2005, ഭാഗം 8, പു. 634). ക്രി. 14-ാം നൂറ്റാണ്ടിൻ്റെ അവസാനത്തിൽ പഴയങ്ങാടി പള്ളി നിർമിക്കപ്പെട്ടിട്ടുണ്ടെന്നതിന് ഖബർസ്ഥാനിലെ ഒരു ഖബറിന്റെ മീസാൻ കല്ലിൽ രേഖപ്പെടുത്തിയ ലിഖിതവും തെളിവാണ് പ്രസ്തുത അറബി ഭാഷാ ലിഖിതത്തിൽ കാണുന്ന സൈനുദ്ദീൻ ഇബ്നു മുഹമ്മദ് അൽ : മൗലവിയുടെ മരണ കാലം ഏകദേശം : 14-ാം നൂറ്റാണ്ടാണെന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. (Ziaudhin Desai, Arabic Persian Urdu Inscriptions of South India, ICHR, 1989, Delhi, p 99). ശൈഖ് മുഹമ്മദ് ശാഹ് വലിയ തങ്ങൾ 18-ാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിലാണ് കൊണ്ടോട്ടിയിൽ എത്തിയത്. കൊണ്ടോട്ടി പ്രദേശത്തെ പ്രഥമ ജുമുഅത്ത് പള്ളിയാണ് പഴയങ്ങാടി ജുമാമസ്ജിദ്. പള്ളി നിർമ്മാണത്തിന് ഹേതുവായത് ഒരു വെള്ളിയാഴ്ച്ച ജുമുഅ നമസ്കാരത്തിന് തിരൂരങ്ങാടിയിലേക്ക് പുറപ്പെട്ട കൊണ്ടോട്ടിവാസികൾക്ക് കാറ്റും മഴയും കാരണം ജുമുഅ നഷ്ടപ്പെട്ടതാണെന്ന് പറയപ്പെടുന്നു.

തിരൂരങ്ങാടിയിലെ കാരണവന്മാർ ഈന്തുംപട്ട കൊണ്ടെങ്കിലും ഒരു പള്ളി നിങ്ങളുടെ നാട്ടിൽ ഉണ്ടാക്കിക്കൂടെ എന്ന് ചോദിച്ചു. അഭിമാനക്ഷതം തോന്നിയ കൊണ്ടോട്ടിയിലെ പ്രമുഖർ തലയൂർ മൂസ്സതിനെ സമീപ്പിച്ച് നൂറ്റൊന്നു പൊൻപണം വെറ്റിലയിൽ കാണിക്ക സമർപ്പിച്ച് പള്ളി നിർമിക്കാൻ സ്ഥലം വിട്ടു നൽകാൻ ആവശ്യപ്പെട്ടു. അങ്ങനെ വിട്ടുകിട്ടിയ സ്ഥലത്താണ് പഴയങ്ങാടി പള്ളി നിർമ്മിച്ചത്. പഴയങ്ങാടി പള്ളി നിർമാണത്തിന് മുൻകൈയെടുത്ത പ്രദേശത്തെ നാല് കുടുംബങ്ങളെക്കുറിച്ച് (കീടക്കാട്ട്, മണക്കടവൻ, ചക്കിപ്പറമ്പൻ, കൂനത്ത്) പള്ളിയുടെ ഉത്തരത്തിലുള്ള ലിഖിതത്തിൽ പരാമർശമുണ്ടായിരുന്നുവെന്ന് പറയപ്പെടുന്നു. കാലപ്പഴക്കത്തിൽ അത് നശിച്ചുപോയി. പള്ളി നിർമാണത്തിന് പ്രധാന പങ്കുവഹിച്ചത് കീടക്കാട്ട് കുഞ്ഞറമുട്ടിയാണ്. ആദ്യത്തെ പള്ളി വളരെ ചെറുതായിരുന്നു. പള്ളി പുനർ നിർമ്മിക്കപ്പെട്ടത് ഹി. 1102-ൽ (ക്രി.1691) ആണെന്ന് അകത്തെ പള്ളിയുടെ പ്രവേശന കവാടത്തിന് മുകളിൽ കൊത്തിവച്ചിട്ടുള്ള അറബിലിഖിതത്തിലുണ്ട് (അനുബന്ധം 1 കാണുക). അക്കാലത്ത് അയൽ പ്രദേശങ്ങളായ കൊയപ്പ, അരിമ്പ്ര, നെടിയിരുപ്പ്, മോങ്ങം, കിഴിശ്ശേരി, ഒളവട്ടൂർ, തൃപ്പനച്ചി, ചെറുപുത്തൂർ, ഓമാനൂർ, പുളിക്കൽ, പള്ളിക്കൽ, ചിറയിൽ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നെല്ലാം ജുമുഅക്ക് വന്നിരുന്നതും മയ്യിത്ത് ഖബറടക്കിയിരുന്നതും ഇവിടെയാണ്. ദൂരദേശക്കാർക്ക് വിശ്രമിക്കാനും ഭക്ഷണം കഴിക്കാനും ആദ്യ പള്ളിയെടുത്ത കാലത്ത്, പള്ളിയോടനുബന്ധിച്ച് ഒരു പ്രത്യേക കെട്ടിടവുമുണ്ടായിരുന്നു. മുസ്ലിം വാസ്തു ശിൽപത്തിനും കൊത്തുപണിക്കും കാലിഗ്രാഫിക്കും പേരുകേട്ടതാണ് പഴയങ്ങാടി പള്ളി. അതു കൊണ്ടുതന്നെ അത് ടൂറിസം മാപ്പിൽ സ്ഥാനം പിടിച്ചിട്ടുമുണ്ട്. ഹി. 1287-ൽ / ക്രി.1871-72 കീടക്കാട്ട് പുത്തൻ പീടിയേക്കൽ കുഞ്ഞറമുട്ടി (ഏഴാമൻ) സ്വന്തം ചെലവിൽ പഴയങ്ങാടി ജുമുഅത്ത് പള്ളി വിപുലീകരിച്ചു. (ഇസ്ലാമിക വിജ്ഞാന കോശം, ഐ.പി. എച്ച്, കോഴിക്കോട്, 2005, ഭാഗം 8, പു. 634). അക്കാലത്ത് കേരള മുസ്ലിം ചരി ത്രത്തിലെ പ്രഥമ ആശയസംവാദമായ കൊണ്ടോട്ടി പൊന്നാനി കൈത്തർക്കം കൊടുമ്പിരിക്കൊണ്ടിരുന്നു. അനവധി കേസുകളും സംവാദങ്ങളും സംഘർഷങ്ങളും നടന്നു. ഇഷ്തിയാഖ് ശാഹ് ഒന്നാമനൻ്റെ കാലത്ത് പഴയങ്ങാടി ജുമുഅത്ത് പള്ളിയുടെ മുത്തവല്ലി സ്ഥാനം മദ്രാസ് ഹൈക്കോടതി വിധി മുഖേന കൊണ്ടോട്ടി തങ്ങൻമാർക്ക് ലഭിച്ചു.

കുടുക്കൻമാർ

വലിയപറമ്പിലെ ആവത്താന്മാർ കുടുംബം വലിയ സമ്പന്നന്മാരും ജന്മികളുമായിരുന്നു. കീടക്കാട്ട് പറമ്പിൽ താമസിച്ചിരുന്ന കുഞ്ഞറമുട്ടിയുടെ സഹോദരൻ മൊയ്തീൻകുട്ടിയെ പുലിമഠം ഇല്ലക്കാരുടെ അനുമതിയോടുകൂടി ഭൂപ്രഭുവായ ആവത്താൻ ഉണ്ണി കൊണ്ടോട്ടിക്കടുത്ത വലിയപറമ്പിലേക്ക് കൂട്ടിക്കൊണ്ടുപോയി. അക്കാലത്ത് മലബാറിൽ നിന്നും മൈസൂരിലേക്ക് ധാരാളം ചപ്പങ്ങമരം കയറ്റുമതി ചെയ്തിരുന്നു. വലിയപറമ്പിലെയും പരിസരപ്രദേശങ്ങളിലെയും ചപ്പങ്ങമരം കോഴിക്കോട് നിന്ന് കപ്പൽ മാർഗം മംഗലാപുരത്തേക്ക് കയറ്റുമതി ചെയ്തിരുന്നത് കീടക്കാട്ട് മൊയ്തീൻകുട്ടിയായിരുന്നു. ആവത്താൻ ഉണ്ണി അദ്ദേഹത്തിന് താമസിക്കാനായി കുടുക്കിൽ പുറ്റാണിക്കാട്ട് പറമ്പ് നൽകി. അദ്ദേഹം ഫാത്തിമയെ ഭാര്യയായി സ്വീകരിച്ചു. അവരിൽ അദ്ദേഹത്തിന് മൂന്ന് പുത്രന്മാരും ഒരു പുത്രിയും ജനിച്ചു. മൊയ്തീൻകുട്ടിയും പിൻഗാമികളും (കുടുക്കൻമാർ) എന്ന കുടുംബനാമത്തിൽ പ്രസിദ്ധരായി. (കെ.പി. മൊയ്തീ ൻകുട്ടി ഹാജി സ്മൃതി, പുളിക്കൽ, കൊല്ലം രേഖപ്പെടുത്തിയിട്ടില്ല പു: 24) ആദ്യകാലത്ത് കുടുക്കന്മാരും കൊണ്ടോട്ടി തങ്ങന്മാരുടെ മുരീദന്മാർ (ശിഷ്യന്മാർ) ആയിരുന്നു. വളരെക്കാലം അവരും കൊണ്ടോട്ടി നേർച്ചക്ക് പെട്ടിവരവ് കൊണ്ടുവരാറുണ്ടായിരുന്നു. കൊണ്ടോട്ടി തങ്ങന്മാരുടെ കാര്യദർശി കീടക്കാട്ട് കുഞ്ഞറമുട്ടിയുടെ ഒരു ഓലപ്പകർപ്പ് കാണുക:- (കീടക്കാട്ട് കുടുക്കിൽ പുറ്റാണിക്കാട് വീരാൻ അവർകള് ആന്തുകുത്ത്, കൊണ്ടോട്ടി തക്കിയക്കവകാശപ്പെട്ട നിലത്തിന്റെ പാട്ടം വക 140 പറ നെല്ല് അളന്നുതന്നുബോദ്ധ്യപ്പെട്ടിരിക്കുന്നു). കീടക്കാട്ട് പുത്തൻപീടികക്കൽ കുഞ്ഞറമുട്ടി കൊണ്ടോട്ടി തക്കിയക്കൽ കാര്യസ്ഥൻ കൊല്ലം 1022 മേടം 20-ാം തിയ്യതി/ 1847

കാഞ്ഞിരക്കുന്നിലെ കലാപം

1798-ലെ ശ്രീരംഗപട്ടണം യുദ്ധത്തിൽ ടിപ്പുസുൽത്താൻ രക്തസാക്ഷിയായതിനെ തുടർന്ന് മലബാറിലെ മുസ്ലിം കേന്ദ്രങ്ങളെ ആക്രമിക്കാൻ പാറനമ്പി, സാമൂതിരി ഇളയ രാജാവ് എന്നിവർ ഗൂഢാലോചന നടത്തി. കൊണ്ടോട്ടി, തിരൂരങ്ങാടി, പറവണ്ണ, പരപ്പനങ്ങാടി മുതലായ മുസ്ലിം കേന്ദ്രങ്ങൾ ഈ എതിർപ്പിന് പാത്രമായിത്തീർന്നു. ഇളയ സാമൂതിരിപ്പാടിന്റെ സുശക്തമായ നായർ സൈന്യവ്യൂഹം പുളിക്കൽ വലിയ പറമ്പിലെ കാഞ്ഞിരക്കുന്നിൽ തമ്പടിച്ചു. കീടക്കാട്ട് മൊയ്തീൻകുട്ടിയുടെ നേതൃത്വത്തിലുള്ള സംഘം നായർപടയുമായി വീറോടെ പൊരുതി. ആ കലാപത്തിൽ ആവത്താൻ ഉണ്ണിയുടെ കാര്യസ്ഥനായ മൊയ്തീൻകുട്ടിയും ഏതാനും ആളുകളും രക്തസാക്ഷികളായി. അവരെ സംബന്ധിക്കുന്ന ഒരു രേഖയും അവശേഷിച്ചിട്ടില്ല. (കെ.പി. മൊയ്തീൻകുട്ടി ഹാജി സ്മൃതി, പു. 25). മൊയ്തീൻകുട്ടിയുടെ സന്തതികൾ വലിയപറമ്പിലെ സമ്പന്നരായി വളർന്നു. അദ്ദേഹത്തിന്റെ പുത്രനായ മൂസ്സരാമനാട്ടുകരക്കടുത്ത മുറിയായിക്കൽ പ്രദേശത്ത് നിന്നാണ് വിവാഹം ചെയ്തിരുന്നത്. അദ്ദേഹം ഭാര്യവീട്ടിൽ താമസമാക്കി. അദ്ദേഹത്തിന്റെ പിൻഗാമികൾ കുഴുത്തിനിപ്പുറം കുടുംബക്കാരായി മാറി. കീടക്കാട്ട് കുടുക്കിൽ പുറ്റാണിക്കാട് എന്ന കുടുംബനാമം കാലക്രമത്തിൽ (കുടുക്കിൽ) എന്ന ലഘു നാമത്തിൽ അറിയപ്പെട്ടു. കീടക്കാട്ടുകാരും കുടുക്കന്മാരും കഴുത്തിനിപ്പുറക്കാരും രക്തബന്ധത്തിൽപ്പെട്ടവരാണ്.

കീടക്കാട്ട് പുത്തൻപീടികയും കൊണ്ടോട്ടി തങ്ങന്മാരും

കൊളത്തൂർ എയർപോർട്ട് റോഡിനടുത്ത കീടക്കാട്ട് തറവാട്ട് പറമ്പിൽ നിന്നും ഇന്ന് കൊണ്ടോട്ടി ഖുബ്ബ നിൽക്കുന്ന പറമ്പിൽ കീടക്കാട്ട് മമ്മത് വീടുണ്ടാക്കി താമസം മാറ്റി. അന്നു മുതൽ കുടുംബം അറിയപ്പെട്ടിരുന്നത് പുത്തൻ പീടികക്കൽ കീടക്കാട്ട് എന്നാണ്. പിൽക്കാലത്ത് കീടക്കാട്ട് പുത്തൻപീടികക്കൽ എന്നായി. ധാരാളം ഭൂസ്വത്തുക്കളും ഇതര ആസ്തികളുമുള്ള ആളായിരുന്നു മമ്മദ്. മമ്മദിന് അഹമ്മദ്, കുഞ്ഞറമുട്ടി എന്നീ രണ്ട് പുത്രന്മാരും രണ്ട് പുത്രിമാരുമുണ്ടായിരുന്നു. മൂത്ത പുത്രനായ അഹമ്മദ് വെള്ളാര (കരിപ്പൂർ) തെക്ക് വീട്ടിലേക്ക് താമസം മാറ്റി. അദ്ദേഹത്തിന്റെ താവഴിക്കാർ കീടക്കാട്ട് തെക്ക് വീട്ടിൽ എന്ന പേരിൽ അറിയപ്പെട്ടു. പല പ്രദേശങ്ങളിലേക്കും നീങ്ങിയ കുടുംബം അവർ താമസിക്കുന്ന പറമ്പിന്റെ പേരും കൂടി ചേർത്താണ് കുടുംബപ്പേര് രൂപപ്പെട്ടത്. ഉദാഹരണം കീടക്കാട്ട് കാവുങ്ങൽ കണ്ടി, കീടക്കാട്ട് പാലക്കോട്ട് തുടങ്ങിയവ. മമ്മദിന്റെ രണ്ടാമത്തെ പുത്രനായ കുഞ്ഞറമുട്ടി (ആറാമൻ) പിതാവിന്റെ മരണാനന്തരം പുത്തൻ പീടികയിലായിരുന്നു താമസം. ഇദ്ദേഹമാണ് ശൈഖ് മുഹമ്മദ് ശാഹിനെ കൊണ്ടോട്ടിയിലേക്ക് കൊണ്ടുവന്നവരിൽ പ്രമുഖൻ. മുഹമ്മദ് ശാഹ് തങ്ങൾ ക്രിസ്താബ്ദം 1773-ൽ കൊണ്ടോട്ടിയിൽ എത്തിച്ചേർന്നതായി 1846-ലെ ഒരു കോടതി വ്യവഹാര രേഖയിൽ കാണുന്നു. കുഞ്ഞറമുട്ടി ആറാമന്റെ കാലത്ത് മലബാർ ഭരണകർത്താക്കൾ മൈസൂർ സുൽത്താന്മാരായിരുന്നു. ഹൈദരാലിയുടെയും ടിപ്പുസുൽത്താന്റെയും ഭരണകാലമത്രയും കീടക്കാട്ട് കുഞ്ഞറമുട്ടി മൈസൂർ സുൽത്താന്മാരുടെ നികുതിപിരിവുദ്യോഗസ്ഥനായിരുന്നു. ടിപ്പുസുൽത്താൻ മൂപ്പൻ സ്ഥാനം നൽകി കുഞ്ഞറമുട്ടിയെ ആദരിച്ചു. (ഡോ. സി.കെ. കരീം, കേരള മുസ്ലിം ചരിത്രം, സ്ഥിതിവിവരക്കണക്ക് ഡയറക്ടറി, ചരിത്രം പബ്ലിക്കേഷൻസ്, ഇടപ്പള്ളി 1991, ഭാഗം 3. പു 249).

മുഹമ്മദ് ശാഹിന് താമസത്തിനും മറ്റും ആവശ്യമായ ഭൂമി നൽകണമെന്ന് ടിപ്പുസുൽത്താൻ കുഞ്ഞറമുട്ടി മൂപ്പനോട് കൽപ്പിച്ചു. ആജ്ഞപ്രകാരം അദ്ദേഹം മുഹമ്മദ് ശാഹ് തങ്ങൾക്കാവശ്യമായ ഭൂമി സൗജന്യമായി നൽകി (അതേകൃതി. പു. 249). കൊണ്ടോട്ടി ഒരു പ്രധാന മുസ്ലിം കേന്ദ്രമായി രൂപപ്പെടുന്നതിൽ പഴയങ്ങാടി പള്ളി നിർമാണത്തിനും കൊണ്ടോട്ടി തങ്ങന്മാരുടെ ആഗമനത്തിനുമുള്ള സ്ഥാനം സുവിദിതമത്രെ. ഈ രണ്ട് ചരിത്ര സംഭവങ്ങളിലും കീടക്കാട്ട് കുടുംബത്തിന്റെ കൈയൊപ്പ് പതിഞ്ഞുകിടക്കുന്നു. മുഹമ്മദ് ശാഹ് തങ്ങളുടെ പൂർവ്വചരിത്രം പരക്കെ അറിയപ്പെടുന്നതാണ്. ഖാദിരി ചിശ്തി പരമ്പരയിൽപ്പെട്ട ശൈഖ് മുഹമ്മദ് ശാഹ് ബോംബെയിലെ കർദാൻ സ്വദേശിയാണ്. ഔറംഗാബാദിലെ സൂഫിവര്യനായ ഖറം അലിയായിരുന്നു അദ്ദേഹത്തിന്റെ ശൈഖ്. ഹജ്ജ് യാത്രാനന്തരം ബൈത്തുൽ മുഖദ്ദിസ് സന്ദർശിച്ച ശൈഖ് മുഹമ്മദ് ശാഹ് പ്രവാചകനെ സ്വപ്നത്തിൽ ദർശിച്ചെന്നും അനന്തരം കൊച്ചിയിലേക്ക് പോകുന്ന കപ്പലിൽ കേരളത്തിലേക്ക് യാത്ര തിരിച്ചെന്നും പറയപ്പെടുന്നു. കൊച്ചിയിലെത്തിയ അദ്ദേഹം മലങ്കര, ബാലരാമപുരം, പുതുനഗരം മുതലായ പ്രദേശങ്ങൾ സന്ദർശിച്ചു. പാലക്കാട് വഴി അരീക്കോട് മലയിലെത്തി ധ്യാനനിരതനായി. ഈ മല പിന്നീട് (ശൈഖ്കുന്ന്) എന്നറിയപ്പെട്ടു. കാലാന്തരത്തിൽ അത് ചെക്കുന്ന് ആയി. അവിടെ നിന്നും മുഹമ്മദ് ശാഹ് തങ്ങളും കൂട്ടരും ചേപ്പിലക്കുന്നിന്റെ താഴ്വരയായ കാളോത്ത് എത്തിച്ചേർന്നു. ആ വനപ്രദേശത്ത് ധ്യാനത്തിലേർപ്പെട്ടു. സൂഫിവര്യനായ ശൈഖ് വന്ന വിവരം കൊണ്ടോട്ടി പഴയങ്ങാടി പള്ളി ഖാസി അബ്ദുൽ അസീസ് ഇബ്നു സൈനുദ്ദീൻ മഖ്ദൂമും, പൗരപ്രധാനികളായ കീടക്കാട്ട് പുത്തൻ പീടികക്കൽ കുഞ്ഞറമുട്ടി മൂപ്പനും മണ്ണിശ്ശേരി ഇബ്രാഹീമും അറിഞ്ഞു. അവർ മൂന്നു പേരും ശൈഖിനെ കാണുകയും അദ്ദേഹത്തിന്റെ ത്വരീഖത്ത് സ്വീകരിക്കുകയും ചെയ്തു. അനന്തരം അവർ മുഹമ്മദ് ശാഹിനെ കൊണ്ടോട്ടി നഗരത്തിലേക്ക് ക്ഷണിച്ചു. (ഇസ്ലാമിക വിജ്ഞാന കോശം, ഐ.പി.എച്ച്, കോഴിക്കോട്, 2005, ഭാഗം 8, പു. 634). അദ്ദേഹം ക്ഷണം സ്വീകരിച്ച് കൊണ്ടോട്ടിയിലെത്തിയത് ക്രി. 1773 ൽ ആണ്. ഇന്ന് കൊണ്ടോട്ടി ഖുബ്ബയും തക്കിയാവും മറ്റും സ്ഥിതിചെയ്യുന്ന ഭൂമിയെല്ലാം അക്കാലത്ത് കീടക്കാട്ട് പുത്തൻ പീടികക്കൽ കുഞ്ഞറമുട്ടി മൂപ്പന്റെതായിരുന്നു. അദ്ദേഹം ശൈഖ് മുഹമ്മദ് ശാഹിനും കുടുംബത്തിനും താമസിക്കാനായി തൈത്തോട്ടം വരെ നീണ്ടുകിടക്കുന്ന പ്രദേശം ദാനമായി നൽകി. പ്രസിദ്ധ മാപ്പിളകവിയും പണ്ഡിതനുമായിരുന്ന പുത്തലത്ത് ഇമ്പിച്ചി അരീക്കോട് എഴുതിയ (ഖിസ്സത്ത് മുഹമ്മദ് ശാഹ് തങ്ങൾ) എന്ന അപ്രകാശിത കാവ്യത്തിൽ ഈ കാര്യം വിവരിക്കുന്നുണ്ട്.
(മുത്തായ കരുണരെ സൗജത്ത്
അഹ്‌ലോർക്കും
വസികുവാൻ സുഖങ്ങളുവൊത്ത
മാടം മറ്റുമെ സ്വത്തും നല്‍കിയോര്‍കളെ
നാമം ഇതാ വിരുത്തേ
ഉത്തിടും കിടക്കാട്ടുള്‍
മുഹമ്മദ് യെണ്ടവരുടെ- പിതാവരാം
ഒളിയും പൂമളര്‍ ഖുബ്ബക്കുള്ള
സ്ഥാനവും
മാറ്റുമെ കൊടുത്തിവരാം.
ഇവരാറ്റല്‍വൊലി കൂടെയേറ്റം
നിഅ്മത്തില്‍ അമീറായി
നിലന്തോര്‍താമെ
ഇതില്‍ പ്രതിഫലം മോഹിച്ചല്ല
ഖുത്ത്ബമെ തണി കൃപ
കൊതിത്തോ രാമെ
) (അനുബന്ധം 2 കാണുക)
കുഞ്ഞറമുട്ടി മൂപ്പന്‍ സ്ഥലം നല്‍കിയത്‌ യാതൊരു ഭൗദിക പ്രതിഫലവും മോഹിച്ചല്ലെന്നും അദ്ദേഹം ശൈഖ് മുഹമ്മദ് ശാഹിന്റെ ഗുരുത്വവും അനുഗ്രഹവും മാത്രമാണ് പ്രതിക്ഷിച്ചിരുന്നതെന്നും കവി വ്യക്തമാക്കുന്നുണ്ട്. പ്രസ്തുതസംഭവം പ്രമുഖ ചരിത്രകാരനായ ഡോ. സി.കെ. കരീം രേഖപ്പെടുത്തുന്നു. കൊണ്ടോട്ടിയിലെ ഏറ്റവും വലിയ ഭൂസ്വത്തിനുടമയായ കീടക്കാട്ടു പുത്തൻ പീടികക്കൽ കുഞ്ഞമുട്ടി മൂപ്പൻ തക്കിയാവ് സ്ഥിതിചെയ്യുന്ന വിശാലമായ സ്ഥലം തങ്ങളുടെ വാസത്തിന് ദാനം നൽകി. പിന്നീട് മൂപ്പൻ തങ്ങളുടെ കാര്യദർശിയായി. (ഡോ. സി.കെ. കരീം, കേരള മുസ്ലിം ചരിത്രം സ്ഥിതി വിവരക്കണക്ക് ഡയറക്ടറി, വാള്യം 2, പു 635).

1799 ൽ മുഹമ്മദ് ശാഹിന്റെ ആത്മമിത്രവും മുക്ത്യാർ അധികാരമുള്ള ഉപദേഷ്ടാവുമായിരുന്ന കീടക്കാട്ട് പുത്തൻപീടികക്കൽ കുഞ്ഞറമുട്ടി അന്തരിച്ചു. ഖുബ്ബയുടെ കിഴക്ക് വശത്തെ ചെങ്കൽ കുടീരത്തിൽ അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്നു. അതിൽ തന്നെയാണ് അദ്ദേഹത്തിന്റെ ഭാര്യയെയും മറവു ചെയ്തത്. അതിന്റെ തെക്ക് ഭാഗത്ത് കുഞ്ഞറമുട്ടിയുടെ മകൻ മമ്മദിനേയും കുടുംബാംഗങ്ങളിൽ പലരേയും മറവു ചെയ്തിട്ടുണ്ട്. കൊണ്ടോട്ടി തക്കിയക്കൽ ഖുബ്ബയുടെ വടക്ക് കിഴക്ക് ഭാഗത്തെ ഖബർസ്ഥാൻ കീടക്കാട്ടുകാർക്ക് നീക്കിവച്ചതായിരുന്നു. കീടക്കാട്ടുകാർ ഖബർസ്ഥാനിന് പണം നൽകേണ്ടതുണ്ടായിരുന്നില്ല. അക്കാലത്ത് പ്രതിവർഷം 1000 രൂപയോളം ഖബറിന് സ്ഥലം അനുവദിക്കുന്ന വകയിൽ തങ്ങൾക്ക് വരുമാനമുണ്ടായിരുന്നു (കേസ് നമ്പർ: 20 ഓഫ് 1884 ജില്ലാ കോർട്ട് കാ ലിക്കറ്റ്). മഹാകവി മോയിൻകുട്ടി വൈദ്യരുടെ ഖബറിടവും കീടക്കാട്ടുകാർക്ക് നീക്കിവച്ച സ്ഥലത്തിന് സമീപത്താണ്. കുഞ്ഞറമുട്ടി മൂപ്പന്റെ (ആറാമൻ) മകൻ മമ്മദ് മതഭക്തനും ദാനധർമ്മങ്ങൾ ചെയ്യുന്നതിൽ അതീവ തൽപരനുമായിരുന്നു. കൊണ്ടോട്ടി തങ്ങൾ ശൈഖ് ഇശ്തിയാഖ് ശാഹ് ഒന്നാമന്റെ കാലത്ത് അദ്ദേഹം 17 നമ്പർ ഭൂമി കൊണ്ടോട്ടി തക്കിയക്കും ഖുബ്ബക്കുമായി വഖഫ് ചെയ്തിട്ടുണ്ട്. (അനുബന്ധം 3 കാണുക) പുത്തൻപീടികക്കൽ കീടക്കാട്ട് മമ്മദ് കൊണ്ടോട്ടി മേലങ്ങാടി പള്ളി നിർമ്മിച്ചു. (ഇസ്ലാമിക വിജ്ഞാനകോശം, ഐ.പി.എച്ച് കോഴിക്കോട് ഭാഗം 8, പു: 634) ടിപ്പു സുൽത്താന്റെ നിർദ്ദേശപ്രകാരം അദ്ദേഹം മേലങ്ങാടി പള്ളിക്ക് ഖബർസ്ഥാനിനുള്ള വിശാലമായ ഭൂമിയും വഖഫ് ചെയ്തിട്ടുണ്ട്. പള്ളിയുടെയും തങ്ങന്മാരുടെയും ആവശ്യങ്ങൾക്കുമുപയോഗിക്കാനാണ് ആ വഖഫ് എന്ന് വഖഫ് ഓലയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. മേലങ്ങാടിയിലെയും അയൽ പ്രദേശങ്ങളിലേയും മയ്യത്തുകൾ ഇന്നും മേലങ്ങാടി ഖബറിസ്ഥാനിലാണ് ഖബറടക്കുന്നത്. മമ്മദിന്റെ മകൻ കുഞ്ഞറമുട്ടി ഏഴാമനും കുടുംബവും കൊണ്ടോട്ടി പുത്തൻപീടികക്കലായിരുന്നു താമസിച്ചിരുന്നത്. കുഞ്ഞറമുട്ടിക്ക് ആദ്യഭാര്യയിൽ മൂന്ന് ആൺമക്കളും നാല് പെൺമക്കളും ഉണ്ടായിരുന്നു. കെ.പി. മമ്മദ്, മമ്മദീശ, മോനുദ്ദീൻ, പാത്തുമ്മ, ആലിയുമ്മ, കുഞ്ഞാത്തുമ്മ, തിത്തിക്കുട്ടിയുമ്മ എന്നിവരും. രണ്ടാം ഭാര്യയായ മാടശ്ശേരി പൊക്കാട്ട് ഏനുദ്ദീൻ കുട്ടി മകൾ ഉണ്ണിപ്പാത്തുമ്മയിലുള്ള മകനാണ് വെണ്ണേങ്കോട്ട് അഹമ്മദ്കുട്ടി. (ഭാഗപത്രം 2309/1877 SRO തിരൂരങ്ങാടി). 1872-ൽ കുഞ്ഞറമുട്ടി ഏഴാമൻ മരണപ്പെട്ടു.

ഖുബ്ബ

ഇന്തോ പേർഷ്യൻ വാസ്തു ശിൽ പരീതിയിൽ പണിതീർത്തിട്ടുള്ള കൊണ്ടോട്ടി ഖുബ്ബ പ്രസിദ്ധമായ ഒരു ചരിത്ര സ്മാരകമാണ്. പ്രാചീന മുസ്ലിം ശില്പകലാവൈശിഷ്ട്യത്തെ പ്രകടമാക്കുന്ന ഈ മഹൽ സൗധത്തിന്റെ അസ്ഥിവാരം മുഹമ്മദ് ശാഹിന്റെ കാലത്ത് തന്നെ നിർമിക്കപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ വിയോഗാനന്തരം ഖുബ്ബയുടെ നിർമാണം പൂർത്തീകരിച്ചത് ശൈഖിന്റെ പൗത്രന്മാരായ അഫ്താബാഹും ഇശ്തിയാഖ് ശാഹ് ഒന്നാമനുമായിരുന്നു. പലരും അതിന്റെ നിർമാണത്തിനായി സമ്പത്ത് വ്യയം ചെയ്തിരുന്നു. കീടക്കാട്ട് പുത്തൻപീടികക്കൽ മമ്മദ്, അരിമ്പ്രക്കാരിയായ ഒരു മുസ്ലിം സ്ത്രീയും ഖുബ്ബ നിർമാണത്തിനായി ഏറ്റവും ധനം വ്യയം ചെയ്തവരാണ് (ഡോ. സി.കെ. കരീം, കേരള മുസ്ലിം ചരിത്രം സ്ഥിതി വിവരണകണക്ക് ഡയറക്ടറി, ഭാഗം 2, പേജ് 638).

ജീവനാംശ കേസ്

ശൈഖ് ഇശ്തിയാഖ് ശാഹ് രണ്ടാമന്റെ (കി 1887- 1906) മുഖ്യ ഉപദേഷ്ടാവ് കീടക്കാട്ട് പുത്തൻ പീടിയക്കൽ മമ്മദീശായുടെ പുത്രി കെ.പി. ബിയ്യമുണ്ണിയെ ഇതിയാഖ് ശാഹ് രണ്ടാമൻ വിവാഹം കഴിച്ചു. ആ ദാമ്പത്യ ബന്ധം രണ്ട് വർഷത്തോളം അല്ലലില്ലാതെ മുന്നോട്ട് നീങ്ങി. പിന്നീട് ബിയ്യമുണ്ണിയെ തങ്ങൾ സ്വന്തം വീട്ടിലേക്കയച്ചു. മമ്മദീശ നേരത്തെ വിവാഹമോചനം ചെയ്ത എറത്താലി പാത്തുവിനെ തങ്ങൾ ഭാര്യയായി സ്വീകരിച്ചു. കെ.പി. ബിയ്യമുണ്ണി ജീവനാംശം ലഭിക്കാൻ മലപ്പുറം കോടതിയിൽ കേസ്സു കൊടുത്തു. (മലപ്പുറം സ്പെഷ്യൽ അസി. മജിസ്ട്രേറ്റ് കോടതിയിൽ ഫയൽ ചെയ്ത കേസ് 37/1901 സമർപ്പിച്ച സാക്ഷി മൊഴി). ബിയ്യമുണ്ണിയെ സ്വന്തം വീട്ടിലേക്ക് കൊണ്ടു പോകാമെന്ന് തങ്ങൾ കോ ടതിയെ രേഖാമൂലം അറിയിച്ചു. കൂടെ പോകാൻ തയ്യാറാണെന്ന് ബിയ്യമുണ്ണിയും അറിയിച്ചു. തദടിസ്ഥാനത്തിൽ മജിസ്ട്രേറ്റ് എ. ആർ.എൽ തോട്ടൻഹാം കേസ് തള്ളി. എന്നാൽ കൊണ്ടോട്ടി തങ്ങൾ കോടതിക്ക് രേഖാമൂലം കൊടുത്ത ഉറപ്പ് ലംഘിച്ചു. ബിയ്യമുണ്ണിയെ കൂട്ടിക്കൊണ്ടു പോയില്ല. ഈ കേസിൽ സാക്ഷിയായി വിസ്തരിച്ചത് ബിയ്യമുണ്ണിയുടെ പിതാവ് മമ്മദിശയേയും എടക്കോട്ട് മാതംകുത്ത് കുഞ്ഞിമൊയ്തീൻ എന്നയാളേയുമായിരുന്നു. 1903-ൽ ബിയ്യുമുണ്ണി ജീവനാംശം കിട്ടാൻ വീണ്ടും കോടതിയെ സമീപിച്ചു. (മെയിന്റനൻസ് കേസ് 5 ഓഫ് 1903) തങ്ങൾ കോടതിയിൽ പഴയ വാദം ആവർത്തിച്ചു. എന്നാൽ തന്റെ പിതാവിന്റെ മുൻഭാര്യയെ (ചിറ്റമ്മ) തങ്ങൾ വേളികഴിച്ചതുകൊണ്ട് അദ്ദേഹത്തോടൊപ്പം പൊറുക്കാൻ സാധ്യമല്ലെന്ന് ബിയ്യമുണ്ണി വാദിച്ചു. ബിയ്യമുണ്ണിയുടെ വാദം കോടതി അംഗീകരിച്ചു. ഈ കേസ്സിൽ സാക്ഷി പറഞ്ഞ തങ്ങളുടെ പുതിയ കാര്യസ്ഥൻ കൂടിയായ കുന്നേക്കാട്ട് കുട്ടൂത്ത (വെള്ളാര, ആലിപ്പറമ്പ്, കരിപ്പൂർ) അമ്പലങ്ങാടൻ ഉലാമൊയ്തീൻ മേലങ്ങാടി തുടങ്ങിയവർ, തങ്ങൾ ഗാർഹിക പീഡനം നടത്തിയിരുന്നുവെന്ന് മൊഴി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ കൊണ്ടോട്ടി തങ്ങൾ മാസം തോറും 15 രൂപ ബിയ്യമുണ്ണിക്ക് ജീവനാംശം കൊടുക്കണമെന്ന് മജിസ്ട്രേറ്റ് എ.ആർ.എൽ തോട്ടൻ ഹാം 16-04-1903ന് വിധി പ്രസ്താവിച്ചു.(മെയിന്റനൻസ് കേസ് 5 ഓഫ് 1903) വിധിക്കെതിരെ തങ്ങൾ 12-10- 1903ന് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. പ്രമുഖ യൂറോപ്യൻ വക്കീൽ ജി.എൽ. റൊസാരിയോ തങ്ങൾക്ക് വേണ്ടി കേസ് വാദിച്ചു. എം.പി.ആർ. സുന്ദരയ്യർ ആയിരുന്നു ബിയ്യമുണ്ണിയുടെ വക്കീൽ. ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് ബെൻസൺ വാദം കേട്ടു. തള്ളുകയും കീഴ്കോടിതിയുടെ വിധി ശരിവയ്ക്കുകയും ചെയ്തു. (അനുബന്ധം 4 കാണുക)

ഏറെ പ്രസിദ്ധമായ ഈ കേസിൽ ചരിത്ര വിദ്യാർത്ഥികൾക്ക് പാഠമുണ്ട്. തല്ലാനും തലോടാനും അധികാരമുണ്ടായിരുന്ന നാടുവാഴിയും മതാധികാരിയുമായ തങ്ങൾക്ക് എതിരെ കേസ് കൊടുത്ത മഹതിയുടെ അങ്ങേയറ്റത്തെ ധീരത രേഖപ്പെടുത്തപ്പെടേണ്ടതാണ്. അഭിമാനവും അന്തസ്സുമുള്ളവർക്ക് മാത്രമേ ഇത്തരം നടപടിക്ക് സാധിക്കുകയുള്ളൂ. കേസ് വിസ്താരവേളയിൽ കോടതി നടത്തിയ ചില നിരീക്ഷണങ്ങളിൽ നിന്ന് തന്നെ ഇത് വായിച്ചെടുക്കാം. കല്യാണ സമയത്ത് 200 ഉറുപ്പിക മകൾക്ക് കൊടുത്തിട്ടുണ്ടെന്നും 500 രൂപയുടെ സ്വത്ത് മകളുടെ പേരിലുണ്ടെന്നും അതിന്റെ രേഖ കൊണ്ടോട്ടി തങ്ങളുടെ അടുതാണെന്നും മമ്മദിശ മൊഴി കൊടുക്കുന്നുണ്ട്. ജീവനാംശം കിട്ടാനുള്ള തന്റെ വാദം സ്ഥാപിക്കാൻ വേണ്ടി തങ്ങൾക്ക് മാലിഖാൻ വകയിലും, പാട്ടകൃഷിയിലൂടെയും നേർച്ചയിലൂടെയും സന്ദർശകരിൽ നിന്നും, ഖബറിന് ഈടാക്കുന്ന തുകയിലൂടെയുമെല്ലാം കൂടി വലിയ വരുമാനമുണ്ടെന്ന്പാത്തുമുണ്ണിയും സാക്ഷികളും സ്ഥാപിക്കുന്നുണ്ട്. കേസ് കൊടുത്തവരും നല്ല ധനസ്ഥിതിയിലാണെന്ന് കോടതി തന്നെ നിരീക്ഷിക്കുന്നുണ്ട്. അതിന്റെ അടിസ്ഥാ നത്തിലാണ് ജീവനാംശം കൊടുക്കാൻ വിധിക്കുന്നത്. ബിയ്യുമുണ്ണി മലബാർ ചരിത്രത്തിലെ സ്ത്രീ ശാക്തീകരണത്തിന്റെ ആദ്യ ബിന്ദുവാണ്. അധികാരത്തിനും ധാഷ്ട്യത്തിനും മുന്നിൽ തോൽക്കാൻ ആ മാപ്പിള മഹതി തയ്യാറായില്ല. 1980കളിൽ ഷാബാനു കേസ് ഇന്ത്യയിൽ ഉയർത്തിയ പുക്കാറ് അറിയുന്നവർ ഓർക്കുക 20-ാം നൂറ്റാണ്ടിന്റെ ആദ്യ വർഷം ജീവനാംശം ലഭിക്കാൻ കേസുകൊടുത്ത ധീര വനിത കീടക്കാട്ട് പുത്തൻപീടികക്കൽ കുടുംബത്തിൽപ്പെട്ടവരാണെന്ന്. ഗാർഹിക പീഡനത്തിനും ബഹു ഭാര്യത്വ നിയമം ചൂഷണം ചെയ്യുന്നതിനുമെതിരെയുള്ള ഒരു നിയമപോരാട്ടം കൂടിയായിരുന്നു ബിയ്യമുണ്ണി നടത്തിയത്. അക്കാലത്ത് മാത്രമല്ല, എന്നും പ്രസക്തമായ സമരമാണ് അവർ നയിച്ചത്. ഈ കേസ് പ്രസക്തമായ ചില മതവിഷയങ്ങളും ഉയർത്തിക്കൊണ്ടുവന്നു. ഭാര്യയുടെ ചിറ്റമ്മയെ (അവർ വിവാഹ മോചിതയായാൽ പോലും) ഭർത്താവിന് വിവാഹം കഴിക്കാമോ? ഇതിലെ അനുകൂലവും പ്രതികൂലവുമായ ന്യായവാദങ്ങളും പരിശോധിച്ചാണ് കോടതി വിധി പ്രസ്താവിച്ചത്. ബിയ്യുമുണ്ണിയെ കൊയപ്പത്തൊടി തറവാട്ടിലേക്കാണ് പുനർവിവാഹം നടത്തിയത്. കീടക്കാട്ട് പുത്തൻപീടികക്കൽ മമ്മദീശ്ശയുടെ മൂന്ന് ഭാര്യമാരിൽ ആദ്യ ഭാര്യ ഞണ്ടുകണ്ണി കദിയുമ്മ എന്നവരാണ്. ഈ ബന്ധത്തിലുള്ള മക്കളാണ് മൊയ്തീൻ, ബിച്ചുമുണ്ണി, മമ്മിയ്യ, പാത്തോമ, ഇത്തിക്കുട്ടി ഉമ്മ എന്നിവർ. ബിയ്യുമുണ്ണി ഉമ്മയുടെ ആദ്യ വിവാഹം കൊണ്ടോട്ടി തങ്ങളുമായും രണ്ടാം വിവാഹം കൊയപ്പത്തൊടി മണ്ണുതൊടുവിൽ മോയിൻകുട്ടിയുമായിട്ടായിരുന്നു. ഈ ബന്ധത്തിലുള്ള മക്കളാണ് മുഹമ്മദ് ഹാജി, മമ്മദ്കുട്ടി (കെ. എം. കുട്ടി സാഹിബ്), അബ്ദുറഹിമാൻ, മറിയം എന്നിവർ. മറിയത്തിനെ വിവാഹം കഴിച്ചത് പള്ളിപ്പുറം കുഞ്ഞി സൂപ്പിക്കുട്ടി ഹാജി (പരപ്പനങ്ങാടി) ആണ്. മമ്മദീശയുടെ രണ്ടാമത്തെ പുത്രിയായ മമ്മിയ്യയെ വിവാഹം കഴിച്ചത് ആനക്കയം ചേക്കുട്ടി ഇൻസ്പെക്ടറുടെ മകനായ കൂരിമണ്ണിൽ വലിയമണ്ണിൽ അഹമ്മദ്കുട്ടിയായിരുന്നു. പൂളക്കൽ കമ്മുക്കുട്ടി ഹാജിയാണ് (തലക്കോട്ടിരി) മമ്മദീശ്ശയുടെ മൂന്നാമത്തെ പുത്രി പാത്ത്വാമയെ വിവാഹം കഴിച്ചത്. (ഖാദർ, കദിയുമ്മ, മമ്മദ്കുട്ടി എന്നിവർ അവരുടെ സന്തതികളാണ്). മമ്മദീശയുടെ എളയ പുത്രിയായ ഇത്തിക്കുട്ടി ഉമ്മയെ പാറമ്മൽ അമ്പാടി കുഞ്ഞാപ്പു ഹാജിയാണ് (കരിപ്പൂർ) വിവാഹം കഴിച്ചത്. മക്കൾ: മമ്മദ് അധികാരി, മൊയ്തീൻ മാനുഹസൻഹാജി.

മമ്മദീശ്ശയുടെ ആദ്യഭാര്യയുടെ വിയോഗാനന്തരം എറത്താലി പാത്തുമ്മയെ വിവാഹം ചെയ്തെങ്കിലും അധികനാൾ നിലനിന്നില്ല. മമ്മദീശ പിന്നീട് വിവാഹം ചെയ്തത് പുഴിത്തിനിപ്പാറ പോക്കുമകൾ പാത്തുമുണ്ണിയെയായിരുന്നു. ഈ ബന്ധത്തിലുള്ള മക്കളാണ് കുഞ്ഞറമുട്ടി, മൂസ്സ, കുഞ്ഞഹമ്മദ്, മമ്മദ്കുട്ടി, മൊയ്തീൻ, കദിയുമ്മ, ഉമ്മത്തിക്കുട്ടി, മൂത്ത മകൻ കുഞ്ഞറമുട്ടി. 1940ൽ 45-ാം വയസ്സിൽ അന്തരിച്ചു. അദ്ദേഹത്തിന്റെ ഭാര്യയായിരുന്നു കൊയപ്പത്തൊടി മച്ചിങ്ങൽ ആയിശുമ്മ. ഇവരുടെ മകനാണ് ട്രസ്റ്റി ന്റെ പ്രഥമ ചെയർമാൻ ബാപ്പു മാസ്റ്റർ, ബാപ്പു മാസ്റ്ററുടെ ആദ്യഭാര്യ കീടക്കാട്ട് പുത്തൻപീടിയേക്കൽ മൊയ്തീൻ മകൾ മമ്മാത്തക്കുട്ടിയാണ്. മമ്മാത്തക്കുട്ടിയുടെ വിയോഗാനന്തരം പൂളക്കൽ വലിയാട്ടിൽ കുറുപ്പൻ പടിയിൽ ഖാദർ അധികാരിയുടെ മകൾ സൈനബയെയാണ് അദ്ദേഹം വിവാഹം കഴിച്ചിരുന്നത്. മമ്മദീശ്ശയുടെ രണ്ടാമത്തെ മകനായ മൂസ്സ കുടുക്കിൽ വളപ്പത്തൊടി ബിയ്യാത്തുട്ടി (കൊട്ടപ്പുറം) യെയാണ് വിവാഹം ചെയ്തത്. കീടക്കാട്ട് പുത്തൻപീടികക്കൽ മമ്മദിശയുടെ മൂന്നാമത്തെ പുത്രനായ കുഞ്ഞഹമ്മദ് എടവണ്ണയിലെ വലിയപീടികക്കൽ മൊയ്തീൻകുട്ടി മാസ്റ്ററുടെ മകൾ വി.പി.മമ്മീര്യത്തെയാണ് വിവാഹം ചെയ്തത്. ഒമ്പത് ആൺമക്കളും നാല് പെൺമക്കളും ഉണ്ട്. മമ്മദീശ്ശയുടെ നാലാമത്തെ പുത്രനായ മമ്മദ്കുട്ടിയുടെ ഭാര്യയാണ് പുളിയാളി പോക്കർ മകൾ മറിയം. രണ്ട് ആൺമക്കളും മൂന്ന് പെൺകുട്ടികളുമുണ്ട്. മമ്മദീശ്ശയുടെ അഞ്ചാമത്തെ മകനായ മൊയ്തീൻ എന്ന കുഞ്ഞാൻ വിവാഹം കഴിച്ചത് അത്തിക്കോട്ട് മതിക്കയിൽ അവ റാൻകുട്ടിയുടെ മകൾ ആയിശ ബീവിയെയാണ്. നാല് പെൺമക്കളും മൂന്ന് ആൺമക്കളുമുണ്ട്. കൊയിലാണ്ടി പുതിയേടത്ത് മായൻ ആണ് മമ്മദിശ്ശയുടെ മൂന്നാം ഭാര്യയിലുള്ള മകൾ കദിയുമ്മയുടെ ഭർത്താവ്. കൊയിലാണ്ടി മഠത്തിൽ കുഞ്ഞിപോക്കർ ഹാജി ഉമ്മത്തിക്കുട്ടിയെയും വിവാഹം ചെയ്തു.

മലബാർ സമരത്തിലെ രക്തസാക്ഷികൾ

1921-ലെ മലബാർ സമരത്തിന്റെ ഭാഗമായി നടന്ന അതിക്രൂരവും ദാരുണവുമായ സംഭവമാണ് മലപ്പുറം മേൽമുറി കൂട്ടക്കൊല. ബ്രിട്ടീഷ് സൈന്യത്തിലെ ഡോർറ്റ് റെജിമെന്റാണ് നരഹത്യക്ക് നേതൃത്വം വഹിച്ചത്. 1921 ഒക്ടോബർ 25ന് നടന്ന മേൽമുറി അധികാരിത്തൊടി കൂട്ടക്കൊലയിൽ 246 നിരപരാധികളുടെ ജീവനാണ് പൊലിഞ്ഞത്. സ്ത്രീകൾ, കുട്ടികൾ, വൃദ്ധർ, രോഗികൾ അടക്കമുള്ളവരെ വീടുകളിൽ നിന്നും ബലമായി പിടിച്ചു കൊണ്ടുവന്ന് നിരത്തി നിർത്തി ഡോർറ്റ് പട്ടാളം വെടിവച്ചു കൊന്നു. ഖിലാഫത്ത് നേതാവായിരുന്ന ആലി മുസ്ലിയാരുടെ സ്വാധീന കേന്ദ്രമായിരുന്നു മേൽമുറി. പൂക്കോട്ടൂർ യുദ്ധത്തിൽ കടുത്ത ചെറുത്തുനിൽപ്പ് നടത്തിയ (പൂക്കോട്ടൂർ ഗ്യാങ്ങ്)-ലെ യോദ്ധാക്കളെ കണ്ടെത്താനാണ് പട്ടാളം മേൽമുറി അധികാരത്തൊടി ഭാഗത്ത് വീടുവീടാന്തരമുള്ള തെരച്ചിലുകൾ നടത്തിയത്. വീടുകളിൽ നിന്ന് പ്രായഭേദമന്യേ, ആരോഗ്യസ്ഥിതി പരിഗണിക്കാതെ പുരുഷന്മാരായിട്ടുള്ളവരെ മുഴുവൻ ബലമായി പുറത്തിറക്കി ശബ്ദം കുറഞ്ഞ തോക്ക് ഉപയോഗിച്ച് വെടിവെച്ച് കൊന്നു. സ്ത്രീകളെയും കുട്ടികളെയും പുറത്താക്കി വീടുകൾ അഗ്നിക്കിരയാക്കി. നൂറുക്കണക്കിന് വീടുകളാണ് മേൽമുറി അധികാരിത്തൊടി പ്രദേശത്ത് അഗ്നിക്കിരയായത്. മേൽമുറി ഓപ്പറേഷനെ കുറിച്ച് പ്രമുഖ ചരിത്രപണ്ഡിതൻ എം. ഗംഗാധരൻ എഴുതുന്നു: നാസികൾ നടത്തിയ ചില കൂട്ടക്കൊലകൾക്കും അമേരിക്കൻ സൈനികർ വിയറ്റ്നാമിൽ നടത്തിയ ചില ക്രൂരതകൾക്കും മറ്റും സമാനമായൊരു മനുഷ്യക്കുരുതിയാണ് മേൽമുറിയിൽ 1921 ഒക്ടോബർ 25 നുണ്ടായത്. (അബ്ദു ചെറുവാടി(എഡി) വാഗൺ ട്രാജഡി സ്മരണിക, പുനഃപ്രസിദ്ധീകരണം 1996, കോഴിക്കോട്, പു. 51) നാടിനെ നടുക്കിയ ഈ കൂട്ടക്കൊലയിൽ കീടക്കാട്ട് കുടുംബത്തിലെ രണ്ട് ആളുകളും രക്തസാക്ഷികളായി. മേൽമുറി കോണോംപാറ പള്ളിയാൽ പോക്ക് എന്ന സ്ഥലത്ത് താമസിച്ചിരുന്ന കീടക്കാട്ട് മൊയ്തീനും അദ്ദേഹത്തിന്റെ പൗത്രി 11 വയസ്സുകാരി ഫാത്തിമയുമാണ് പട്ടാള നടപടിയിൽ കൊല്ലപ്പെട്ടത്. (അഭിമുഖം, ഐ. സമീൽ, മാധ്യമം സീനിയർ സബ് എഡിറ്റർ, മലപ്പുറം 06.10.2018)

മേൽമുറി അധികാരിത്തൊടി കൂട്ടക്കൊലയിലുൾപ്പെട്ട കീടക്കാട്ട് കുടുംബത്തെപ്പറ്റിയുള്ള ആദ്യ സൂചന ലഭിക്കുന്നത് യോഗ്യൻ ഹംസ മാസ്റ്റർ രചിച്ച അബ്ദുറഹ്മാൻ കിസ്സപ്പാട്ട് എന്ന ചരിത്ര കാവ്യത്തിൽ നിന്നാണ്. അദ്ദേഹത്തിന്റെ മാതാവ് അരീപ്പുറം പാറക്കൽ ആയിശ സംഭവത്തിന് ദൃക്സാക്ഷിയായിരുന്നു. അന്നവർക്ക് 4 വയസ് പ്രായമായിരുന്നു. ആയിശയുടെ പിതാവ് അഹമ്മദ്കുട്ടി ഹാജിയും എളാപ്പ മൊയ്തീൻകുട്ടി ഹാജിയും ഈ കൊടുംക്രൂരതയുടെ ഇര കളായിരുന്നു. അധികാരിത്തൊടി വട്ടപ്പറമ്പിലെ അരീപ്പുറം പാറക്കൽ കോയക്കുട്ടി ഹാജിയുടെ വീട്ടുമുറ്റത്തെ കല്ലുവെട്ടിക്കുഴിയിൽ 11 പേരെയാണ് മറവു ചെയ്തത്. അരീപ്പുറം പാറക്കൽ അഹ്മദ്കുട്ടി ഹാജി, അനിയൻ മൊയ്തീൻകുട്ടി ഹാജി, കുട്ടിരായിൻ, മരക്കാർ, കോങ്കായൻ അലവി എന്നിവർക്കൊപ്പമാണ് കീടക്കാട്ട് കുടുംബാംഗങ്ങളെ മറവ് ചെയ്തത്. (ഐ സമീൽ, ചരിത്രം കാണാതെ പോയ ഖബറുകൾ, മാധ്യമം വാരിക, പുസ്തകം 21, ലക്കം 1075, ഒക്ടോബർ 8, 2018, പു. 16). 1980ൽ ആണ് രക്തസാക്ഷികളുടെ ഖബറിടം പ്രത്യേകം മതിൽകെട്ടി സംരക്ഷിച്ചത്. അനേകവർഷം യു.എ.ഇ.യിൽ പ്രവാസിയായിരുന്ന അരിപ്പുറം പാറക്കൽ മുഹമ്മദ് ഹാജിയാണ് ഈ ചരിത്രശേഷിപ്പ് സംരക്ഷിക്കാൻ മുൻകൈയെടുത്തത്. അദ്ദേഹത്തിനുണ്ടായ ഒരു സ്വപ്ന ദർശനത്തിന്റെ പൂർത്തീകരണമായിരുന്നു അത്. (അഭിമുഖം, അരീപ്പുറം പാറക്കൽ മുഹമ്മദ്ഹാജി, അധികാരിത്തൊടി, വട്ടപ്പറമ്പ് 06.10.2018). മലബാർ സമരത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രക്തസാക്ഷികളിലൊരാളാണ് കീടക്കാട്ട് ഫാത്തിമ എന്ന 11 വയസ്സുകാരി. സ്വപിതാമഹനെ ബ്രിട്ടീഷ് പട്ടാളം വെടിവെച്ചു കൊല്ലാൻ വീട്ടിൽ നിന്നും ബലമായി പിടിച്ചിറക്കി കൊണ്ടുപോകാനുള്ള ശ്രമത്തെ ജീവൻ ബലി നൽകി അവൾ ചെറുത്തു. പിതാമഹനെ ചുറ്റിപ്പിടിച്ചു നിന്ന ഫാത്തിമയെ വേർപ്പെടുത്താൻ പട്ടാളക്കാർ ആവതും ശ്രമിച്ചു. അവർ തോക്കിന്റെ ചട്ട കൊണ്ട് ഫാത്തിമയെ ഭേദ്യം ചെയ്തു. ഫാത്തിമ കൂടുതൽ ശക്തിയോടെ വല്യുപ്പയെ കെട്ടിപ്പിടിച്ചു. പട്ടാളക്കാർ ഏറെ ബലപ്രയോഗം നടത്തിയിട്ടും ഉശിരുള്ള മോൾ പിതാമഹനെ വിട്ടുകൊടുത്തില്ല. മരിക്കയാണെങ്കിൽ രണ്ടാളും ഒന്നിച്ച് എന്ന് ആ ബാലിക തീ രുമാനിച്ചുറച്ചിരുന്നു. ഡോർസറ്റ് പട്ടാളം ആ വന്ദ്യവയോധികനെയും പൗത്രിയെയും ഒന്നിച്ചു വെടിവച്ചു കൊന്നു. രണ്ട് രക്തസാക്ഷികൾ! ഈ ദാരുണ സംഭവത്തിന് ശേഷം അധികാരത്തൊടിയിൽ നിന്ന് മറ്റ് കുടുംബങ്ങളും മാപ്പിളമാരെ സഹായിച്ചിരുന്ന ഈഴവ കുടുംബവും സ്ഥലം മാറിപ്പോയിരുന്നു.

പൂളക്കേസ്

കൊണ്ടോട്ടി തങ്ങൾ ഒരു ഭാഗത്തും മമ്മദിശയുടെ മക്കൾ മറുഭാഗത്തുമായി നടന്ന ഏറെ ശ്രദ്ധയാകർഷിച്ച കേസ്സാണ് പുളക്കേസ് എന്ന പേരിൽ അറിയപ്പെടുന്നത്. കോളിമാട്കുന്ന്, കുന്നത്ത്പറമ്പ് തുടങ്ങിയ കൃഷി സ്ഥലങ്ങളെക്കുറിച്ചായിരുന്നു 1940ൽ നടന്ന പ്രസ്തുത കോടതി വ്യവഹാരം, അന്നത്തെ സ്ഥാനീയനായ ശൈഖ് മുശ്താഖ് ഷാഹ് എന്ന നസറുദ്ദീൻ തങ്ങൾ കീടക്കാട്ട് പുത്തൻ പീടികക്കി മാദിശയുടെ കുടുംബത്തിനവകാശപ്പെട്ട പ്രസ്തുത കൃഷിയിടങ്ങൾ കാണപാട്ടത്തിന് എടുത്ത പൂളകൃഷി (കപ്പ) നടത്തുകയും ഈ സ്വത്തു വകകൾക്ക് നികുതി ഒടുക്കുകയും ചെയ്തു. അക്കാലത്ത് മലബാർ പ്രദേശങ്ങളിൽ കൃഷി ചെയ്തെങ്കിൽ മാത്രം നികുതി ഒടുക്കേണ്ട അത്തരം പുഞ്ചസ്ഥലങ്ങൾ ഉണ്ടായിരുന്നു. മേപ്പടി വസ്തുക്ക ൾ ഈ ഇനത്തിൽ പെടുന്നതായിരുന്നു. ഈ കൃഷി ഭൂമി കൈവശപ്പെടുത്താനാണ് തങ്ങൾ നികുതി ഒടുക്കിയതെന്ന് ധരിച്ച് മമ്മദിശയുടെ അവകാശികൾ, അവർക്കിടയിലുണ്ടായിരുന്നു തെറ്റിദ്ധാരണയും വടംവലിയും മാറ്റിവച്ച് അവർക്കവകാശപ്പെട്ട ഭൂമി വീണ്ടെടുക്കാൻ യോജിച്ചു. മമ്മദിശയുടെ മക്കളായ കുഞ്ഞറമുട്ടി, കുഞ്ഞഹമ്മദ്, മമ്മതുട്ടി, മൊയ്തീൻ, അവരുടെ സഹോദരീ പുത്രന്മാരായ മമ്മദ് അധികാരി, കെ.എം. കുട്ടി സാഹിബ് (വാഴക്കാട്) തുടങ്ങിയവർ തങ്ങളുടെ അടുക്കൽ പോയി ഒരു കൊല്ലത്തെ കട്ടക്കാണം (പാട്ടം) ആവശ്യപ്പെട്ടു. തങ്ങൾ പാട്ടം കൊടുക്കാൻ വിസമ്മതിച്ചു. പാട്ടം തരാതെ തന്നെ വീണ്ടും കൃഷിയിറക്കുമെന്ന് പറഞ്ഞു. അദ്ദേഹം പ്രസ്തുത പറമ്പുകളിൽ പൂള (കപ്പ) കൃഷിയിറക്കി. പ്രതിനിധി സംഘം ഈ കാര്യത്തെക്കുറിച്ച് പലപ്പോഴും കൊണ്ടോട്ടി തങ്ങളെ കണ്ട് സംസാരിച്ചെങ്കിലും പരിഹാരമുണ്ടായില്ല. ഈ വിഷയത്തിൽ കൊടക്കാടൻ ഹൈദസ്സുകുട്ടി, കോട്ടപത്തൂർ (കോട്ടപാലക്കോടത്ത്) മുഹമ്മദ് ഹാജി തുടങ്ങിയവർ മദ്ധ്യസ്ഥം വഹിച്ചെങ്കിലും ഫലം കണ്ടില്ല. തക്കിയാവിൽ സന്ദർശകർ വരുമ്പോൾ തങ്ങളുടെ മുമ്പിൽ തറയിൽ പായ വിരിച്ചാണ് ഇരിക്കേണ്ടിയിരുന്നത്. മേൽപറഞ്ഞ മമ്മദീശയുടെ അവകാശികളുടെ ചില പ്രവർത്തനങ്ങൾ തങ്ങൾക്ക് ഇഷ്ടപ്പെട്ടില്ല. ഇവർ കൊണ്ടോട്ടി തങ്ങൾ ഇരിക്കുന്ന കസേരക്കടുത്തുള്ള ബെഞ്ചിൽ ഇരുന്നുവത്രെ. ഇത് തങ്ങളുടെ ശുണ്ഠിക്ക് കാരണമാക്കി. മധ്യസ്ഥ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടപ്പോൾ വസ്തുവകളുടെ അവകാശികൾ കോടതിയെ സമീപിച്ചു. കേസ്സിന്റെ ഭാഗമായി അന്നത്തെ തുക്കിടി സായിപ്പ് ക്രിപ്സ് സ്ഥലം സന്ദർശിച്ച് നേരിട്ട് തെളിവെടുപ്പ് നടത്തി. അദ്ദേഹം നെടിയിരുപ്പ് അംശത്തിൽപെട്ട കുന്നത്ത്പറമ്പിലേക്ക് പോകാൻ കുറുപ്പത്ത് ജംഗ്ഷനിൽ കാർ നിർത്തി മണ്ണാരിൽ ഇടവഴിയിലൂടെ കാൽനടയായി സ്ഥലത്തെത്തി. കേസ് വിസ്താരം നടക്കുന്ന വേളയിൽ കോടതി പരിസരത്തും, സ്പോട്ട് എൻക്വയറി നടത്തുന്ന സമയത്ത് പറമ്പിലും വൻ ജനക്കൂട്ടമുണ്ടായിരുന്നു. ഇനാംദാറും നാടുവാഴിയും വലിയൊരു വിഭാഗം ജനങ്ങളുടെ ആത്മീയ നേതാവുമായ കൊണ്ടോട്ടി തങ്ങൾക്കെതിരിലുള്ള കേസ് എന്ന നിലക്ക് ഇത് ബഹുജനശ്രദ്ധയാകർഷിച്ചു. കുന്നത്ത് പറമ്പിൽ തെളിവെടുപ്പ് നടത്തിയതിനു ശേഷം സായ്പ് കോട്ടിയോട് പറമ്പിലേക്ക് പോയി. പരേരി, മൈലാടി, പുളിയംചാൽ, തയ്യിലെപറമ്പ്, കണ്ണൻ കോട്ടുപാറ (ഇന്നത്തെ എയർപോർട്ട്) വഴി ടെർമിനൽ ബിൽഡിംഗിന്റെ വടക്കുഭാഗത്ത് സ്ഥിതി ചെയ്യുന്ന കോട്ടിയാട് പറമ്പിലെത്തി. അവിടെ നിന്നും തെളിവെടുത്ത ശേഷം അടുത്ത ആഴ്ച കേസ് വിധി പറയുമെന്ന് തുക്കിടി സായിപ്പ് പ്രഖ്യാപിച്ചു. രണ്ട് പറമ്പുകളിലും തടിച്ചുകൂടിയവരും അയൽ വീടുകളിലുമുള്ളവരെല്ലാം കൊണ്ടോട്ടി തങ്ങൾക്കനുകൂലമായി സാക്ഷി പറഞ്ഞു. സാക്ഷിമൊഴികൾ ഗുമസ്തൻ രേഖപ്പെടുത്തുമ്പോൾ, അന്യായക്കാരുടെ വക്കീൽ ആയ രാമസ്വാമി, തെളിവ് കൊടുക്കുന്നവരോട് (നിങ്ങൾ കൊണ്ടോട്ടി തങ്ങളുടെ മുരീദ് അല്ലേ?) (നിങ്ങൾ കൊണ്ടോട്ടി തങ്ങളുടെ സേവകരല്ലേ?) തുടങ്ങിയ ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു. എല്ലാവരും (അതെ) എന്ന് ഉത്തരം നൽകി. ഗുമസ്തൻ ഇത് ശ്രദ്ധാപൂർവ്വം കുറിച്ചെടുത്തിരുന്നു. ആ സന്ദർഭത്തിൽ സായിപ്പ് (മുരീദ്) എന്താണെന്ന് വക്കീലിനോട് അന്വേഷിച്ചു. കേസ് വിസ്താര വേളയിൽ വക്കീൽ മുരീദ് എന്നത് ഇങ്ങനെ നിർവചിച്ചു: മുരീദ് എന്നാൽ തങ്ങൾ അദ്ദേഹത്തെ അനുസരിക്കുന്ന ഒരു വ്യക്തമായ പ്രതിജ്ഞാനന്തരം തെരഞ്ഞെടുക്കുന്ന വ്യക്തിയാണ്. അത്തരക്കാർ സർവദാ, തങ്ങളെ അനുസരിക്കുന്നവരും ലൗകികവും പാരത്രികവുമായ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമാണിതെന്ന് അടിയുറച്ച് വിശ്വസിക്കുന്നവരുമാണ്. തങ്ങളുടെ ഇംഗിതത്തിനനുയോജ്യമായി പ്രവർത്തിക്കുന്നവരുമാണ്. തങ്ങളുടെ മുരീദന്മാരുടെ മയ്യിത്ത് സംസ്കരണ വേളയിൽ ഒരു കുപ്പിയിൽ ഒരു ലോഹത്തകിടിൽ ഖബർ ശിക്ഷയിൽ നിന്നും ഒഴിവാക്കി കൊടുക്കുവാൻ തങ്ങളുടെ ശുപാർശ അടങ്ങുന്ന ലിഖിതം അടക്കി ആ കുപ്പി മയ്യിത്തിന്റെ തലഭാഗത്ത് വയ്ക്കുന്ന സമ്പ്രദായം മുരീദന്മാർക്കിടയിലുണ്ടെന്നും സൂചിപ്പിച്ചു. കേസ് വിധി പ്രസ്താവനയിൽ അധിക തെളിവ് (ഓവർ എവിഡൻസ്) കാരണം പൂള (കപ്പ) അന്യായക്കാരുടേതാണെന്ന് തുക്കിടി സായിപ്പ് തീർപ്പ് കൽപ്പിച്ചു. അതിനു ശേഷം മധ്യസ്ഥൻമാർ മുഖേന പൂളക്കൃഷി തങ്ങളോട് തന്നെ വിളവെടുക്കാനും ഭൂമി അന്യായക്കാർക്ക് ഒഴിഞ്ഞുകൊടുക്കാനും അഭ്യർത്ഥിച്ചു. തങ്ങൾ വഴങ്ങിയില്ല. മൂപ്പെത്തിയ പൂള വിളവെടുക്കാൻ അന്യായക്കാർ നാട്ടുകാർക്ക് വിട്ടുകൊടുത്തു. കുഞ്ഞഹമ്മദിന്റെ ഉറ്റ സുഹൃത്തായ കൊടക്കാടൻ കുഞ്ഞഹമ്മത് കുട്ടിയുടെ നേതൃത്വത്തിൽ ഒരു കാളയെ അറുത്ത് മാംസവും നാട്ടുകാർക്ക് വിതരണം ചെയ്തു. അതിന് പ്രതികാരമായി അന്യായക്കാരുടെ നാല് ഏക്കറോളം വരുന്ന തെയ്യത്താൻ പറമ്പിലെ മുഴുവൻ ഇഞ്ചികൃഷിയും തങ്ങളുടെ സിൽബന്ധികൾ കയ്യേറി കിളച്ചെടുത്തു. പലദിക്കുകളിൽ നിന്നും വന്ന മുരീദന്മാർ വിളവുകൾ സ്വന്തമാക്കി. ഏറെ വിവാദം സൃഷ്ടിച്ച പൂളക്കേസ്സ് കൂടുതൽ കുഴപ്പങ്ങളില്ലാതെ അവസാനിച്ചതിൽ ഇരുപക്ഷത്തിന്റേയും ക്രിയാത്മകമായ ഇടപെടലുകൾ ഉണ്ടായിരുന്നു. നസറുദ്ദീൻ തങ്ങളുടെ മരണത്തോടെ ഇത് കടങ്കഥയായി. നാടുവാഴിത്തത്തിനും അധികാര മുഷ്കിനുമെതിരെ കർഷകർ കൃഷിഭൂമി വീണ്ടെടുക്കാൻ വേണ്ടി നടത്തിയ പോരാട്ടമായി ഇതിനെ അടയാളപ്പെടുത്താം. ഉറച്ച ഇച്ഛാശക്തിക്കുമുമ്പിൽ അധികാരത്തിന്റെ കോട്ടകൊത്തളങ്ങൾ ചില്ലുകൊട്ടാരം പോലെ തകർന്നുവീഴുമെന്നത് നിഷേധിക്കാനാവാത്ത ചരിത്രമാണ്. മലബാറിലെ കർഷക സമരങ്ങളുടെ ചരിത്രത്തിൽ അടയാളപ്പെടുത്താതെ പോയ സംഭവമാണിത്.

കരിപ്പൂർ വിമാനത്താവളം

കൊണ്ടോട്ടിക്കും പരിസപ്രദേശങ്ങൾക്കും ലോകമാപ്പിൽ സ്ഥാനം നേടിക്കൊടുത്ത വിമാനത്താവളം യാഥാർത്ഥ്യമാക്കുന്നതിൽ കീടക്കാട്ട് കുടുംബത്തിന് അനിഷേധ്യമായ പങ്കുണ്ട്. കോഴിക്കോട് വിമാനത്താവളത്തെ കുറിച്ചുള്ള ആലോചനകൾ 60-കളിൽ തന്നെ തുടങ്ങിയിരുന്നു. കാളീശ്വരൻ കോഴിക്കോട് ജില്ലാ കളക്ടറായിരുന്ന കാലത്താണ് താവളത്തെക്കുറിച്ച് ഗൗരവമായ ആലോചനകൾ നടക്കുന്നത്. ആദ്യം നിർദ്ദേശിക്കപ്പെട്ട സ്ഥലം ചെറുവണ്ണൂരായിരുന്നു. എ.കെ.ജി ഈ നിർദ്ദേശത്തിനെതിരെ രംഗത്തുവന്നു. കേന്ദ്ര സർക്കാറിന് നിവേദനം നൽകി. നൂറുകണക്കിന് തൊഴിലാളികൾ ജോലി ചെയ്യുന്ന ഓട്ടു കമ്പനികൾ, മരമില്ലുകൾ തുടങ്ങിയവയെ ബാധിക്കുമെന്നായിരുന്നു ചൂണ്ടി കാട്ടിയ പ്രശ്നം. വ്യവസായ തൊഴിലാളികൾ ഒന്നാകെ വിമാനത്താവളത്തിനെതിരെ ഫറോക്ക് കേന്ദ്രീകരിച്ച് അടിക്കടി പ്രക്ഷോഭം നടത്തുമായിരുന്നു. എ.കെ.ജി.യുടെ സമരാഹ്വാനം കാരണം ചെറുവണ്ണൂർ ഉപേക്ഷിക്കപ്പെട്ടു. ഞെളിയം പറമ്പ് (കോഴിക്കോട്) പ്രദേശവും നിർദ്ദേശിക്കപ്പെട്ടെങ്കിലും നടന്നില്ല. 1967-ൽ കോഴിക്കോട് ജില്ലാ കലക്ടർ കാളീശ്വരൻ സ്ഥലത്തിനു വേണ്ടി പരസ്യ പ്രസ്താവന പുറപ്പെടുവിച്ചു. ഈ പ്രസ്താവനയോട് പ്രതികരിച്ചു കൊണ്ട് കീടക്കാട്ട് പുത്തൻ പീടികക്കൽ മമ്മദിശയുടെ മകൾ ഉമ്മത്തികുട്ടിയുടെ മകൻ അഡ്വ. കെ.എം. കുഞ്ഞിമായൻ രേഖാമൂലം കണ്ണംകോട്ടു പാറ എന്ന സ്ഥലം നിർദ്ദേശിച്ചു. കുഞ്ഞി മായൻ അന്നത്തെ പബ്ലിക് പ്രോസിക്യൂട്ടറായിരുന്നു. അഡ്വ. കുഞ്ഞിമായന്റെ കൂടെ വിമാനത്താളം നിലവിൽ വരുന്നതിന് സജീവമായി പ്രവർത്തിച്ചിരുന്നത് കോട്ടപ്പറമ്പിൽ താമസിച്ചിരുന്ന കീടക്കാട്ട് പുത്തൻപീടികക്കൽ മമ്മദ്കുട്ടി സാഹിബായിരുന്നു.

കലക്ടർ കാളീശ്വരൻ സ്ഥലം സന്ദർശിക്കാനെത്തി. മേലങ്ങാടി മങ്ങാട്ട് വരെ വാഹനത്തിൽ വന്ന അദ്ദേഹത്തെ അവിടെ നിന്നും മഞ്ചലിൽ കണ്ണംകോട്ടു പാറയിൽ എത്തിച്ചു. പി.എ.മമ്മദ് അധികാരി, രാഘവൻ നായർ തുടങ്ങിയവർ അദ്ദേഹത്തെ അനുഗമിച്ചു. റൺവേക്ക് വേണ്ടി 6000 അടി അമ്പാട്ട് കുഴി മുതൽ കരിയാത്തൻകുന്ന് വരെ അളന്നു. എയർപോർട്ടിലേക്ക് ആദ്യം അക്വയർ ചെയ്ത ഭൂമിയിൽ മൂന്നിൽ ഒരു ഭാഗവും കീടക്കാട്ട് കുടുംബത്തിന്റേതാണ്. ബങ്കളം : 33 ഏക്കർ, കണ്ണം കോട്ട്പാറ 22 ഏക്കർ, കാളക്കൊളമ്പ് 11 ഏക്കർ, കരിയാതുംകുന്ന് 15 ഏക്കർ, കോട്ടിയാട്ട് 10, കിളിനാട്ട്പറമ്പ് 20 ഏക്കർ, വലിയപറമ്പ് 6 ഏക്കർ, വെങ്കട്ടപ്പറമ്പ് 10 ഏക്കർ, കൊലന്റെകണ്ടി 3 ഏക്കർ, ചോരുപ്പടി 3 ഏക്കർ, മുക്കോളിക്കണ്ടി 6 ഏക്കർ, കൊളത്തിങ്ങൽ പറമ്പ് 9 ഏക്കർ, തയ്യിലതൊട് 5 ഏക്കർ, പുളിയഞ്ചാലിപറമ്പ് 10 ഏക്കർ, മേലെ കൊട്ടക്കാട്ട് 8 ഏക്കർ, പടിഞ്ഞാറെ കൊട്ടക്കാട്ട് 3 ഏക്കർ, കൈനാട് പറമ്പ് അഞ്ചര ഏക്കർ, തെയ്യത്തെ പറമ്പ് 8 ഏക്കർ, മുണ്ടുപറമ്പ് 3 ഏക്കർ, മുള്ള മട 1 ഏക്കർ എന്നിങ്ങനെ 20 നമ്പർ ഭൂമിയാണ് അക്വയർ ചെയ്തത്. (അഭിമുഖം കെ.പി. മുഹമ്മദ് എന്ന ബാപ്പു മാസ്റ്റർ മേലങ്ങാടി). 1970ൽ എയർ പോർട്ടിലേക്ക് ഭൂമി എടുത്തത് സെന്റിന് 35 രൂപ 70 പൈസ വില ഈടാക്കിയാണ്. ഗ്രാമീണസൗന്ദര്യം തുടിച്ചുനിന്ന കൊണ്ടോട്ടി ഒരു നഗരമായി മാറിയത് എയർപോർട്ട് വന്നതോടുകൂടിയാണ്. എയർപോർട്ട് നാടിന്റെ മുഖച്ഛായ മാറ്റി. ഇന്നതൊരു അന്താരാഷ്ട്ര വിമാനത്താവളമാണ്. പ്രത്യക്ഷമായും പരോക്ഷമായും ആയിരക്കണിക്ക് കുടുംബങ്ങൾ ജാതി-മത ഭേദമന്യേ ഇതുകൊണ്ട് ജീവിച്ചു പോകുന്നു. എയർ പോർട്ട് സ്ഥാപിച്ചതോടു കൂടി ഗൾഫ് നാടുകളും ഉത്തര മലബാറുമായുള്ള ദൂരം കുറഞ്ഞു. ഇന്ന് ഗൾഫിൽ പോകുന്നതും വരുന്നതും യാത്രാക്ലേശമില്ലാത്ത ഒന്നാണ്. ചുരുക്കത്തിൽ നാട്ടിൽ നാനാതുറയിലുള്ള പരിവർത്തനങ്ങൾക്ക് തുടക്കമിട്ട - ഗൾഫ് രാജ്യങ്ങളുമായുള്ള ദൂരം കുറച്ച, പാരമ്പര്യ വൈദ്യശാസ്ത്ര സാധ്യതകൾ അന്യനാട്ടിൽ എത്തിക്കുന്നതിൽ തുടങ്ങി, കച്ചവട വ്യാപാര മേഖലയിലും കയറ്റുമതിയിലുമെല്ലാം മലബാറിന് മൊത്തത്തിൽ ഒരു കുതിച്ചുചാട്ടം നടത്താൻ ഏറെ സഹായിച്ചത് കരിപ്പൂർ വിമാനത്താവളമാണ്. അത് ഒരു യാഥാർത്ഥ്യമാക്കുന്നതിൽ ആദ്യകാലത്ത് ഏറെ സംഭാവനകൾ ചെയ്തത് കീടക്കാട്ട് കുടുംബവുമാണ്.

കീടക്കാട്ട് കുടുംബത്തിന്റെ വ്യാപനം

മമ്മദിന്റെ പുത്രൻമാരായ അഹമ്മദ്, കുഞ്ഞറമുട്ടി എന്നീ രണ്ട് പുത്രന്മാരിലൂടെയാണ് കീടക്കാട്ട് കുടുംബത്തിന്റെ ശാഖകൾ വളർന്നു പന്തലിച്ചത്. കീടക്കാട്ട് കുടുംബത്തിൽപ്പെട്ടവർ വയനാട്ടിലെ നെല്ലിയമ്പം, കമ്പളക്കാട്ട്, കണിയാമ്പറ്റ, കരണി, പാലുകുന്ന്, മുത്തങ്ങ, കോഴിക്കോട് ജില്ലയിലെ കാരപ്പറമ്പ്, കണ്ണാടിക്കൽ, കൊയിലാണ്ടി, നടുവണ്ണൂർ, മാങ്കാവ്, അരിക്കുളം, കോഴിക്കോട് കോർപ്പറേഷൻ, ചാലപ്പുറം, കോട്ടുളി, താമരശ്ശേരി, ചെറുവണ്ണൂർ, ഫറോക്ക്, കരുവൻതിരുത്തി മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി, കരിപ്പൂർ, നെടിയിരുപ്പ്, പള്ളിക്കൽ, ചേലേമ്പ്ര, വാഴയൂർ, ചെറുകാവ്, പുളിക്കൽ, ആന്തിയൂർകുന്ന്, വാഴക്കാട്, അരീക്കോട്, മലപ്പുറം, മഞ്ചേരി, കാവനൂർ, കൽപകഞ്ചേരി, കോണോംപാറ, പൂക്കോട്ടൂർ, ആനക്കയം, തിരൂർ, കരുളായി, എടക്കര, കുറ്റിപ്പാല, ശാന്തിഗ്രാം, വളാഞ്ചേരി, മേലങ്ങാടി, കുറുപ്പത്ത്, പെരുവള്ളൂർ തുടങ്ങി പല സ്ഥലങ്ങളിലായി വ്യാപിച്ചുകിടക്കുന്നു. ഇതിൽപ്പെട്ട ശാഖകളുടെ ലഘു ചരിത്രമാണ് വിവരിക്കാനുദ്ദേശിക്കുന്നത്.

തയ്യിൽ തറവാട്

കുടുംബസ്വത്തായ പുത്തൻപീടിക തറവാടിന്മേലുള്ള അവകാശം മൂത്ത മകൻ മമ്മദ് കൊണ്ടോട്ടി തങ്ങൾക്ക് പണയം നൽകി. അങ്ങനെ പുത്തൻ പീടിക കൊണ്ടോട്ടി തങ്ങളുടെ അധീനത്തിലായി. തുടർന്നു കുഞ്ഞറമുട്ടിയുടെ മക്കൾ അറുപത് ഏക്കറോളം വരുന്ന തയ്യിൽ പറമ്പിലേക്ക് താമസം മാറ്റി. കൊണ്ടോട്ടി തങ്ങളായിരുന്ന ഇഷ്തിയാഖ് ശാഹ് രണ്ടാമന്റെ കാലത്താണ് കീടക്കാട്ട് കുടുംബവും തങ്ങന്മാരുമായുള്ള ബന്ധത്തിൽ വിള്ളൽ വീഴുന്നത്. മമ്മദീശ്ശയാണ് തയ്യിൽ പള്ളി ഉണ്ടാക്കിയത്. ജുമുഅ നിസ്കാരത്തിൽ 12 പേർ മതിയെന്ന ഫത്‌വ (മതവിധി) പൊന്നാനി മഖ്ദൂം നൽകി. മമ്മദീശ്ശ ഇഷ്തിയാഖ് ശാഹ് രണ്ടാമന്റെ കാര്യദർശിയായി 1903 വരെ തുടർന്നു. (മലപ്പുറം സ്പെഷ്യൽ അസിസ്റ്റന്റ് മജിസ്ട്രേറ്റ് കോടതിയിൽ ഫയൽ ചെയ്ത കേസ് നമ്പർ 37/1901 സമർപ്പിച്ച സാക്ഷിമൊഴി). 1936ൽ മമ്മദീശ്ശ മരണപ്പെട്ടു. ഫഖീർ മുഹമ്മദ് ശാഹിനോട് കീടക്കാട്ട് കുടുംബകാരണവന്മാർക്കുണ്ടായിരുന്ന ആദരവിന്റെ സൂചനയാണ് മുഹമ്മദിശ (മമ്മദീശ) എന്ന പേര് കുടുംബത്തിൽ തലമുറകളോളം നിലനിന്നു പോരുവാൻ ഹേതുവായത്. കൊണ്ടോട്ടിയിലെ ആദ്യത്തെ മത്സ്യമാർക്കറ്റ് 1935ൽ മമ്മദിശ നിർമ്മിച്ചതാണ്. നൂറുകണക്കിന് സാധാരണക്കാരുടെ ജീവിതോപാധിയായിരുന്നു മാർക്കറ്റ്. 1921ലെ ലഹള കാലത്ത് പലരെയും സംരക്ഷിക്കുന്നതിന് തയ്യിൽപറമ്പിൽ ടെൻഡുകൾ സ്ഥാപിച്ച് അവരുടെ സംരക്ഷണം ഏറ്റെടുക്കുകയും ഭക്ഷണം നൽകുകയും ചെയ്തു. തയ്യിലെ കുടുംബപള്ളി 1917ൽ മമ്മദീശ്ശ സ്ഥാപിച്ചതാണ്. കൊണ്ടോട്ടിയിലെ ജുമുഅത്ത് പള്ളികളിൽ അഞ്ചാമത്തേതാണ് തയ്യിലെ പള്ളി. പള്ളിയോടനുബന്ധിച്ച് സ്ഥാപിച്ച ഓത്തുപള്ളിയിൽ കുടുംബാംഗമായ പ്രമുഖ പണ്ഡിതൻ ഉണ്ണിപ്പോക്കർ ഹാജിയായിരുന്നു ആദ്യ ഉസ്താദ്. തുടർന്ന് വീരാൻ മൊല്ലാക്ക, അലവി മുസ്ലിയാർ, ചേക്കു മുസ്ലിയാർ തുടങ്ങിയവർ അവിടെ സേവനമനുഷ്ഠിച്ചു. കിഴിശ്ശേരിയിലെ നെടുവൻ പാടമായിരുന്നു മുഖ്യ കൃഷിയിടം.

വെണ്ണങ്കോട് തറവാട്

കീടക്കാട്ട് കുഞ്ഞറമുട്ടി (Vll) യുടെ രണ്ടാം ഭാര്യയായ മാടശ്ശേരി പൊക്കാട്ട് ഏനുദ്ദീൻ കുട്ടി മകൾ ഇണ്ണിപ്പാത്തുമ്മയിലുള്ള മകനും തയ്യിൽ മമ്മദിശ്ശയുടെ അനുജനുമാണ് വെണ്ണക്കോട് താമസിച്ചി രുന്ന കീടക്കാട്ട് അഹമദ്കുട്ടി (ജനനം 1874). കാളപൂട്ടു കമ്പക്കാരനും ചതുരംഗം കളിക്കാരനുമായിരുന്നു അദ്ദേഹം. അഹമദ് കുട്ടി കാളപൂട്ടിനു വേണ്ടി ധാരാളം ധനം വ്യയം ചെയ്തു. സ്വത്തുക്കൾ പലതും അന്യാധീനപ്പെട്ടു. പൗരപ്രമുഖനും വലിയ ഭൂവുടമയുമായിരുന്ന അഹമ്മദ്കുട്ടി പരോപകാരിയും ഉദാരമനസ്കനുമായിരുന്നു. ഉറ്റവർക്കും ഉടയവർക്കും വേണ്ടി ധനം ചെലവഴിക്കുന്നതിൽ അഹമ്മദ്കുട്ടി അശേഷം പിശുക്ക് കാണിച്ചില്ല. എണ്ണ ആട്ടുന്ന ചക്ക് ആദ്യമായി വെണ്ണേങ്കോട് സ്ഥാപിച്ചത് അദ്ദേഹമാണ്. കാളപൂട്ട്, ചതുരംഗം, ഫുട്ബോൾ, കോൽക്കളി എന്നിവയിൽ തൽപരനായിരുന്നു. ആശാരിക്കുന്ന്, തച്ചത്ത്പറമ്പ് എന്നീ സ്ഥലങ്ങളിൽ ഓത്തുപള്ളികൾ സ്ഥാപിച്ചു. ഭാര്യ കടക്കോട്ടിരി പരീക്കുട്ടി മകൾ ആയമ്മക്കുട്ടി, പാത്തൈ അഹമ്മദ് കുട്ടിയുടെ മക്കൾ കുഞ്ഞറമുട്ടി, ആയമ്മ, മമ്മദ്കുട്ടി, അലവിക്കുട്ടി എന്ന ബാവ, മൊ, കുഞ്ഞിപ്പാത്തുട്ടി, ഇത്തിക്കൂട്ടി ഉമ്മ ആസ്യ കുഞ്ഞറമുട്ടിയുടെ ഭാര്യ വാകേരി ഉയത്തിക്കുട്ടി, ആയമ്മയുടെ ഭർ ത്താവ് അലി, മമ്മദുകുട്ടിയുടെ ഭാര്യ ആനപ്ര കദീശുമ്മ വെണ്ണങ്കോട് കുഞ്ഞറമുട്ടിയുടെ മക്കൾ: അഹമ്മദ്കുട്ടി, അലവിക്കു ടി, വീരാൻകുട്ടി, ആയമ്മ, കുഞ്ഞാത്തു, ആമിനക്കുട്ടി മമ്മദ്കുട്ടിയുടെ മക്കൾ: അബൂബക്കർ, കുഞ്ഞാത്തു, ഹുസ്സയിൻ, പാത്തു, കുഞ്ഞിമുഹമ്മദ്, ആയിഷാബി. അലവിക്കുട്ടി എന്ന ബാവയുടെ ഭാര്യമാർ കദീസാബി പാറക്കണ്ടി, മണക്കടവൻ ആയമ്മ മക്കൾ ഇമ്പിച്ചിക്കോയ, ആമിന. മൊയ്തുവിന്റെ ഭാര്യ ഖദീജ. മക്കൾ: അഹമ്മദ്കുട്ടി, സുഹ്റ, റസിയ, സൈനബ, അബ്ദുൽ ലത്തീഫ്, സാഹിറ, സിദ്ധീഖ്, റജീന, ഹാജറ

കീടക്കാട്ട് കുടുംബം കരിപ്പൂരിൽ

കുഞ്ഞറമുട്ടി ആറാമന്റെ മകൻ മമ്മദിന്റെ സഹോദരൻ അഹ മ്മദ് കരിപ്പൂരിലെ തെക്ക് വീട്ടിലേക്ക് താമസം മാറ്റി. മൂന്ന് മക്കളാണ് ഉണ്ടായിരുന്നത്. അബ്ദുറഹിമാൻകുട്ടി, ചേക്കുട്ടി, വീരാൻ. കീടക്കാട്ട് കുടുംബശാഖകൾ കൊളത്തൂരിലും കരിപ്പൂരിലും വ്യാപിച്ചു. അബ്ദുറഹിമാൻ കുട്ടിയുടെ മക്കളാണ് കളത്തുങ്ങക്കണ്ടി വീരാൻകുട്ടി, കാവു കണ്ടി മൊയ്തീൻകുട്ടി, മമ്മദ് കുട്ടി എന്നിവർ. തെക്ക് വീട്ടിൽ ചേക്കുട്ടിയുടെ മകനാണ് കുഞ്ഞറമുട്ടി വെള്ളാര, വീരാന്റെ മകനാണ് അബ്ദുറഹിമാൻകുട്ടി മൊല്ല. അഹമ്മദിന്റെ മകൻ തെക്ക് വീട്ടിൽ ചേക്കുട്ടിയുടെ മകൻ കുഞ്ഞറമുട്ടിയുടെ കാലത്താണ് ആഞ്ചറക്കൽ ചെറിയപള്ളിക്ക് (രാമഞ്ചിറ പള്ളി) മമ്പുറം സയ്യിദ് അലവി തങ്ങൾ തറക്കല്ലിട്ടത്. 200 വർഷ ങ്ങൾക്ക് മുമ്പ് ഈ പള്ളി സ്ഥാപിതമായി. (ഡോ. സി.കെ. കരീം, കേരള മുസ്ലിം ചരിത്രം, സ്ഥിതി വിവരണ കണക്ക്, ഡയറക്ടറി വാല്യം 2, കൊച്ചി 1991, പു. 351) മമ്പുറം തങ്ങളുടെ മരണം 1844-ൽ ആണ്. പള്ളി നിർമാണത്തിന് കുഞ്ഞറമുട്ടി നേതൃത്വം നൽകി. പൂർവ്വികരുടെ പാത പിന്തുടർന്നാണ് കീടക്കാട്ട് കുഞ്ഞറമുട്ടി (വെള്ളാർ) ആഞ്ചിറക്കൽ ചെറിയ പള്ളിക്ക് സയ്യിദ് അലവി മമ്പുറം തങ്ങളെ കൊണ്ട് തറക്കല്ലിടിച്ചത്. കരിപ്പൂർ (വെള്ളാർ) ഭൂപ്രദേശം വിശാലമായി പരന്നു കിടക്കുന്ന സഥലമായിരുന്നു. അടുത്തൊന്നും നിസ്കാരപ്പള്ളി കളുണ്ടായിരുന്നില്ല. അതിനെത്തുടർന്നു സൗകര്യപ്രദമായ ആഞ്ചിറക്കൽ പള്ളി കുഞ്ഞറമുട്ടി മുൻകൈ എടുത്ത് സ്ഥാപിക്കുകയായിരുന്നു പ്രസ്തുത പള്ളിയുടെ പരിസരത്താണ് അദ്ദേഹത്തിന്റെയും കുടുംബാംഗങ്ങളെയും ഖബറിടങ്ങളുളളത്.തെക്കുവീട്ടിൽ തറവാട് ആദ്യമായി ഉണ്ടായ മാളികവീടാണ്. അറുപതോളം നമ്പർ ഭൂമികൾ കീടക്കാട്ട് കുടുംബത്തിന്റെ കൈവശമുണ്ടായിരുന്നു.

കീടക്കാട്ട് കുഞ്ഞറമുട്ടിയുടെ കുടുംബത്തിന്റെ കൃഷി സ്ഥലങ്ങൾ ഉഴുതുമറിക്കുന്നതിനാ വശ്യമായ കാലികൾ, അവർക്കാവശ്യമായ സൗകര്യങ്ങളും തെക്കുവീട്ടിൽ പ്രത്യേകമായി ഉണ്ടായിരുന്നു. വഴിപോക്കന്മാർക്ക് തെക്കുവീട്ടിൽ നിന്ന് ഭക്ഷണം നൽകുക പതിവായിരുന്നു. ജനസേവനത്തിൽ അതീവ താല്പര്യം കാണിച്ചിരുന്ന പൂർവ്വികരുടെ ചരിത്രമാണ് കീടക്കാട്ടുകാർക്ക് പറയാനുള്ളത്. സ്വാതന്ത്ര്യസമരത്തിന് നേതൃത്വം നൽകിയ മമ്പുറം തങ്ങളുടെ അനുയായികളായതിനാൽ നികുതിയടക്കാത്ത ഭൂസ്വത്തുക്കൾ അധികാരികൾ പിടിച്ചടക്കുകയും ചെയ്തതുകൊണ്ട് കീടക്കാട്ട് കുടുംബത്തിന്റെ പിന്മുറക്കാർക്ക് ഭൂമികളിലേറെയും നഷ്ടമായി. കൊണ്ടോട്ടി ഫർക്കയിലെ പ്രധാന കുടുംബങ്ങളുമായിട്ടായിരുന്നു കീടക്കാട്ട് കുടുംബം ബന്ധം വച്ചിരുന്നത്. ഉദാഹരണം കോട്ടനെടി യിരുപ്പ്, പുല്ലിത്തോടി, കഴുങ്ങുംതോടൻ, നെയ്യൻ എന്നീ കുടുംബങ്ങളുമായിട്ടായിരുന്നു. മോനുദ്ദീൻ മുസ്ലിയാർ, അഹമ്മദ് ഹാജി എന്നിവർ നെയ്യൻ കുടുംബത്തിൽ നിന്നാണ് വിവാഹബന്ധം നടത്തിയത്. ചപ്പങ്ങ (പതിമുകം) കയറ്റുമതിയിലൂടെ പേര് ചേർക്കപ്പെട്ട ചപ്പങ്ങതൊടു എന്ന സ്ഥലപേരിലുള്ള പറമ്പ് ഇന്നും കീടക്കാട്ട് കുടുംബത്തിന്റെ കൈവശമുണ്ട്. കർണ്ണാടകത്തിൽ ടിപ്പുവിന് ബന്ധമുള്ള ആളുകളുടെ പേരിൽ നിന്നാണ് ചേക്കു എന്ന പേര് വരുന്നത്. ടിപ്പു സുൽത്താനുമായുള്ള ബന്ധം കൊണ്ടാണ് നമ്മുടെ കുടുംബത്തിലും ഈ പേരുവന്നത്.

തെക്കുവീട്ടിൽ തറവാട്

കീടക്കാട്ട് തെക്കുവീട്ടിൽ ചേക്കുട്ടി

കീടക്കാട്ട് കുടുംബത്തിൽ വളരെ പ്രസിദ്ധനായിരുന്ന കുഞ്ഞറമുട്ടി(വെള്ളാര)യുടെ മൂത്ത മകൻ ചേക്കുട്ടി വെള്ളാരതെക്കുവീട്ടിൽനിന്ന് തൊട്ടടുത്തുള്ള ചാക്കാലക്കണ്ടി എന്ന പറമ്പിലേക്ക് താമസം മാറ്റിയതോടെ ചാക്കാലക്കണ്ടി മേലെ തെക്കുവീട് ആവുകയും മേലെ തെക്കുവീട്ടിൽ ചേക്കുട്ടി എന്ന് അറിയപ്പെടുകയും ചെയ്തു. ചേക്കുട്ടിക്ക് മൂന്ന് ഭാര്യമാരിലായി എട്ട് മക്കളുണ്ടായിരുന്നു. ഒന്നാം ഭാര്യയിലുണ്ടായിരുന്ന കുഞ്ഞഹമ്മദ്, ഫരീതുമ്മ. രണ്ടാം ഭാര്യയിൽ കുഞ്ഞറമുട്ടി, ആയമക്കുട്ടി, ഫാത്തിമ. മൂന്നാം ഭാര്യയിൽ മമ്മദ്, കദീസക്കുട്ടി, മുഹമ്മദ്കുട്ടി. ഇതിൽ ഫരീതുമ്മയെ നെടിയിരുപ്പ് കോട്ട കുടുംബത്തിലേക്കും, ആയമ്മക്കുട്ടിയെ ചെർള (തറയിട്ടാൽ) കിണറ്റുംകണ്ടി തറവാട്ടിലേക്കും, ഫാത്തിമയെ പുല്ലുതൊടിക കുടുംബത്തിലേക്കും, കദീസക്കുട്ടിയെ അത്തിക്കാവിൽ കുടുംബത്തിലേക്കുമാണ് വിവാഹം ചെയ്തുകൊടുത്തത്. ആ കാലഘട്ടത്തിൽ മമ്പുറം തങ്ങന്മാരുമായി ചേക്കുട്ടിയുടെ പിതാമഹന്മാർ നിലനിർത്തി പോന്നിരുന്ന സൗഹാർദ്ദം ചേക്കുട്ടിയും തുടർന്നുപോന്നു. മമ്പുറം തങ്ങന്മാരുമായുള്ള അടുപ്പവും ബന്ധവും ചേക്കുട്ടിയെ ബ്രിട്ടീഷ് വിരോധിയാക്കി. സഹോദര പുത്രൻ കീടക്കാട്ട് മോനുദ്ദീൻ മുസ്ലിയാരുമൊന്നിച്ച് അദ്ദേഹം ഇസ്ലാമിക ദഅവാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്നു. തിരൂരങ്ങാടി മുതൽ കൊണ്ടോട്ടി വരെയുള്ള ഉൾപ്രദേശങ്ങളിൽ ചേക്കുട്ടിയും സഹോദരപുത്രൻ മോനുദ്ദീൻ മുസ്ലിയാരും മതപ്രഭാഷണ വേദികൾ തന്നെ സംഘടിപ്പിക്കാറുണ്ടായിരുന്നു. അത്തരം വേദികളിൽ പ്രഭാഷകനെ കൂടാതെ സ്റ്റേജിൽ ചേക്കുട്ടി മാത്രമേ ഇരിക്കാറുണ്ടായിരുന്നുള്ളൂ. പഴയ ആധാര പ്രകാരം വൻ ഭൂസ്വത്തിന്റെ ഉടമയായിരുന്നു ചേക്കുട്ടി കരിപ്പൂർ പ്രദേശത്തെ ആദ്യത്തെ മാളികപ്പുര ചേക്കുട്ടി നിർമ്മിച്ച ഇരുനിലവീടായിരുന്നു. ദാരിദ്ര്യം നിറഞ്ഞുനിന്നിരുന്ന അക്കാലത്ത് മേലെ തെക്കുവീട് ഒരു അന്നദാന കേന്ദ്രമായിട്ടാണ് അറിയപ്പെട്ടിരുന്നത്. അനവധി വഴിയാത്രക്കാരും അഗതികളും അശരണരും അടക്കം അനേകം പേർ ഭക്ഷണം കഴിക്കാൻ ചേക്കുട്ടിയുടെ വീട്ടിൽ ഉണ്ടാകുമായിരുന്നു. സ്വന്തം കൃഷിയിടങ്ങളിൽ നിന്ന് കിട്ടുന്ന നെല്ലിനു പുറമെ മറ്റ് കൃഷിക്കാർ പാട്ടമായി നൽകുന്ന നെല്ല് ചേക്കുട്ടിക്ക് വരുമാനമായി കിട്ടിയിരുന്നു. കൃഷിക്കാവശ്യമായ സ്ഥലം ഉഴുതുമറിക്കുന്നതിനുള്ള ഊർച്ച കാളകളെ പോറ്റിയിരുന്നു. വൻഭൂസ്വത്തിന്റെയും സമ്പത്തിന്റെയും ഉടമയായിരുന്നെങ്കിലും പിൽക്കാലത്ത് അദ്ദേഹത്തിന്റെ മക്കൾക്ക് അത് വേണ്ടത്ര അനുഭവിക്കാനുള്ള ഭാഗ്യം ഉണ്ടായില്ല. ബ്രിട്ടീഷുകാരുടെ എതിരാളി എന്ന നിലയിൽ നികുതി പിരിക്കാൻ വന്ന ഉദ്യോഗസ്ഥൻ മോശമായി പെരുമാറിയപ്പോൾ അദ്ദേഹത്തെ മർദ്ദിക്കുകയും ഫയലുകൾ വാരിതോട്ടിലേക്ക് എറിയുകയും നികുതിയടക്കാൻ വിസമ്മതിക്കുകയും ചെയ്തതിന്റെ പേരിൽ ഭൂസ്വത്തുക്കൾ അന്യാധീനപ്പെട്ടു. എന്നാൽ ഇത് കൊണ്ടുണ്ടായ നഷ്ടം ചേക്കുട്ടിയുടെ ആൺമക്കളാണ് അനുഭവിക്കേണ്ടി വന്നത്. പെൺമക്കളെ നേരത്തെ ധനാഢ്യരുടെ തറവാടുകളിലേക്ക് വിവാഹം ചെയ്തയച്ചിരുന്നു. മലബാർ കലാപവും കുടുംബസ്വത്ത് അന്യാധീനപ്പെട്ടതും തൊഴിലില്ലായ്മയും കാരണം മക്കളായ കുഞ്ഞറമുട്ടി, മമ്മദ്, കുഞ്ഞഹമ്മദ് എന്നിവർ വയനാട്ടിലേക്ക് മാറിത്താമസിക്കേണ്ടി വന്നു. കീടക്കാട്ട് കുടുംബത്തിന്റെ വയനാട് ചരിത്രത്തിന് അത് തുടക്കമായി. (കരിപ്പൂർ അത്തിക്കാവിൽ മുഹമ്മദ് എന്ന ചെറിയാപ്പു ഹാജിയും, അറക്കൽ അബൂബക്കർ ഹാജിയുമായും 10.08.2018ന് ചേക്കു കരിപ്പൂർ നടത്തിയ അഭിമുഖം). കരിപ്പൂരിലെ തെക്ക് വീടും, മേലെ തെക്കുവീടും ഇന്നും കീടക്കാട്ട് കുടുംബത്തിന്റെ കൈവശം തന്നെയാണ്. ചേക്കുട്ടിയുടെയും അഹമ്മദിന്റെയും പിൻമുറക്കാർ അവിടെ താമസിക്കുന്നുണ്ട്. മലബാർ കലാപകാലത്ത് കെ.എം. മൗലവിയുടെ അജ്ഞാതവാസം തെക്കുവീട്ടിലും കരിപ്പൂരിലുള്ള ലാമൻചിറ പള്ളിയിലുമായിരുന്നു. അദ്ദേഹത്തിന് ഭക്ഷണവും സംരക്ഷണവും നൽകിയിരുന്നത് പ്രശസ്ത ചരിത്രകാരൻ കെ.കെ. മുഹമ്മദ് അബ്ദുൽ കരീമിന്റെ പിതാവും, അദ്ദേഹത്തിന്റെ സഹോദരൻ മോനുദ്ദീൻ മുസ്ലിയാരും, ചേക്കുട്ടിയുടെ പിതാവ് കുഞ്ഞറമുട്ടിയുമായിരുന്നു. (കെ.എം. മൗലവി ജീവചരിത്രം, കോഴിക്കോട് പുറം 85). കുഞ്ഞറമുട്ടിയും ചേക്കുട്ടിയും എന്നപേര് തലമുറകളായി കീടക്കാട്ട് കുടുംബത്തിൽ നിലനിൽക്കുന്നു.

കീടക്കാട്ട് തെക്കുവീട്ടിൽ അഹമ്മദ് ഹാജി

തെക്ക് വീട്ടിൽ കുഞ്ഞറമുട്ടിയുടെ രണ്ടാമത്തെ മകനായ അഹമ്മദ് ഹാജി 1907ൽ ഹജ്ജിനായി പുറപ്പെട്ടു. പിതൃവ്യപുത്രനായ പ്രശസ്ത സൂഫിവര്യൻ ഉണ്ണിപ്പോക്കർ ഹാജിയെയും കൂടെക്കൂട്ടിയിരുന്നു. ഹജ്ജും മദീനയാത്രയും കഴിഞ്ഞ് തിരിച്ചുവരുമ്പോൾ ജിറാനത്ത് എന്ന സ്ഥലത്ത് വച്ച് അഹമ്മദ് ഹാജി മരണപ്പെട്ടു. മയ്യിത്ത് മക്കയിൽ ഖബറടക്കി. അഹമ്മദ് ഹാജി വൻ ഭൂസ്വത്തിനുടമയായിരുന്നു. കരിപ്പൂർ (വെള്ളാര), കൊളത്തൂർ, കുമ്മിണിപ്പാറ, കണ്ണംകോട്ടുപാറ തുടങ്ങിയ വിശാലമായി പരന്ന് കിടക്കുന്ന സ്ഥലങ്ങളിൽ നല്ലൊരു ഭാഗവും അഹമ്മദ് ഹാജിയുടെ സ്വത്തുക്കളായിരുന്നു. പാലിശ്ശേരി, കുറ്റിയാട, ഒടിയിൽകണ്ടം, പുളിയംതടം, തൊട്ടി എന്ന പുളിയംതടം, പുളിയത്ത്കണ്ടി എന്ന് പറയുന്ന പുളിയംതടത്തിൽ, ഉണ്ണിയാലക്കൽ ഊഴപറമ്പ്, പൊട്ടം കാട്പറമ്പ്, പള്ളിയാളി, കുമ്മിണിപ്പാറ ഊഴപ്പറമ്പ്, തെഞ്ചീരി, പുതുക്കുടി, എടക്കുത്ത്, വളപ്പിൽ, തേക്കുംകാട്, തെക്കെവളപ്പ് പറമ്പ് തുടങ്ങിയ ഭൂമികൾ അഹമ്മദ് ഹാജിയുടെ കൈവശമായിരുന്നു (ഫയൽ നമ്പർ 387, 303/1909, 402, 405, 48, 127/1909. കൊണ്ടോട്ടി സ.റ 1899 റജി.നമ്പർ 182/1899 ജനുവരി 30). അഹമ്മദ് ഹാജിക്ക് ഒൻപത് മക്കളുണ്ടായിരുന്നു. കുഞ്ഞറമുട്ടി, ഹൈദ്രോസ്, കുഞ്ഞഹമ്മദ്കുട്ടി ഹാജി, അബ്ദുറഹിമാൻകുട്ടി, ബീരാൻകുട്ടി, അബൂബക്കർകുട്ടി, പാത്തുമ്മകുട്ടി, കുഞ്ഞിപ്പാത്തുമ്മ, പാത്തുമുണ്ണി എന്നിവരാണവർ.

കീടക്കാട്ട് തെക്കുവീട്ടിൽ കുഞ്ഞറമുട്ടി

അഹമ്മദ് ഹാജിയുടെ മൂത്ത മകനായ കുഞ്ഞറമുട്ടി നാട്ടുകാരണവരായിരുന്നു. ഇദ്ദേഹം എടക്കുത്തായിരുന്നു താമസം. പിതാവിന്റെ പാത പിന്തുടർന്ന് പ്രൗഢിയോടെ ജീവിച്ചിരുന്ന അദ്ദേഹത്തിന്റെ ചെരുപ്പും വെള്ളി കെട്ടിയ വടിയും കൗതുകമായിരുന്നു. കൊണ്ടോട്ടി ഇശ്തിയാഖ് ശാഹ് തങ്ങളുടെ കാര്യദർശിയായിരുന്ന കുഞ്ഞറമുട്ടി ആകാരവടിവുള്ള ശരീരപ്രകൃതിക്കാരനായിരുന്നു. ധൈര്യശാലിയായ അദ്ദേഹം എല്ലാവരോടും സ്നേഹത്തോടെ പെരുമാറുമായിരുന്നു. മക്കൾ: അയമുദു കുറിയേടം, മുഹമ്മദ് എടക്കുത്ത്, അലവി മാനു, അദ്ദേഹത്തിന്റെ കുടുംബം എടക്കരയിൽ താമസം, ബിച്ചിപ്പാത്തു (ഭർത്താവ് താഴത്തെ പള്ളിയാളി പോക്കർ), ബീവാത്തുമ്മ (ഭർത്താവ് ഹസ്സൻകുട്ടി പൂന്തല, മൊറയൂർ), പാത്തുമ്മുണ്ണി (ഭർത്താവ് കുടുക്കിൽ പെരുമ്പിലാ വിൽ കുഞ്ഞഹമ്മദ്), പാത്തുമ്മു (ഭർത്താവ്: കോപ്പിലാൻ ആലി, കൊളത്തൂർ). ഫാത്തിമക്കുട്ടി (ഭർത്താവ് കീടക്കാട്ട് കാവുങ്ങൽ കണ്ടിയിൽ ബീരാൻകുട്ടി മുസ്ലിയാർ). അഹമ്മദിന്റെ രണ്ടാമത്തെ മകനാണ് ഹൈദ്രോസ് കരിപ്പൂർ. വളപ്പിൽ താമസം. ഇദ്ദേഹവും നാട്ടുകാരണവരായിരുന്നു. ഭാര്യ: കോപ്പിലാൻ ചെനെപ്പുറത്ത് കദിയക്കുട്ടി. വെള്ളാര് പ്രദേശത്തെ ഒട്ടുമിക്ക കൃഷിയിടങ്ങളും ഹൈദൂസിന്റെ കൈവശമായിരുന്നു. കൃഷിയിൽ അതീവ താൽപര്യം കാണിച്ചിരുന്നു. ഓരോ വർഷവും വിളവെടുക്കുമ്പോൾ ആവശ്യങ്ങൾ കഴിഞ്ഞുള്ള നെല്ല് മറ്റുള്ളവർക്ക് എത്തിച്ചു കൊടുക്കുമായിരുന്നു. മക്കൾ: മൂസക്കുട്ടി വയനാട്, മുഹമ്മദ്കുട്ടി വളപ്പിൽ, അഹമ്മദ്, അബൂബക്കർ, കുഞ്ഞാച്ചുട്ടി, പാത്തുമ്മു, പാത്തുമ്മുണ്ണി. അഹമ്മദ് ഹാജിയുടെ മൂന്നാമത്തെ മകനാണ് കുഞ്ഞഹമ്മദ്കുട്ടി ഹാജി. കരിപ്പൂർ തെക്കുവീട്ടിൽ താമസം: നാട്ടിലെ കാരണവരും പൊതുകാര്യ പ്രസക്തനുമായിരുന്നു. മക്കളില്ല. നാലാമത്തെ മകനായ അബ്ദുറഹി മാൻകുട്ടി പള്ളിക്കരയിലാണ് താമസിച്ചിരുന്നത്. മക്കൾ - അഹമ്മദ് ഹാജി പള്ളിക്കര. പാത്തുമ്മു (കുമ്മിണിപറമ്പ്), പാത്തുമ്മക്കുട്ടി (പരുത്തിക്കോട്), പാത്തുമുണ്ണി (കൊണ്ടോട്ടി കുട്ടൻ കാവിൽ) അഹമ്മദാജിയുടെ അഞ്ചാമത്തെ മകനായ ബീരാൻകുട്ടി കരിപ്പൂർ കൊടമ്പാട്ട്കുഴിയിൽ താമസം: മക്കൾ അയമുദു, വീരാൻ, മുഹമ്മദ്കുട്ടി. അഹമ്മദാജിയുടെ ഇളയപുത്രനായ അബൂബക്കർകുട്ടി, കരിപ്പൂർ തേക്കുംകാട്ടിൽ താമസം: മക്കൾ-അഹമ്മദ് ഹാജി, അബ്ദുറഹിമാൻ, അബ്ദുൽ അസീസ്, പാത്തുമ്മ, നബീസ, ചുത്ത, പാത്തുമ്മുണ്ണി, മറിയം എന്നിവർ. അഹമ്മദ് ഹാജിയുടെ മകളായ കു ഞ്ഞിപ്പാത്തുട്ടിയുടെ ഭർത്താവ് നാടകശ്ശേരി മൊയ്തീൻകുട്ടി ചേലേമ്പ് അഹമ്മദ് ഹാജിയുടെ രണ്ടാമത്തെ മകളായ ആച്ചുട്ടിയെ വലിയപറമ്പ്കുടുക്കിൽ കുടുംബത്തിലേക്ക് വിവാഹം ചെയ്തു. അഹമ്മദ് ഹാജിയുടെ ഇളയമകളായ പാത്തുമുണ്ണിയെ ചെനുവിലെ കഴുങ്ങും തോട്ടത്തിൽ പ്രഭുഹാജിയാണ് വിവാഹം ചെയ്തത്. ഇദ്ദേഹം സ്വാതന്ത്ര്യസമരസേനാനിയായിരുന്നു. 1921ലെ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത് 14 കൊല്ലം ജയിൽ ശിക്ഷ അനുഭവിച്ചു. മരണംവരെ പെൻഷൻ കിട്ടിയിരിന്നു. ചേക്കുട്ടി മകൻ കുഞ്ഞറമുട്ടിയുടെ മൂന്നാമത്തെ മകൻ അബ്ദുറഹിമാൻ കുട്ടി വയനാട് കണിയാമ്പറ്റയിലായിരുന്നു താമസിച്ചിരുന്നത്. കരിപ്പൂർ തെക്കുവീട്ടിൽ നിന്നും മാറിയതിന് ശേഷം 1924ൽ ആധാരം പുതുക്കുടി എന്ന് വിളിക്കുന്ന പന്തപ്പിലാവിൽ (ആഞ്ചിറക്കൽ പളളിക്കടുത്ത്) താമസമാക്കി. ഇവിടെ നിന്നുമാണ് വയനാട്ടിലേക്ക് താമസം മാറിയത്. മകൾ കുഞ്ഞിപ്പാത്തുമ്മയെ വയനാട്ടിലേക്ക് വിവാഹം കഴിച്ചതാണ് അങ്ങോട്ട് പോവാൻ പ്രേരണയായത്. മക്കൾ: കുഞ്ഞറമുട്ടി. (കൊണ്ടോട്ടി തങ്ങളുടെ കാര്യദർശിയായിരുന്നു), മായിൻകുട്ടി കരിപ്പൂർ, മുഹമ്മദ്, അബൂബക്കർ, സൈതലവി, റാബിയ കമ്പളക്കാട്, ഇണ്ണിപ്പാത്തു (പുതുക്കുടി വീരാൻകുട്ടി മൊല്ല വിവാഹം കഴിച്ചു), ആയിശക്കുട്ടി (കോയാമു ഹാജി വയനാട് വിവാഹം കഴിച്ചു), പള്ളിക്കുട്ടി വയനാട്. കുഞ്ഞറമുട്ടി മകൻ അബ്ദുറഹിമാൻ കുട്ടിയുടെ രണ്ടാമത്തെ മകനാണ് കരിപ്പൂർ (വെള്ളാര്) മക്കക്കാട്ടിൽ താമസിക്കുന്ന മായിൻകുട്ടി, ചായക്കച്ചവടം നടത്തി ഉപജീവനം തേടിയിരുന്ന അദ്ദേഹം വലിയ ഉദാരമനസ്കനായിരുന്നു. മക്കൾ: അബ്ദു റഹിമാൻ (ചെയർമാൻ, കീടക്കാട്ട് കുടുംബട്രസ്റ്റ്), കമ്മത്കുട്ടി, കുഞ്ഞറമുട്ടി, കദീശക്കുട്ടി (കൊളത്തൂർ), ആമിനക്കുട്ടി (മലപ്പുറം), കുഞ്ഞിമുഹമ്മദ്.

കീടക്കാട്ട് കുടുംബം കൊളത്തൂരിൽ

കരിപ്പൂരിൽ താമസമാക്കിയ അഹമ്മദിന്റെ മകൻ കുഞ്ഞറമുട്ടി സാഹിബിന്റെ മകൻ അബ്ദുറഹിമാൻ കുട്ടിയുടെ മൂത്ത പുത്രനായ കാവുങ്ങൽകണ്ടി മൊയ്തീൻകുട്ടി രാഷ്ട്രീയ, മത, സാംസ്കാരിക രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ദേഹമാണ്. മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിന്റെ അനുയായിയായിരുന്നു അദ്ദേഹവും പുത്രൻ ബീരാൻകുട്ടി മുസ്ലിയാരും. മൊയ്തീൻകുട്ടിക്ക് മതരംഗത്തും നല്ല അവഗാഹമുണ്ടായിരുന്നു. പിതാവിന്റെയും പുത്രന്റെയും മഹനീയ സേവനങ്ങൾ അക്കാലത്ത് കൊളത്തൂർ മഞ്ചക്കാട് പ്രദേശത്തിന്റെ മത - ഭൗതിക, ആതുര സേവനമേഖലകളിൽ ഒരു വിളക്കു മാടമായി നിലകൊണ്ടു. മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ് മലബാർ ഡിസ്ട്രിക്ട് ബോർഡ് മെമ്പറായപ്പോൾ ബീരാൻകുട്ടി മുസ്ലിയാരെ കരിപ്പൂർ ജി.എം.എൽ.പി സ്കൂൾ അധ്യാപകനായി നിയമിച്ചു. 1920-ൽ കൊളത്തൂർ എ.എം.എൽ.പി സ്കൂൾ മഞ്ഞോളി പറമ്പിൽ സ്ഥാപിച്ചത് കീടക്കാട്ട് മൊയ്തീൻകുട്ടിയാണ്. അബ്ദുറഹിമാൻകുട്ടിയുടെ രണ്ടാമത്തെ പുത്രനായ കളത്തുംകണ്ടി വീരാൻകുട്ടിയുടെയും മൂന്നാമത്തെ പുത്രനായ മമ്മുട്ടിയുടെയും വംശ പരമ്പരയിലുള്ളവരാണ് കൊളത്തൂരിലെ കുട്ടിച്ചീരി പൂളക്കുന്നപ്പറമ്പ്, അപ്പിക്കുന്ന് പറമ്പ് എന്നിവിടങ്ങളിൽ നിവസിക്കുന്ന കീടക്കാട്ട് കുടുംബാംഗങ്ങൾ.

പാലക്കോട്ട്

കീടക്കാട്ട് പുത്തൻപീടിക തറവാട്ടിൽ നിന്നും കരിപ്പൂർ (വെള്ളാര്) തെക്കുവീട്ടിലേക്ക് താമസം മാറ്റിയ അഹമ്മദിന്റെ മകൻ ബീരാൻ തെക്കുവീട്ടിൽ നിന്നും കൊളത്തൂരിലെ പാലക്കോട്ട് പറമ്പിൽ താമസമാക്കി. അതുകൊണ്ട് കുടുംബപേര് കീടക്കാട്ട് പാലക്കോട്ട് എന്നായി മാറി. ബീരാന്റെ മകൻ അബ്ദുറഹിമാൻകുട്ടി മൊല്ലയുടെ മൂന്നാമത്തെ മകനായ അഹമ്മദ് മൊല്ല കൊളത്തൂരിൽ പാലക്കോട്ട് പറമ്പിൽ താമസിച്ചു. മക്കൾ മുഹമ്മദ് മൊല്ല (ഭാര്യ ബീഫാത്തിമ കോപ്ലക്കാട്ട്, ചേമ്പ്), ബിയ്യക്കുട്ടി.

ആലിക്കുട്ടി മുസ്ലിയാർ (1858-1919)

വെള്ളാര തെക്കുവീട്ടിലേക്ക് താമസം മാറ്റിയ അഹമ്മദിന്റെ മകൻ ബീരാന്റെ മകനും അബ്ദുറഹിമാൻ കുട്ടി മൊല്ലയുടെ സഹോദരനുമാണ്. പ്രമുഖ പണ്ഡിതനും ഗ്രന്ഥകാരനുമായിരുന്നു. മൗലീദ് ഫീ മനാഖിബി അസ്സയിദ് അലവി അൽ മമ്പുറമി (മമ്പുറം മൗലിദ്), നാഗൂർ മൗലിദ്, ജമലുല്ലൈലി മൗലിദ്, സൂറത്ത് അർറഹ്മാൻ പരിഭാഷ തുടങ്ങിയ കൃതികളുടെ കർത്താവും 18 പള്ളികളുടെ മേൽഖാളിയുമായിരുന്നു. കൊണ്ടോട്ടി ഖുബ്ബക്കടുത്ത് അന്ത്യവിശ്രമം. (നെല്ലിക്കുത്ത് മുഹമ്മദലി മുസ്ലിയാർ, അപ്രകാശിത ചരിത്രകൃതി)

കാവനൂർ

കീടക്കാട്ട് ആലിക്കുട്ടി മുസ്ലിയാരുടെ മക്കളിലൊരാളായ അഹ്മദ്കുട്ടി മുസ്ലിയാർ കാവനൂരിലേക്ക് താമസം മാറ്റി. കാവനൂരിലെ കീടക്കാട്ട് കുടുംബങ്ങൾ ഈ ശാഖയിൽ നിന്നും വന്നവരാണ്. മക്കൾ: അഹമ്മദ്കുട്ടി മുസ്ലിയാർ, അബ്ദുൽ അസീസ് മുസ്ലിയാർ നെല്ലിയമ്പം, വീരാൻകുട്ടി മൊല്ല, സൈതലവി, പാത്തോമ, ആല്യാത്തു. അഹമ്മദ്കുട്ടി മുസ്ലിയാർ ഭാര്യമാർ: ആമിന കാവനൂർ, ഖദീജ കാവനൂർ. മക്കൾ: ആലിക്കുട്ടി മുസ്ലിയാർ കാവനൂർ. 45 വർഷത്തോളം കാവനൂർ പള്ളിയിൽ ഖാളിയും ഖത്തീബുമായിരുന്നു. ആരാലും ആദരിക്കപ്പെടുന്ന വലിയ പണ്ഡിതനായിരുന്നു. പാത്തുമ്മ. (ഭർത്താവ് കാവനൂർ മൊയ്തീൻകുട്ടി മുസ്ലിയാർ.) അഹമ്മദ്കുട്ടി മുസ്ലിയാർ സഹോദരൻ ബീരാൻകുട്ടി മൊല്ല മക്കൾ: പാത്തുമ്മുണ്ണി. (ഭർത്താവ് കീടക്കാട് അബ്ദുറഹിമാൻകുട്ടി കുട്ടീരി), ആച്ചൂട്ടി (ഓട പോക്കർ കാഞ്ഞിരത്തിങ്ങൽ), ആയിഷ മുഴങ്ങല്ലൂർ (ചായിച്ചാട്ടിൽ കുഞ്ഞാലി) അഹമ്മദ് മകൻ ബീരാൻ മകൾ പാത്ത്വാമ (വിവാഹം കീടക്കാട്ട് കുഞ്ഞഹമ്മദ്കുട്ടി). ഉണ്ണിപ്പോക്കർ ഹാജിയുടെ അമ്മായിയായിരുന്നു കുഞ്ഞഹമ്മദ്കുട്ടിയുടെ ഭാര്യ പാത്തോമ്മ.

കോഴിക്കോട്

കുഞ്ഞിമൊയ്തീൻകുട്ടി മുസ്ലിയാർ: 1944 കോഴിക്കോട് നടക്കാവിൽ താമസമാക്കി. 1956ൽ മരണപ്പെട്ടു. കീടക്കാട്ട് അഹമ്മദ് മുസ്ലിയാരുടെ മൂത്ത മകൾ ഫാത്തിമയാണ് ഭാര്യ. 1944 മുതൽ 1956 വരെ നടക്കാവ് ജുമുഅത്ത് പള്ളി ഖത്തീബും ഖാളിയുമായി സേനവമനുഷ്ഠിച്ചു. മക്കൾ മുഹമ്മദ് കുട്ടിമുസ്ലിയാർ, ആമിന, അബ്ദുറഹ്മാൻ, അബൂബക്കർ, ബിച്ചിഫാത്തിമ. അബ്ദുറഹിമാൻകുട്ടി: കൊട്ടപ്പുറത്ത് താമസം. അലവിക്കുട്ടി മുസ്ലിയാർ നടക്കാവിൽ സ്ഥിര താമസം. 1956 ജ്യേഷ്ഠൻ കുഞ്ഞിമൊയ്തീൻകുട്ടി മുസ്ലിയാരുടെ മരണശേഷം നടക്കാവ് പള്ളിയിലും ടൗണിലും 39 കൊല്ലത്തോളം ഖത്തീബായി സേവനം ചെയ്തു. 1999ൽ മരണമടഞ്ഞു. മുഹമ്മദ്കുട്ടി മൊല്ല. കൊളത്തൂർ മഞ്ചക്കാട് പള്ളിയിൽ മുഅദ്ദിനും മദ്രസാധ്യാപകനുമായി ദീർഘകാലം സേവനം ചെയ്തു. പ്രദേശത്തെ മുഴുവൻ ആളുകളും ഇഷ്ടപ്പെടുകയും ബഹുമാനിക്കപ്പെടുകയും ചെയ്യുന്ന വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു. 1999ൽ മരണമടഞ്ഞു. പാത്തുമ്മക്കുട്ടി ആൽപറമ്പ് എരഞ്ഞിപ്പുറായി, പാത്തുമ്മുണ്ണി കൊളത്തൂർ പുതുക്കുടി, ആയിശക്കുട്ടി കുമ്മിണിപ്പറമ്പ് എന്നിവർ സഹോദരിമാരാണ്.

കൊലന്റെകണ്ടി

ചോരുപ്പെട്ടി ശാഖയിൽ പെട്ട അബ്ദുറഹിമാൻകുട്ടി മൊല്ല മകൻ രായിൻ മൊല്ല മക്കൾ: കൊലന്റെകണ്ടിയിൽ താമസമാക്കി മക്കൾ: വീരാൻകുട്ടി, ഉണ്ണീൻകുട്ടി, മൊയ്തീൻകുട്ടി മൊല്ല, അബ്ദുറഹിമാൻ കൊലൻകണ്ടി വീരാൻകുട്ടി മക്കൾ: വീരാൻ, ചേക്കു പാത്തുമ്മ, മുഹമ്മദ് ഉണ്ണീൻകുട്ടി മക്കൾ: രായിൻകുട്ടി, ഹസ്സൻ മുഹമ്മദ്, ഉണ്ണീമക്കുട്ടി, മമ്മീര്യക്കുട്ടി. രായിൻകുട്ടി മക്കൾ: ഉണ്ണീൻകുട്ടി, പാത്തുമ്മക്കുട്ടി, അസൈനാർ. ഉണ്ണീൻകുട്ടി മകൻ: ആലിക്കുട്ടി ഫറോക്ക്. അസൈനാർ മക്കൾ: ഫാത്തിമക്കുട്ടി, ആമിനക്കുട്ടി, പാത്തോമക്കുട്ടി, മുഹമ്മദ്, എടക്കര, അബ്ദുൽ കരീം നല്ലളം. ഹസ്സൻ മുഹമ്മദ് മക്കൾ: മുഹമ്മദ്കുട്ടി കൊലൻകരണ്ടി, ഇത്തീമക്കുട്ടി, ഉണ്ണീൻകുട്ടി, ഖദിയ. അബ്ദുറഹിമാൻ കൊലൻകണ്ടി മക്കൾ: പാത്തുമ്മ, രായിൻ മമ്മദ്, അലവി, കുഞ്ഞിപ്പാത്തു (കുഴിപാടത്ത് ബിച്ചമ്മത് ഫറോക്ക്). രായിൻ മമ്മദ് മക്കൾ: പാത്തുമ്മു, ബിച്ചു, ആമി. അലവി മക്കൾ: മമ്മദ്കുട്ടി, ഹസ്സൻ കച്ചവടം, അബ്ദുറഹിമാൻ. ആദ്യഭാര്യയുടെ മരണശേഷം രണ്ടാം ഭാര്യയിലെ മക്കൾ: ആയിശീവി, മുഹമ്മദ്കുട്ടി, അബൂബക്കർ, സുബൈദ, ഹംസക്കോയ, ലത്തീഫ്.

ചോരുപ്പെട്ടി കൊളത്തൂർ

ചോരുപ്പെട്ടി കൊളത്തൂർ അബ്ദുറഹിമാൻകുട്ടി മകൻ രായിൻമൊല്ല മകൻ മൊയ്തീൻകുട്ടി മൊല്ലയുടെ മക്കളാണ് ചോരുപ്പെട്ടിയിൽ താമസമാക്കിയത്. ദീനീഭക്തനായിരുന്നു മൊയ്തീൻ കുട്ടി മൊല്ല. മുസ്ലിം വിശേഷ ദിവസങ്ങളിൽ കുടുംബ വീടുകളിൽ പ്രത്യേകം സന്ദർശനം നടത്തിയിരുന്നു. മക്കൾ: കുഞ്ഞഹമ്മദ്, അഹമ്മദ്കുട്ടി മൊല്ല, അബ്ദുറഹിമാൻ കുട്ടി, ഉണ്ണീമക്കുട്ടി, ഇത്തീമക്കുട്ടി. കുഞ്ഞഹമ്മദ് മക്കൾ: മൊയ്തീൻകുട്ടി മൊല്ല, മുഹമ്മദ്കുട്ടി മുസ്ലിയാർ, സൈതലവി മുസ്ലിയാർ, ആയിശ (മൊയ്തീൻകുട്ടി മുസ്ലിയാർ നെല്ലിയമ്പം), പാത്തുമ്മക്കുട്ടി (കൊണ്ടോട്ടി പാറക്കുന്നൻ മമ്മദ്കുട്ടി). മൊയ്തീൻകുട്ടി മൊല്ല തറയിട്ടാലിൽ താമസം. മൊയ്തീൻകുട്ടിയുടെ മൊല്ലയുടെ മകളായ ഖദീജയുടെ ഭർത്താവാണ് പ്രമുഖ സുന്നി നേതാവും മതപണ്ഡിതനും ഒതുക്കുങ്ങൽ ഇഹ്യാഉസ്സുന്ന അറബിക് കോളേജ് പ്രിൻസിപ്പളും സമസ്ത സുന്നി ജംഇയ്യത്തുൽ ഉലമ പ്രസിഡണ്ടുമായ ഇ.സുലൈമാൻ മുസ്ലിയാർ. അഹമ്മദ്കുട്ടി മൊല്ല മക്കൾ: മുഹമ്മദ്കുട്ടി ഹാജി വാഴങ്ങാട്ട്, ഹസ്സൻ വഴിക്കടവ്, ഉമ്മാച്ചക്കുട്ടി വയനാട്, കുഞ്ഞാത്തു, പാത്തോമക്കുട്ടി വഴിക്കടവ്, അബ്ദുറഹിമാൻകുട്ടി മൊല്ല മക്കൾ: മൊയ്തീൻകുട്ടി ചപ്പങ്ങത്തൊടു, ഹസ്സൻ ചപ്പങ്ങത്തോടു, പാത്തുമ്മക്കുട്ടി, ഖദീസുമ്മ. അത്തൻ മമ്മദ്. കളത്തുംകണ്ടി കീടക്കാട്ട് തെക്കുവീട്ടിൽ കുഞ്ഞറമുട്ടി മകൻ അഹമ്മദിന്റെ മകനായ അബ്ദു റഹിമാൻകുട്ടി കൊളത്തൂർ കുട്ടിച്ചീരി പറമ്പിലേക്ക് മാറി താമസിച്ചു. കുട്ടിച്ച് രിപറ്പ് രക്തബന്ധുവായ കീടക്കാട്ട് പുത്തൻപീടികക്കൽ കുഞ്ഞറമുട്ടി അദ്ദേഹത്തിന് താമസിക്കാൻ നൽകി. അബ്ദുറഹിമാൻകുട്ടിയുടെ മക്കളായ മൊയ്തീൻകുട്ടി കാവുങ്ങലക്കണ്ടി പറമ്പി ലും, ബീരാൻകുട്ടി കളത്തും കണ്ടി പറമ്പി ലും, മൊയ്തീൻ അമാഞ്ചീരിയിലേക്കും താമസം മാറ്റി. മൊയ്തീന്റെ മകനാണ് കുഞ്ഞമ്മദ് കുട്ടി. അദ്ദേഹത്തിന്റെ മക്കൾ മുഹമ്മദ്, മൊയ്തീൻ. അബ്ദുറഹ്മാൻ കുട്ടി മകൻ കാവുങ്ങൽകണ്ടി മൊയ്തീൻകുട്ടിയുടെ സഹോദരനായ ബീരാൻകുട്ടി കളത്തിങ്ങൽ കണ്ടിയിൽ താമസിച്ചു. മക്കൾ: അലവിക്കുട്ടി (അപ്പിക്കുന്ന്), ഏനുദ്ദീൻ കുട്ടി കുട്ടിച്ചീരി, അബ്ദുറഹ്മാൻകുട്ടി എന്ന ഇമ്പിച്ചി (കുട്ടിച്ചീരി), കുട്ട്യാലി (പുലിയേടത്ത് പറമ്പ്), ബിയ്യാത്തുട്ടി, ഇത്തിക്കുട്ടി ഉമ്മ, കദീശുമ്മ, പാത്തുമ്മക്കുട്ടി. അലവിക്കുട്ടി മക്കൾ: വീരാൻകുട്ടി, സൈതുമുഹമ്മദ്, മുഹമ്മദ് അബ്ദുറഹിമാൻ, മുഹമ്മദ്കുട്ടി, സൈനുദ്ദീൻ, മുഹമ്മദാലി, ഫാത്തിമക്കുട്ടി, മറിയക്കുട്ടി എന്നീ മക്കളാണ് ഉള്ളത്. ഏനുദ്ദീൻകുട്ടി മക്കൾ: പാത്തുമ്മ (ഭർത്താവ്: പള്ളിപ്പറമ്പൻ മുഹമ്മദ്കുട്ടി), കുട്ട്യസ്സൻ കരിപ്പൂർ, മറിയക്കുട്ടി (ഭർത്താവ്: കീടക്കാട്ട് അബ്ദുറഹിമാൻകുട്ടി വയനാട്). അബ്ദുറഹിമാൻകുട്ടി (ഇമ്പിച്ചി) മക്കൾ: ഖദീസുമ്മ (ഭർത്താവ്: കോന്തേടൻ അവലൻകുട്ടി തലേക്കര), ബിയ്യാത്തുട്ടി (ഭർത്താവ്: വടക്കേങ്ങര പോക്കർ മമ്മദ് കൊളത്തൂർ), മുഹമ്മദ്കുട്ടി എന്ന ബാപ്പുട്ടി, മറിയക്കുട്ടി (ഭർത്താവ്: വയക്കാത്ത് മൊയ്തീൻകുട്ടി പുത്തൂർ), ബീരാൻ, കളത്തിങ്ങൽക്കണ്ടി വീരാൻകുട്ടിയുടെ പെൺമക്കളായിരുന്നു ബിയ്യാത്തുട്ടി കൊണ്ടോട്ടി വേട്ടശ്ശേരി ആനപ്ര കുടുംബത്തിലേക്ക് വിവാഹം കഴിച്ചു, ഇത്തിക്കുട്ടി ഉമ്മ (കുന്നേക്കാടൻ ഹസ്സൻകുട്ടി ഹാജി യുടെയും ബീരാൻകുട്ടി ഹാജിയുടെയും മാതാവ്), കദീശുമ്മ (ഭർത്താവ് - മനയി ക്കോട്ട് മമ്മദ്കോയ), പാത്തോമ്മക്കുട്ടി ഭർത്താവ് - പറമ്പാട്ട് പള്ളിയാളി ആലി

പുത്തൂർ പെരിഞ്ചീരി

പുത്തൂർ പെരിഞ്ചീരിയിൽ താമസമാക്കിയ അഹമ്മദ്കുട്ടി ഹാജി കരിപ്പൂർ/ കൊളത്തൂരിൽ നിന്നും പെരിഞ്ചീരിലേക്ക് താമസം മാറ്റിയവരാണ്. തേങ്ങാക്കച്ചവടവും പലചരക്ക് കച്ചവടവുമായി അവിടെ ബിസിനസിൽ ഏർപ്പെട്ടു. മക്കൾ: മുഹമ്മദ്, മമ്മദ്കുട്ടി. മുഹമ്മദിന് മക്കളില്ല. മമ്മദ്കുട്ടി മക്കൾ അഹമ്മദ്, ഖാലിദ്.

കരുളായി

കളത്തുംകണ്ടി അബ്ദുറഹിമാൻ കുട്ടിയുടെ മൂന്നാമത്തെ മകൻ മമ്മദ്കുട്ടിയുടെ മകൻ മമ്മുട്ടിയുടെ ആദ്യഭാര്യയിലുള്ള മക്കളായ മുഹമ്മദ്കുട്ടി, മൊയ്തീൻകുട്ടി എന്നിവർ ഏകദേശം 80 വർഷങ്ങൾക്ക് മുമ്പ് കരുളായിയിൽ താമസമാക്കി. മറ്റൊരു മകനായ അബ്ദുറഹിമാൻ കുട്ടി വയനാട്ടിലെ കരണിയിലും താമസമാക്കി. 1971-ൽ പുലിയോടത്ത് പറമ്പിൽ താമസിച്ചിരുന്ന കുട്ട്യാലി മകൻ ബീരാൻ കരുളായിയിൽ താമസമാക്കി. അദ്ദേഹത്തിന്റെ പിതാവും കുടുംബവും 1972-ൽ കരുളായിയിൽ സ്ഥിരതാമസമാക്കി. മമ്മുട്ടിയുടെ ആദ്യ ഭാര്യയുടെ മരണശേഷം അദ്ദേഹം വീണ്ടും വിവാഹം കഴിച്ചു. ആ ബന്ധത്തിലുള്ള മകൻ വീരാനും കരുളായിയിലെത്തി സ്ഥിരതാമസമാക്കി. അങ്ങനെ കീടക്കാട്ട് കുടുംബം കരുളായിയിലും വ്യാപിച്ചു. കുട്ട്യാലി മക്കൾ: മറിയക്കുട്ടി (ആല്‍പറമ്പ് എരഞ്ഞിപുറയിൽ ഉണ്ണീൻകുട്ടി), ഇത്തൈമ (വലിയപറമ്പ് തെക്കൻ മുഹമ്മദ്കുട്ടി), 3. കദീസുമ്മ (കടുങ്ങല്ലൂർ), ആമിന പാലേങ്ങര, ബീരാൻ കടുങ്ങല്ലൂർ വെളേളരി, മുഹമ്മദ് കരുളായി, അലവിക്കുട്ടി കരുളായി, ഹസ്സൻ കരുളായി, നബീസ (കരുളായി ചെട്ടിയിൽ അലവുണ്ണി). മമ്മുട്ടി മക്കൾ: മുഹമ്മദ്കുട്ടി കരുളായി, മൊയ്തീൻകുട്ടി കരുളായി, അബ്ദുറഹിമാൻകുട്ടി കരണി വയനാട്, കുഞ്ഞലവി കരിപ്പൂർ, ബീരാൻ കരുളായി, അയമുദു കൊളത്തൂർ, പാത്തുമ്മ കൊളത്തൂർ.

മേൽമുറി

മേൽമുറി, കോണംപാറ, അധികാര ത്തൊടി, പെരുമ്പറമ്പ് എന്നീ സ്ഥലങ്ങളിൽ കീടക്കാട്ട് കുടുംബം ഏത് കാലത്ത് താമസമാക്കിയെന്ന് വ്യക്തമായി രേഖപ്പെടുത്താൻ കഴിയില്ല. മലബാർ കലാപകാലത്ത് മേൽമുറി കൂട്ടക്കൊലയിലെ രക്തസാക്ഷി മൊയ്തീന്റെ പിതാവ് ഏകദേശം ഒന്നര നൂറ്റാണ്ട് മുമ്പ് കൊണ്ടോട്ടിയിൽ നിന്നും അധികാരത്തൊടി എന്ന സ്ഥലത്ത് താമസമാക്കി. അദ്ദേഹത്തിന്റെ സന്താന പരമ്പരയിൽ പെട്ട കുടുംബങ്ങളാണ് ഈ പ്രദേശത്ത് താമസിച്ചു വരുന്നത്. മൊയ്തീന്റെ മകൻ മമ്മദിന്റെ മകൾ ഫാത്തിമ വല്ലുപ്പയോടൊപ്പം ബ്രിട്ടീഷ് പട്ടാളത്തിന്റെ വെടിയേറ്റ് രക്തസാക്ഷിയായി.

കീടക്കാട്ട് കുടുംബം വയനാട്ടിൽ

കീടക്കാട് കുടുംബാംഗങ്ങളുടെ വയനാടന്‍ കുടിയേറ്റത്തിന് ഏകദേശം ഒരു നൂറ്റാണ്ടിന്‍റെ ചരിത്രമുണ്ട്. ഇന്നു വയനാടു ജില്ലയിലെ നാലഞ്ചു പ്രദേശങ്ങളിലായി അധിവസിക്കുന്ന എഴുപത്തഞ്ചോളം കുടുംബങ്ങള്‍ ഈ പൈതൃകം പങ്കുവയ്ക്കുന്നവരാണ്. കുടിയേറ്റത്തിനു തുടക്കം കുറിച്ച് കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിലെ വയനാടൻ കാഴ്ചകളും, അനുഭവങ്ങളും പുതിയ തലമുറക്കു വിശ്വസിക്കാവുന്നതിലുമപ്പുറമായിരുന്നു. വർഷത്തിൽ ഏറിയ കൂറും മരം കോച്ചുന്ന തണുപ്പും, തുള്ളി മുറിയാതെ പെയ്യുന്ന മഴയും..! നട്ടുച്ചയ്ക്കുപോലും കോടമഞ്ഞിൽ പുതഞ്ഞു കിടക്കുന്ന മലമ്പാതകൾ, വല്ലപ്പോഴും മാത്രം തെളിയുന്ന വെയിൽ, കൃഷിയിടങ്ങളിലെത്തിയാൽ കാലിൽ കടിച്ചു തൂങ്ങി, രക്തമൂ റ്റിക്കുടിക്കുന്ന അട്ടകൾ... കാഴ്ച മാത്രമല്ല, ജീവിതവും സുഖകരമായിരുന്നില്ല അവിടെ! മലമ്പനിയും കോളറയും വസൂരിയും ഒരു ഭാഗത്ത്, മലമ്പാമ്പും, കാട്ടു പന്നിയും മറ്റനേകം ഹിംസ്രജന്തുക്കളും മറുഭാഗത്ത്! ഇത്തിരി പശിമയുള്ള മണ്ണുതേടി വന്നവരെ വരവേറ്റിരുന്ന വയനാട് അക്ഷരാര്‍ത്ഥത്തില്‍ വിഷകന്യക തന്നെയായിരുന്നു. എന്നിട്ടും തിരുവിതാംകൂറില്‍ നിന്നും, ഏറനാട്ടില്‍നിന്നും ആളുകള്‍ കൂട്ടമായി വയനാടന്‍ മലമടക്കുകളിലേക്കു പ്രവഹിച്ചു. കാടുംമേടും തെളിയിച്ച്, പൊന്നുവിളയിച്ചു. ചുരുങ്ങിയ കാലത്തിനകം ഒരു നാടിന്‍റെ ജാതകം തന്നെ അവര്‍ മാറ്റിയെഴുതി. കഴിഞ്ഞ നൂറ്റാണ്ടിലെ മൂന്നും നാലും ദശകങ്ങളില്‍ ഏറനാടന്‍ വള്ളുവനാടന്‍ പ്രദേശങ്ങളില്‍ നിന്നും വയനാട്ടിലേക്കുള്ള കുടിയേറ്റം ശക്തിപ്പെട്ടതിനു പിന്നില്‍ നിരവധി കാരണങ്ങളുണ്ടായിരുന്നു. മലബാര്‍ കലാപത്തിനുശേഷമുണ്ടായ അരക്ഷിതാവസ്ഥ, ബ്രിട്ടീഷ് ഉദ്യോഗസ്ഥരുടെയും ജന്മിമാരുടെയും പീഡനങ്ങള്‍, ദാരിദ്ര്യം, തൊഴിലില്ലായ്മ തുടങ്ങിയവയായിരുന്നു അവയില്‍ പ്രധാനം. വയനാട്ടിലെ വന്‍കിട ഭൂവുടമകളുടെ എസ്റ്റേറ്റുകളില്‍ ജോലിയന്വേഷിച്ചാണ് ഏറനാടന്‍ കുടിയേറ്റക്കാരില്‍ നല്ലൊരു പങ്കും അവിടെയെത്തുന്നത്. തിരുവിതാംകൂറില്‍നിന്നു വന്നവരെപ്പോലെ കാര്‍ഷിക വൃത്തിയായിരുന്നില്ല, അവരുടെ ലക്ഷ്യം. വയനാട്ടിലേക്കു പുറപ്പെട്ട കീടക്കാട്ടുകാരുടെ സ്ഥിതിയും വിഭിന്നമായിരുന്നില്ല. വയനാടന്‍ ചുരം കയറുമ്പോള്‍ കുടുംബത്തിലെ പൂര്‍വപിതാക്കളില്‍ പലര്‍ക്കും, കൊണ്ടോട്ടിയില്‍ ഭൂമിയുണ്ടായിരുന്നു എന്നത് വാസ്തവമാണ്. പക്ഷേ, അതില്‍നിന്നും ആവശ്യത്തിന് വരുമാനമോ, വില്‍ക്കുമ്പോള്‍ മാന്യമായ വിലയോലഭിച്ചിരുന്നില്ല. വയനാട്ടിലുണ്ടായിരുന്നതു പോലെ തൊഴിലെടുത്തു ജീവിക്കാനുള്ള സാഹചര്യങ്ങളും പരിമിതമായിരുന്നു. ഒപ്പം, കലുഷിതമായ സാമൂഹികാന്തരീക്ഷവും, കഷ്ടപ്പാടുകള്‍ നിറഞ്ഞ ജീവിതചുറ്റുപാടുകളും കൂടിയായപ്പോള്‍ മറ്റുപലരേയുംപോലെ അവരും യാത്ര തിരിക്കുകയായിരുന്നു.

മുമ്പേ നടന്ന്, അബൂബക്കര്‍...

അറിയപ്പെട്ടിടത്തോളം, വയനാട്ടിലേക്കു കുടിയേറിയ ആദ്യ കീടക്കാട് കുടുംബാംഗം, കരിപ്പൂരിലെ അബ്ദുറഹിമാന്‍റെ മകന്‍ അബൂബക്കറാണ്. ഇന്നത്തെ ജില്ലാആസ്ഥാനമായ കല്പറ്റയില്‍നിന്നും 14 കി. മീ. അകലെ കണിയാമ്പറ്റയിലാണ് അദ്ദേഹം താമസിച്ചിരുന്നത്. അദ്ദേഹത്തിന്‍റെ മക്കളുടെയും, അടുത്ത ബന്ധുക്കളുടേതുമായി ഇരുപത്തിയഞ്ചോളം വീടുകള്‍ ഇന്നും കണിയാമ്പറ്റയിലും, പരിസരപ്രദേശങ്ങളിലുമായി കാണാം. അബൂബക്കറിന് വയനാടന്‍ യാത്രയ്ക്ക് പ്രേരകമായത്, കണിയാമ്പറ്റയിലെ കൊളക്കാടന്‍ കോയാമു ഹാജിയുമായുള്ള സൗഹൃദമാണ്. കൊണ്ടോട്ടിയില്‍ നിന്നും വയനാട്ടിലെത്തി അവിടെ സ്ഥിരതാമസമാക്കിയിരുന്ന കോയാമുഹാജി കീടക്കാട് കുടുംബ ത്തില്‍നിന്നാണ് വിവാഹം ചെയ്തിരുന്നത്. (ഈ അര്‍ത്ഥത്തില്‍ കീടക്കാട്ട് കുടുംബ ത്തില്‍നിന്നും ഒരു വനിതയാണ് വയനാട്ടില്‍ ആദ്യമെത്തിയത് എന്നു പറയുന്നതില്‍ തെറ്റില്ല.) കോയാമുഹാജിയുടെ ക്ഷണപ്രകാരം, അന്നു പതിമൂന്ന് വയസ്സുമാത്രം പ്രായമുള്ള അബൂബക്കര്‍ വയനാട്ടിലേക്കു പുറപ്പെട്ടു. 1922-ലായിരുന്നു അത്. ചില സുഹൃത്തുക്കളോടൊപ്പം കാൽനടയായാണ് അദ്ദേഹം വയനാട്ടിലെത്തുന്നത്. കുറച്ചുനാൾ കണിയാമ്പറ്റയിൽ താമസിച്ചു തിരിച്ചുപോയി. പക്ഷേ, അധികകാലം നാട്ടിൽ ചെലവഴിച്ചില്ല. ആദ്യം ഉമ്മയെയും പിന്നീട് പിതാവ് അബ്ദുറഹിമാനെയുമെല്ലാം അദ്ദേഹം വയനാട്ടിലേക്കു കൊണ്ടു വന്നു. അവിടെ നിന്നു തന്നെ വിവാഹം കഴിച്ചു. 1933-35 കാലയളവിൽ സഹോദരന്മാരായ മുഹമ്മദ്, സൈതലവി, മായൻകുട്ടി എന്നിവരും അദ്ദേഹത്തിന്റെ പാത പിന്തുടർന്നു. കുറച്ചുകാലം കല്പറ്റയ്ക്കടുത്ത ചുണ്ടയിൽ താമസിച്ചിരുന്നുവെങ്കിലും വൈകാതെ ഇവരും കണിയാമ്പറ്റയിലെ തന്നെ സ്ഥിരതാമസക്കാരായി മാറി. ഇതിൽ മുഹമ്മദിന്റെ കുടുംബം കമ്പളക്കാടിനുത്ത പറളിക്കുന്നിലുണ്ട്. യുവത്വത്തിന്റെ ആവേശവും കാർഷികവൃത്തിയോടുള്ള അഭിനിവേശവുമാണ് അബൂബക്കറിനെ വയനാട്ടിലെത്തിച്ചതെങ്കിലും അവിടെ അദ്ദേഹത്തിന്റെ നിയോഗം മറ്റൊന്നായിരുന്നു. പ്രതീക്ഷിക്കാതെ ലഭിച്ച ഗവൺമെന്റ് ജോലിയാ യിരുന്നു അത്. വിദ്യാഭ്യാസ വകുപ്പിലെ പ്യൂൺ തസ്തികയിൽ 1973 വരെ അദ്ദേഹം സേവനമനുഷ്ഠിച്ചു. മകൻ മുഹമ്മദുകുട്ടിയും പിന്നീട് അതേ ഡിപ്പാർട്ടുമെന്റിൽ ജീവനക്കാരനായിരുന്നു.

എസ്റ്റേറ്റ് ജോലിയും കുഴംകുത്തും

അബൂബക്കറിന്റെ പിതാവ് അബ്ദുറഹിമാന്റെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമായ ചിലരാണ് തുടർന്നു ചുരം കയറിയവർ. കീടക്കാട് ചേക്കുട്ടിയുടെ മക്കളായ കുഞ്ഞറമുട്ടി, കുഞ്ഞഹമ്മദ് മമ്മദ് എന്നിവരും അവരുടെ പുത്രന്മാരുമാരുന്നു അത്. ഈ ഗണത്തിൽ തന്നെ ആദ്യമെത്തുന്നത് കുഞ്ഞറമുട്ടിയുടെ മക്കളായ മൊയ്തീൻ കുട്ടിയും ചേക്കുട്ടിയുമാണ്. 1945-ലായിരുന്നു അവരുടെ വയനാടൻ യാത്ര. പ്രമുഖ രാഷ്ട്രീയ നേതാവും പാർലമെന്റ് അംഗവുമായ എം. പി. വീരേന്ദ്രകുമാറിന്റെ മുത്തച്ഛൻ പാലുകുന്ന് ചന്ദ്രഗൗഡറുടെ എസ്റ്റേറ്റിൽ ജോലിക്കാരായി വന്നവരാണവർ. കൊണ്ടോട്ടിയിലും പരിസരങ്ങളിലുമുള്ള നാലഞ്ചുപേർ നേരത്തെ തന്നെ ഗൗഡറുടെ തോട്ടത്തിൽ ജോലി ചെയ്തിരുന്നു. കാപ്പിയും കുരുമുളകും, നാരങ്ങയുമാണ് മുഖ്യകൃഷി. മുത്താറി, നെല്ല് തുടങ്ങിയവയും വിളയിച്ചിരുന്നു. തൊഴിലാളികൾക്കു താമസിക്കാനായി എസ്റ്റേറ്റിനു സമീപം വലിയ പാടിയുണ്ടായിരുന്നു. വൈകുന്നേരം വരെ പണിയെടുത്താൽ ഒരു രൂപയും അരസേർ അരിയും കൂലിയായി ലഭിക്കും. താമസസ്ഥലത്തിന് വാടക നൽകേണ്ടിയിരുന്നില്ല. എസ്റ്റേറ്റിൽ നിന്നും നാലു കിലോമീറ്റർ അകലെയു ള്ള പനമരത്തേക്ക് കോഴിക്കോട്ടുനിന്നും നാമമാത്രമായ ബസ് സർവ്വീസ് നിലവി ലുണ്ടായിരുന്നു. മൂന്നു രൂപയായിരുന്നു ടിക്കറ്റ്. ഒരാഴ്ച പണിയെടുത്താൽ കിട്ടുന്ന കൂലി നാട്ടിൽ പോയി തിരിച്ചെത്താൻ ബസ്സിനു തന്നെ തികയില്ല. അതിനാൽ രണ്ടോ മൂന്നോ മാസത്തിലൊരിക്കലാണ് കൊണ്ടോട്ടിയിൽ പോയി വരിക. അതിനി ഉറ്റവരോ ഉടയവരോ മരണപ്പെട്ടാലും വിവരമറിഞ്ഞെന്നു വരില്ല മൊയ്തീൻകുട്ടിക്കും ചേക്കുട്ടിക്കും പിന്നാലെ, അനുജൻ അബ്ദുറഹിമാൻ കുട്ടിയും പിതൃസഹോദരനായ കുഞ്ഞഹമ്മദിന്റെ മകൻ അഹമ്മദും 1946-ൽ പാലുകുന്നിലെത്തിച്ചേർന്നു. അഹമ്മദിന്‍റെ സഹോദരി ആയിഷക്കുട്ടിയെയാണ് ചേക്കുട്ടി വിവാഹം കഴിച്ചത്. പുരുഷന്മാർ ജോലിയ്ക്കു പോകുമ്പോൾ പാടിയിൽ സ്ത്രീകൾ വെറുതെയിരിക്കുകയായിരുന്നില്ല. മുതലാളിയുടെ വീട്ടിൽ നിന്നും നെല്ല് വാങ്ങി, പുഴുങ്ങിക്കുത്തി, അരിയാക്കി തിരികെ നൽകുകയാണ് സ്ത്രീകളുടെ ജോലി. ആഴ്ചയിൽ ആറു പറ നെല്ലാണ് ഒരാൾക്കു നൽകുക. ഇതിൽ ഒരുപറ കൂലിയാണ്. അഞ്ചുപറയുടെ അരി തിരികെ നൽകണം. അക്കാലത്ത് വയനാട്ടിൽ വ്യാപകമായി നിലവിലിരുന്ന ഈ സംവിധാനം കൂഴം കുത്തൽ എന്ന പേരിലാണറിയപ്പെട്ടിരുന്നത്. പാലുകുന്ന് എസ്റ്റേറ്റുപാടിയിൽ താമസിച്ചു വരുമ്പോഴാണ് സ്വന്തമായി വീടും സ്ഥലവുമൊക്കെ വേണമെന്ന ആഗ്രഹം ഇവർക്കുണ്ടാവുന്നത്. അങ്ങനെയാണ് പാലുകുന്നിൽനിന്നും ഏഴു കിലോമീറ്റർ അകലെ, പനമരത്തിനടുത്ത നെല്ലിയമ്പത്ത് സ്ഥലം കണ്ടെത്തുന്നത്. കീടക്കാട് കുടുംബത്തിൽ നിന്നും വിവാഹം കഴിച്ച ദേവസ്വം പറമ്പത്ത് മൊയ്തീൻ മൊല്ലയും (അദ്ദേഹവും പാലുകുന്ന് എസ്റ്റേറ്റിലുണ്ടായിരുന്നു) അവിടയുണ്ട്. മുളങ്കാടുകളും മറ്റും നിറഞ്ഞു നിൽക്കുന്ന രണ്ടേക്കറോളം ഭൂമി അവിടെ വകഞ്ഞുവച്ചു വേലി കെട്ടി. പാലുകുന്നിൽ പണിക്കു പോകുമ്പോൾ തന്നെ ഇടദിവസങ്ങളിൽ അവിടെ കാടുവെട്ടിത്തെളിയിച്ചു തീയിട്ടു. കിളച്ചു മറിച്ച്, കപ്പയും ചേനയും നട്ടും, ക്രമേണ കാപ്പിയും കുരുമുളകും വച്ചുപിടിപ്പിച്ചും നല്ല തോട്ടമാക്കി മാറ്റി. മുളയും വൈക്കോ ലുമുപ യോഗിച്ചു വീടുകെട്ടി താമസവും തുടങ്ങി. പിതാവ് കുഞ്ഞറമുട്ടിയെ, മക്കൾ നെല്ലിയമ്പത്തേക്കു കൊണ്ടു വന്നു. കൂലിപ്പണിയ്ക്കായി വയനാട്ടിലേക്കു പോയവർ, അവിടെ വീടും സ്ഥലവുമൊക്കെയാക്കി താമസം തുടങ്ങിയതറിഞ്ഞതോടെ കൊണ്ടോട്ടിയിൽ നിന്നും ബന്ധുക്കളായ കുറച്ചുപേർ കൂടി ആ വഴി പിന്തുടർന്നു.

അബ്ദുൽ അസീസ് മുസ്ലിയാരും വയനാട്ടിലേക്ക്...

കൊണ്ടോട്ടിയിലെ പ്രമുഖ പണ്ഡിതനും ഗ്രന്ഥകാരനുമായിരുന്ന ആലിക്കുട്ടി മുസ്ലിയാർ കീടക്കാട് കുടുംബാംഗമായിരുന്നു. മമ്പുറം മൗലിദ്, നാഗൂർ മൗലിദ്, ജബലുല്ലൈലി മൗലിദ് തുടങ്ങിയ കൃതികളുടെ കർത്താവും 18 പള്ളികളുടെ മേൽ ഖാദിയുമായിരുന്നു അദ്ദേഹം. ആലിക്കുട്ടി മുസ്ലിയാരുടെ പുത്രൻ അബ്ദുൽ അസീസ് മുസ്ലിയാരും കുടുംബവും 1950-നടുത്ത് നെല്ലിയമ്പത്തി സ്ഥിരതാമസമാക്കി. അദ്ദേഹത്തിന്റെ രണ്ടു പുത്രിമാർ അതിനു മുമ്പു തന്നെ വയനാട്ടിലുണ്ട്. മുകളിൽ സൂചിപ്പിച്ച നെല്ലിയമ്പത്തെ മൊയ്തീൻ കുട്ടിയുടെ ഭാര്യ പാത്തുമുണ്ണിയും, പാലു കുന്നിലെ അഹമ്മദിന്റെ ഭാര്യ ആയമ്മക്കുട്ടിയും. ഇതിൽ അഹമ്മദിന്റെ പിതാവായ കുഞ്ഞഹമ്മദും, മൊയ്തീൻകുട്ടിയുടെ പിതാവായ കുഞ്ഞ റമുട്ടിയും ജ്യോഷ്ഠാനുജന്മാരായിരുന്നു. ഇന്നത്തെ നെല്ലിയമ്പം ഗവ.എൽ.പി സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തായിരുന്നു കുഞ്ഞുമുഹമ്മദ് വീടുണ്ടാക്കിയത്. അതിന്റെ വിളിപ്പാടകലെ അബ്ദുൽ അസീസ് മുസ്ലിയാരും താമസമാക്കി. ആയിഷ, ആസ്യ, മുഹമ്മദ് എന്നിവരാണ് അദ്ദേഹത്തിന്റെ മറ്റു മക്കൾ.

പാലുകുന്നിൽ വാസമുറപ്പിച്ചവർ

ഇന്നത്തെ പനമരം പഞ്ചായത്തിലുൾപ്പെടുന്ന പാലുകുന്ന് എസ്റ്റേറ്റിൽ ജോലി തേടിയാണ് പലരും വയനാട്ടിലെത്തിയതെന്ന വസ്തുത നേരത്തെ സൂചിപ്പിച്ചുവല്ലോ. എന്നാൽ അവിടെ സ്ഥിരതാമസമാക്കിയത്. അഹമ്മദു മാത്രമാണ്. എസ്റ്റേറ്റുപാടിയിലെ താമസത്തിനിടയിൽ തന്നെ അദ്ദേഹം അവിടെ നിന്നും ഒരു കിലോമീറ്റർ അകലെ ഒരു ചെറിയ വീടുവാങ്ങി. പിന്നീട് കമ്പളക്കാട് താമസമാക്കിയ അബൂബക്കർ നിർമ്മിച്ച മടലപ്പു രയായിരുന്നു അത്. എസ്റ്റേറ്റിലെ ജോലി മതിയാക്കി, കച്ചവടവും ചെറിയ തോതിൽ കൃഷിയുമൊക്കെയായി അവിടെ താമസിച്ചു വരുമ്പോൾ, നെല്ലിയമ്പത്തു നിന്ന് മാതാപിതാക്കളെ അങ്ങോട്ടു കൊണ്ടുവന്നു. 1965-ൽ പാലുകുന്നിൽ വച്ചാണ് പിതാവായ കുഞ്ഞഹമ്മദ് മരിക്കുന്നത്. ഏഴു വർഷത്തിനുശേഷം നാല്പത്തിമൂന്നാം വയസ്സിൽ അഹമ്മദും അന്തരിച്ചു. പാലുകുന്നിലെ മഹല്ല് ജമാഅത്തിനും, നമസ്കാരപ്പള്ളിക്കുമെല്ലാം തുടക്കം കുറിക്കുന്നതിൽ അദ്ദേഹം മുഖ്യ പങ്കുവഹിച്ചിരുന്നു. അഹമ്മദിന്റെ മക്കളായ അഞ്ച് കുടുംബങ്ങളാണ് ഇപ്പോൾ പാലുകുന്നിൽ താമസിക്കുന്നത്. കീടക്കാട്ട് ചേക്കുട്ടിയുടെ മകനും, നെല്ലിയമ്പത്തെ കുഞ്ഞറമുട്ടിയുടെ സഹോദരനുമായ മമ്മദ്ഹാജിയും 1952-ൽ വയനാട്ടിലെത്തിച്ചേർന്നിരുന്നു. കൃഷിയിലും കച്ചവടത്തിലുമൊക്കെയായിരുന്നു അദ്ദേഹത്തിനു താല്പര്യം. നെല്ലിയമ്പത്ത് വാസമുറപ്പിച്ച മമ്മദ് ഹാജി, അവിടെയും, പനമരം, പുൽപ്പള്ളി എന്നീ സ്ഥലങ്ങളിലും ഹോട്ടൽ നടത്തിയിരുന്നു. അദ്ദേഹ ത്തിന്റെ സഹോദരി ഖദീജകുട്ടിയും, അവരുടെ മകൻ മൊയ്തീൻകുട്ടി ഹാജിയും പിന്നീട് വയനാട്ടിലെത്തി നെല്ലിയമ്പത്തുതന്നെ സ്ഥിരതാമസമാക്കി. മൊയ്തീൻ കുട്ടി പൊതുകാര്യപ്രസക്തനാണ്.

കുടിയേറ്റം മുത്തങ്ങയിലും

വയനാട്ടിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രമായ മുത്തങ്ങയിലും കീടക്കാട് കുടുംബത്തിന്റെ സാന്നിധ്യമുണ്ട്. കൊണ്ടോട്ടിയിൽ നിന്നും സ്വാതന്ത്ര്യപ്പിറവിക്കു തൊട്ടുമുമ്പ്, അവിടെയെത്തിച്ചേർന്ന മുഹമ്മദാണ് പ്രദേശത്തെ ആദ്യ കീടക്കാട് കുടുംബാംഗം. ഉപജീവനമാർഗം തേടി യൗവനത്തിൽ തന്നെ വയനാട്ടിലേക്കുപുറ പ്പെട്ട അദ്ദേഹം, വിവാഹാനന്തരം മുത്തങ്ങയിൽ സ്ഥിരതാമസമാക്കുകയായിരുന്നു. കോപ്പിലാൻ പാത്തുമ്മയാണ് ഭാര്യ. മക്കളായ അലവി, അഷ്റഫ്സഖാഫി, ഉസ്മാൻ, ഉമ്മർ, ഉമ്മുസൽമ, സൈനബ, ഹഫ്സത്ത് എന്നിവരിൽ അവസാനത്തെ രണ്ടുപേരുടേതൊഴികെയുള്ളവരുടെ വീടുകളാണ് ഇപ്പോൾ മുത്തങ്ങയിലുള്ളത്. ഇവരിൽ സജീവ ട്രേഡ് യൂണിയൻ പ്രവർത്തകനും, മഹല്ല് കമ്മിറ്റി ഭാരവാഹിയുമായ ഉസ്മാനും, പ്രമുഖ മതപണ്ഡിതനായ അഷ്റഫ് സഖാഫിയും എല്ലവർക്കും സുപരിചിതരാണ്. 1989-ലാണ് മുഹമ്മദ് അന്തരിച്ചത്. കണിയാമ്പറ്റ പഞ്ചായത്തിലെ കരണിയാണ് പരാമർശമർഹിക്കുന്ന മറ്റൊരു ദേശം. കരിപ്പൂരിലെ നയാബസാറിലെ കീടക്കാട് മുഹമ്മദ്കുട്ടിയുടെ മകൻ അബ്ദുറഹിമാൻ 1949 ലാണ് ഇവിടെ യെത്തിച്ചേരുന്നത്. അന്നു പത്തു വയസ്സുമാത്രം പ്രായമുണ്ടായിരുന്ന അദ്ദേഹം മീനങ്ങാടിക്കടുത്ത അരിമുള എസ്റ്റേറ്റിൽ പണിയെടുത്താണ് വയനാടൻ വാസത്തിന് തുടക്കം കുറിക്കുന്നത്. നെല്ലിയമ്പത്തെ കീടക്കാട് അബ്ദുറഹിമാന്റെ ഭാര്യ മറിയക്കുട്ടിയുടെ പിതാവ് ഏന്തീൻകുട്ടിയുടെ സഹോദര പുത്രനാണ്. അദ്ദേഹത്തിന്റെ മക്കളിൽ ഏഴുപേരുടെ വീടുകൾ ഇന്ന് കരണിയിലുണ്ട്.

കുടുംബത്തിന്റെ വർത്തമാനം

നെല്ലിയമ്പത്തെ സാമൂഹിക-രാഷ്ട്രീയ മേഖലകളിൽ കഴിഞ്ഞ ഏഴുപതിറ്റാണ്ടു കാലമായി ഈ കുടുംബത്തിന്റെ നിറസാന്നിദ്ധ്യമുണ്ട്. ഇന്ന് 400 ഓളം കുടുംബങ്ങളുള്ള അവിടത്തെ മഹല്ല് ജമാഅത്തും, പള്ളിയും സ്ഥാപിക്കാൻ മുൻകൈയെടുത്ത പ്രമുഖരിൽ കീടക്കാട് കുഞ്ഞറമുട്ടി, അബ്ദുൽ അസീസ് മുസ്ലിയാർ, മമ്മദ്ഹാജി എന്നിവരെ വിസ്മരികാതിരിക്കാനാവില്ല. ഇവരിൽ കുഞ്ഞറമുട്ടിയുടെ മകൻ അബ്ദുറഹിമാൻ അറിയപ്പെടുന്ന രാഷ്ട്രീയ നേതാവും, സാമൂഹിക പ്രവർത്തകനുമായിരുന്നു. ദീർഘകാലം മഹല്ല് ജമാഅത്തിന്റെ സാരഥ്യം വഹിച്ച അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെ അനുസ്മരിപ്പിച്ചു കൊണ്ട് മക്കളായ സൈദുമുഹമ്മദും അബ്ദുൽ ഗഫൂറും ഇപ്പോഴും കമ്മറ്റി ഭാരവാഹിത്വത്തിലുണ്ട്. മമ്മദ്ഹാജിയുടെ മകൻ ചേക്കുഹാജി, ചേക്കുട്ടിയുടെ മക്കളായ സുലൈമാൻ, ഹുസൈൻ കുഞ്ഞിമുഹമ്മദ്, അബ്ദുൽ അസീസ്മുസ്ലിയാരുടെ മകൻ മുഹമ്മദ് തുടങ്ങിയവരും രാഷ്ട്രീയ സാമൂഹികരംഗങ്ങളിൽ സജീവമാണ്. വയനാട്ടിൽ നെല്ലിയമ്പം, കണിയാമ്പറ്റ, കമ്പളക്കാട്, കരണി, പാലുകുന്ന്, മുത്തങ്ങ, എന്നീ സ്ഥലങ്ങളിലാണ് ഇപ്പോൾ പ്രധാനമായും ഈ കുടുംബത്തിന്റെ കണ്ണികളുള്ളത്. ഓരോ പ്രദേശത്തും അവിടത്തെ പൊതുസമൂഹത്തിന്റെ ഭാഗമായി നാടിന്റെയും സമുദായത്തിന്റെയും മുന്നേറ്റത്തിൽ ഇവർ പങ്കാളികളായി വരുന്നു. അതോടൊപ്പം തങ്ങളുടെ പാരമ്പര്യവും കുടുംബബന്ധങ്ങളും കാത്തു സൂക്ഷിക്കു ന്നതിലും അവർ ബദ്ധശ്രദ്ധരാണ്. വയനാട്ടിലേക്കു കുടിയേറിയ കീടക്കാട് കുടുംബാംഗങ്ങളിൽ പ്രമുഖരുടെ ജീവചരിത്രക്കുറിപ്പുകൾ സംഗ്രഹിക്കാം.

അബൂബക്കർ കണിയാമ്പറ്റ (1913-1995)

കീടക്കാട് കുടുംബത്തിൽ നിന്നും ആദ്യമായി വയനാട്ടിലെത്തി സ്ഥിരതാ മസമാക്കിയത് കരിപ്പൂരിൽ നിന്നും കണിയാമ്പറ്റയിലെത്തിയ അബൂബക്കറാണ്. പിതാവ് അബ്ദുറഹിമാൻ, സഹോദരങ്ങളായ മുഹമ്മദ്, മായൻകുട്ടി, സൈതലവി എന്നിവരെല്ലാം അദ്ദേഹത്തിനു പിന്നാലെ വയനാട്ടിലേക്കു വന്നിരുന്നു. കാർഷിക വൃത്തിയോടുള്ള താല്പര്യമാണ് അദ്ദേഹത്തെ വയനാട്ടിലെത്തിച്ചതെങ്കിലും പിന്നീട് സർക്കാർ സർവ്വീസിൽ പ്രവേശിച്ചു. വിദ്യാഭ്യാസവകുപ്പിൽ പ്യൂണായിരുന്ന അദ്ദേഹം, സർവ്വീസിൽനിന്ന് വിരമിക്കുന്നത് 1973-ലാണ്. നാട്ടുകാരായ ചില സുഹൃത്തിക്കളോടൊപ്പം കാൽനടയായി വയനാടുചുരം കയറുമ്പോൾ അദ്ദേഹത്തിന് 13 വയസ്സു മാത്രമേ പ്രായമുണ്ടായിരുന്നുള്ളൂ. ആദ്യ തവണ വന്നുതിരിച്ചു പോയശേഷം ഉമ്മ പള്ളീമയേയും കൂട്ടിയാണ് വയനാട്ടിലെത്തിയത്. പിന്നീട് വയനാട്ടിൽനിന്നു തന്നെ വിവാഹം കഴിച്ചു. ഭാര്യ ആമിന. അബ്ദുറഹിമാൻ, അയമു, മുഹമ്മദുകുട്ടി, ഹംസ, ഉസ്മാൻ, ഇസ്മായിൽ എന്നീ ആറു ആൺമക്കളും ഫാത്തിമ, സുബൈദ, ജമീല എന്നിങ്ങനെ മൂന്ന് പെൺമക്കളും അദ്ദേഹത്തിനുണ്ട്. ഇതിൽ മുഹമ്മദുകുട്ടി വിദ്യാഭ്യാസവകുപ്പിൽനിന്നും ഡ്രൈവറായി സർവ്വീസി ൽനിന്നു വിരമിച്ചു. ഹംസ കണിയാമ്പറ്റ മഹല്ല് കമ്മറ്റി വൈസ് പ്രസിഡണ്ടായും കർഷകസംഘം സെക്രട്ടറിയായും പൊതു രംഗത്തു പ്രവർത്തിച്ചുവരുന്നു.

കീടക്കാട് മൊയ്തീൻകുട്ടി - നെല്ലിയമ്പം

കൊണ്ടോട്ടി വെള്ളാരിൽ ജനിച്ച മൊയ്തീൻകുട്ടി കീടക്കാട്ട് കുഞ്ഞറമുട്ടിയുടെയും കീടക്കാട് ഇത്തൈമയുടെയും മൂത്തമകനാണ്. പനമരത്തിനടുത്ത് നെല്ലിയമ്പത്ത് കുടിയേറിയ അദ്ദേഹത്തോടൊപ്പം സഹോദരങ്ങളായ ചേക്കുട്ടി, അബ്ദു റഹിമാൻകുട്ടി എന്നിവരും സഹോദരി ഇത്തിരിക്കുട്ടിയും (ഭർത്താവ് പന്തലൻ കുന്നൻ അഹമ്മദ്കുട്ടി, കണിയാമ്പറ്റ) വയനാട്ടിലെത്തി. നാട്ടിൽനിന്നു വരുമ്പോൾ ബീഡി, പപ്പടം എന്നിവ കൊണ്ടുവന്ന് വയനാട്ടിൽ വിൽക്കും. പാലുകുന്ന് ചന്ദ്രയ്യ ഗൗഡറുടെ എസ്റ്റേറ്റിൽ ജോലിക്കുപോകും. എസ്റ്റേറ്റിനോടു ചേർന്ന പാടിയിലും കുറച്ചു കാലം താമസിച്ചിട്ടുണ്ട്. 73-ാമത്തെ വയസ്സിൽ 1996-ലാണ് അദ്ദേഹത്തിന്റെ അന്ത്യം. കീടക്കാട് അബ്ദുൽ അസീസ് മുസ്ലിയാരുടെ മകൾ പാത്തുമ്മുണ്ണി, വട്ടപ്പറമ്പിൽ കുഞ്ഞഹമ്മദിന്റെ മകൾ പാത്തുമ്മ എന്നിവർ ഭാര്യമാർ, ബാവ (മുഹമ്മദ്), അബ്ദുറഹിമാൻ, ഫാത്തിമ, ആയിഷ, ഇമ, സുഹറ, സുമയ്യ, മുഹമ്മദ് എന്നിവർ മക്കളാണ്.

ചേക്കുട്ടി നെല്ലിയമ്പം

കീടക്കാട് കുഞ്ഞറമുട്ടിയുടെയും ഇത്തൈമയുടെയും രണ്ടാമത്തെ പുത്രനായ ചേക്കുട്ടി സഹോദരങ്ങളോടൊപ്പം നെല്ലിയമ്പത്ത് കുടിയേറിയ പ്രമുഖനാണ്. ശാരീരിക പ്രയാസത്തെ മറികടന്നു, മണ്ണിൽ പൊന്നുവിളയിച്ച അദ്ദേഹം 30 വർഷത്തോളം കച്ചവടത്തിലും ഏർപ്പെട്ടിരുന്നു. 55-ാമത്തെ വയസ്സിൽ 1987 ജൂൺ 16-ന് അന്തരിച്ചു. ഏത് വിഷയത്തിലും വ്യക്തമായ കാഴ്ചപ്പാടും ഉറച്ച തീരുമാനവും അദ്ദേഹം കൈക്കൊണ്ടിരുന്നു. ഏറനാട്ടിൽനിന്നും വയനാട്ടിൽ തൊഴിൽ തേടിയെത്തുന്നവർക്ക് ഭക്ഷണവും, അഭയവും നൽകി സഹായിക്കുന്നതിലും അദ്ദേഹം മുൻപന്തിയിലുണ്ടായിരുന്നു. കീടക്കാട് കുഞ്ഞഹമ്മദിന്റെ മകൾ ആയിശ കുട്ടി ഹജ്ജുമ്മയായിരുന്നു ഭാര്യ. സുലൈമാൻ, ഹുസൈൻ, കുഞ്ഞിമുഹമ്മദ്, ഫാത്തിമ, ആയിഷ എന്നിവർ മക്കളാണ്. ഇതിൽ കുഞ്ഞിമുഹമ്മദ് ആയുർവ്വേദ മെഡിക്കൽ ഡിപ്പാർട്ട്മെന്റ് ജീവനക്കാരനും, സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ സംസ്ഥാനതലഭാരവാഹിയുമാണ്. ഹുസൈൻ സി.എച്ച്. സെന്റർ കണിയാമ്പറ്റ പഞ്ചായത്ത് വൈസ് ചെയർമാൻ, മുസ്ലിംലീഗ് പഞ്ചായത്ത് സെക്രട്ടറി, നെല്ലിയമ്പം മഹല്ലുകമ്മറ്റി അംഗം എന്നീ സ്ഥാനങ്ങൾ വഹിച്ചു വരുന്നു.

അബ്ദുറഹിമാൻകുട്ടി നെല്ലിയമ്പം

കീടക്കാട് കുഞ്ഞറമുട്ടിയുടെയും ഇത്തൈമയുടെയും മകനായ അബ്ദുറഹിമാൻ കുട്ടി സഹോദരങ്ങൾക്കൊപ്പം വയനാട്ടിലെത്തി. കൃഷിയും കച്ചവടവുമൊക്കെയായി ജീവിതം നയിച്ചു. പ്രദേശത്തെ കർഷകരിൽനിന്നും ഇഞ്ചിയെടുത്ത് കൊട്ടപ്പുറത്തു കൊണ്ടുപോയി ചുക്കാക്കി വിൽക്കുമായിരുന്നു. ചെറിയ തോതിലുള്ള കോൺട്രാക്ട് ജോലികളും ചെയ്തിട്ടുണ്ട്. സർവ്വസമ്മതനായ പൊതുപ്രവർത്തകനായാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. നെല്ലിയമ്പം മഹല്ല് സെക്രട്ടറി, പ്രസിഡണ്ട്, മുസ്ലിം ലീഗ് കണിയാമ്പറ്റ പഞ്ചായത്ത് വൈസ്പ്രസിഡണ്ട്, ജില്ലാ കമ്മറ്റിയംഗം എന്നിങ്ങനെ വിവിധ സ്ഥാനങ്ങൾ വഹിച്ചു. നാട്ടിലെ മിക്ക പ്രശ്നങ്ങളും മധ്യസ്ഥന്റെ റോളിൽ രമ്യമായി പരിഹരിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. മഹല്ലിന്റെയും നാടിന്റെയും വികസനപ്രവർത്തനങ്ങളിൽ മുൻനിരയിലുണ്ടായിരുന്ന അദ്ദേഹം 63-ാം വയസ്സിൽ 1993 സെപ്റ്റംബർ 27 ന് അന്തരിച്ചു. മറിയക്കുട്ടി, സൈനബ എന്നിവരാണ് ഭാര്യമാർ. സൈദ് മുഹമ്മദ്, അബൂബക്കർ, അബ്ദു ൽ കരീം, ഹസൻ, അബ്ദുൽ അസീസ്, ഹുസൈൻ ആമിന, നഫീസ, ഫാത്തിമ, സുബൈദ, സലീന, അബ്ദുൽ ലത്തീഫ്, അബ്ദുൽ ഗഫൂർ, അബ്ദുൽ ഹമീദ്, ആയിഷ, അസ്മാബി, സുഫൈദത്ത്, റൈഹാനത്ത് എന്നിവർ മക്കളാണ്. ഇവരിൽ സൈദുമുഹമ്മദ്, അബ്ദുൽ കരീം, അബ്ദുൽ ഗഫൂർ എന്നിവർ രാഷ്ട്രീയ സാമൂഹികരംഗങ്ങളിൽ സജീവമാണ്.

മമ്മദ്ഹാജി നെല്ലിയമ്പം

കൊണ്ടോട്ടിയിൽ വെള്ളാരിൽനിന്നും നെല്ലിയമ്പത്തെത്തിയ മമ്മദ്ഹാജി കീടക്കാട്ട് ചേക്കുട്ടിയുടെയും കദീജയുടെയും മകനാണ്. കീടക്കാട്ട് മൊയ്തീൻകുട്ടിയോടൊപ്പമാണ് അദ്ദേഹം വയനാട്ടിലെത്തുന്നത്. പനമരം, നെല്ലിയമ്പം, പുൽപ്പള്ളി എന്നീ സ്ഥലങ്ങളിൽ ഹോട്ടൽ നടത്തിയിരുന്നു. ദീർഘകാലം നെല്ലിയമ്പം മഹല്ല് കമ്മറ്റിയംഗമായിരുന്ന അദ്ദേഹത്തിന് എല്ലാ വിഭാഗം ജനങ്ങളുടെയും ആദരവ് ലഭിച്ചിരുന്നു. കുഞ്ഞാത്തുട്ടിയാണ് ഭാര്യ. രണ്ടുപതിറ്റാണ്ടു കാലമായി മഹല്ല് കമ്മറ്റിയിൽ പ്രവർത്തിച്ചുവരുന്ന ചേക്കുഹാജി, കദീജ, ഉമ്മാത്തക്കുട്ടി, നബീസ, ഫാത്തിമ, ആമിന, ആയിഷ എന്നിവർ മക്കളാണ്. 1994-ൽ 75-ാം വയസ്സിൽ അന്തരിച്ചു.

അബ്ദുൽ അസീസ് മുസ്ലിയാർ, നെല്ലിയമ്പം

പ്രമുഖപണ്ഡിതനും മമ്പുറം മൗലിദ്, നാഗുർ മൗലിദ് തുടങ്ങിയ മൗലിദ് ഗ്രന്ഥങ്ങളുടെ കർത്താവുമായ കീടക്കാട്ട് ആലിക്കുട്ടി മുസ്ലിയാരുടെ പുത്രനാണ് അബ്ദുൽ അസീസ് മുസ്ലിയാർ. മതപണ്ഡിതനായിരുന്നുവെങ്കിലും പള്ളികളിൽ സ്ഥിരമായി ജോലി ചെയ്യുന്നതിൽ തല്പരനായിരുന്നില്ല. കൊട്ടപ്പുറത്തും, പിന്നീട് കൊണ്ടോട്ടി ഖുബ്ബയുടെ പരിസരത്തും കച്ചവടമുണ്ടായിരുന്നു. ഒരു വർഷക്കാലത്തെ വെള്ളപ്പൊക്കത്തിൽ കടയിലെ സാധനങ്ങൾ മുഴുവൻ നശിച്ചതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായി. തുടർന്ന് കടം പെരുകി വീടും സ്ഥലവുമെല്ലാം നഷ്ടമായപ്പോൾ വയനാട്ടിലേക്കു തിരിച്ചു. കുറച്ചുകാലം പാലുകുന്ന് എസ്റ്റേറ്റിൽ ജോലി ചെയ്തു. പിന്നെ നെല്ലിയമ്പത്ത് സ്ഥിരതാമസമാക്കി. സമ്പന്നരുടെ ഗൃഹങ്ങളിൽനിന്നു നെല്ല് വാങ്ങി കുത്തി അരിയാക്കി നൽകുന്ന ജോലി തുടങ്ങി. ഇതിനായി വീട്ടിൽ പ്രത്യേക സംവിധാനം സജ്ജമാക്കിയിരുന്നു. അമ്പലങ്ങാടൻ പാത്തുമ്മക്കുട്ടിയായിരുന്നു ഭാര്യ. മുഹമ്മദ്, പാത്തുമ്മക്കുട്ടി, ആയമ്മക്കുട്ടി, ആയിഷാബീവി, ആസ്യ എന്നിവർ മക്കളാണ്. 1968-ലാണ് അന്ത്യം.

കീടക്കാട് ബാവ നെല്ലിയമ്പം

കീടക്കാട് മൊയ്തീൻ കുട്ടിയുടെയും, പാത്തുമുണ്ണിയുടേയും, മൂത്ത മകനായിരുന്നു ബാവ എന്ന മുഹമ്മദ്. 1951-ൽ ജനിച്ചു. നെല്ലിയമ്പം ഖുവ്വത്തുൽ ഇസ്ലാം മഹല്ല് കമ്മറ്റി പ്രസിഡണ്ട്, സെകട്ടറി, താഴെ നെല്ലിയമ്പം യാസീൻ മസ്ജിദ് പ്രസിഡണ്ട്, കണിയാമ്പറ്റ പഞ്ചായത്ത് ലീഗ് വൈസ് പ്രസിഡണ്ട് എന്നീ സ്ഥാനങ്ങൾ വഹിച്ചി രുന്നു. ദീർഘകാലം റേഷൻ വ്യാപാരിയായിരുന്നു. കൊണ്ടോട്ടി തെക്കിട്ടിൽ അബൂബക്കറിന്റെ മകൾ സുത്തമ്മയാണ് ഭാര്യ. ഉസ്മാൻ, റസിയ, ജമീല, ഹമീദ്, അസ്മ, നജീബ്, ഫൈസൽ എന്നിവർ മക്കളാണ്. 2018 ജൂൺ ഒന്നിന് 67-ാം വയസ്സിൽ ബാവ മരണപ്പെട്ടു.

കുഞ്ഞിമുഹമ്മദ്, പാലുകുന്ന്

1885-ൽ കൊണ്ടോട്ടിയിലെ വെള്ളാരിലാണ് കുഞ്ഞിമുഹമ്മദിന്റെ ജനനം. കീടക്കാട്ട് കുഞ്ഞാറമുട്ടിയുടെ മകൻ ചേക്കുട്ടിയായിരുന്നു പിതാവ്. വയനാട്ടിൽ ജോലിക്കുപോയ മകൻ അഹമ്മദിന്റെയും സുഹൃത്തുക്കളും ബന്ധുക്കളുമായ മറ്റു ചിലരുടെയും ക്ഷണമനുസരിച്ചാണ് കുഞ്ഞിമുഹമ്മദ് വയനാട്ടിലേക്കു വരുന്നത്. മൊയ്തീൻകുട്ടി, ചേക്കുട്ടി, അഹമ്മദ്, ഹസൻ മുഹമ്മദ് പാത്തുമ്മക്കുട്ടി, ആയിശക്കുട്ടി എന്നിവരാണ് മക്കൾ ഭാര്യ മമ്മീര്യം. ഇവരിൽ അഹമ്മദ് ഒഴികെയുള്ള മൂന്നു ആൺ മക്കളും നേരത്തെ മരണപ്പെട്ടിരുന്നു. ഇപ്പോൾ നെല്ലിയമ്പം ഗവ.എൽ. പി.സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് വീടുവച്ചു താമസിച്ചിരുന്ന അദ്ദേഹം വിവിധ കാർഷികജോലികളിൽ ഏർപ്പെട്ടിരുന്നു. മകൻ, അഹമ്മദ് പാലുകുന്നിൽ വീടുവെച്ചതോടെ താമസം അദ്ദേഹത്തോടൊപ്പമായി. എൺപതാം വയസ്സിൽ 1965- ൽ മരിച്ചു. കൂളിവയൽ ഖബർസ്ഥാനിൽ അന്ത്യവിശ്രമം കൊള്ളുന്നു.

കീടക്കാട്ട് അഹമ്മദ്, പാലുകുന്ന്

കീടക്കാട്ട് കുഞ്ഞിമുഹമ്മദിന്റെയും, മമ്മീര്യത്തിന്റെയും മകനായി, 1930-ൽ കൊണ്ടോട്ടി വെള്ളാരിലാണ് അഹമ്മദിന്റെ ജനനം 1946-ൽ വയനാട്ടിലെത്തി. പാലുകുന്ന് ചന്ദ്രഗൗഡറുടെ എസ്റ്റേറ്റിൽ ജോലിക്കാരനായാണ് വയനാട്ടിൽ എത്തിയത്. 1951-ൽ കീടക്കാട്ട് അബ്ദുൽ അസീസ് മുസ്ലിയാരുടെ മകൾ ആയമ്മക്കുട്ടിയെ വിവാഹം ചെയ്തു. പാലുകുന്നിൽ സ്ഥിരതാമസമാക്കിയ ശേഷം എസ്റ്റേറ്റ് ജോലി മതിയാക്കി കച്ചവടത്തിലേർപ്പെട്ടു. പാലുകുന്നിൽ നമസ്കാരപ്പള്ളിയും മഹല്ലും സ്ഥാപിക്കുന്നതിൽ പ്രധാന പങ്കു വഹിച്ചു . 1972 ഏപ്രിൽ 12-ന് 43-ാം വയസ്സിൽ അന്തരിച്ചു. ഫാത്തിമ, നബീസ, ആസ്യ, മുഹമ്മദ്, അബ്ദുറഹിമാൻ, അബൂബക്കർ, ബാവ എന്നിവർ മക്കളാണ്. അബ്ദുറഹിമാൻ പാലുകുന്ന് ജുമാമസ്ജിദ് കമ്മിറ്റിയംഗവും, സാമൂഹിക പ്രവർത്തകനുമാണ്. അബൂബക്കർ റവന്യൂ ഡിപ്പാർട്ട്മെന്റ് ജീവനക്കാരനാണ്. ഹയർ സെക്കണ്ടറി സ്കൂൾ അദ്ധ്യാപകനായ ഡോ. ബാവ. കെ പാലുകുന്ന് എഴുത്തുകാരനും, സാംസ്കാരിക പ്രവർത്തകനുമാണ്. മോയിൻകുട്ടി വൈദ്യരുടെ കൃതികളെ ആസ്പദമാക്കിയുള്ള ഗവേഷണത്തിന് കോഴിക്കോട് സർവ്വകലാശാലയിൽനിന്നും ഡോക്ടറേറ്റ് ലഭിച്ചിട്ടുണ്ട്. ഇപ്പോൾ മീനങ്ങാടിയിലാണ് സ്ഥിരതാമസം.

അബ്ദുറഹിമാൻകുട്ടി, കരണി

കരിപ്പൂർ നയാബസാറിലെ മുഹമ്മദുകുട്ടിയുടെ മകനായി 1939 ൽ ജനിച്ചു. പത്തു വയസ്സ് പ്രായമുള്ളപ്പോൾ ഇന്ന് കണിയാമ്പറ്റ പഞ്ചായത്തിലുൾപ്പെടുന്ന കരണിയിലെത്തിച്ചേർന്നു. മീനങ്ങാടിക്കടുത്ത അരിമുള എസ്റ്റേറ്റിൽ വർഷങ്ങളോളം ജോലി ചെയ്തു. പിന്നീട് മരക്കച്ചവടം തൊഴിലായി സ്വീകരിച്ചു. കരണിയിലെ കുഞ്ഞയമൂട്ടിയുടെ മകൾ നബീസയെ വിവാഹം ചെയ്തു. കുഞ്ഞിമുഹമ്മദ്, യൂസഫ്, ആമിന, ജമീല, അബ്ദുൽ റഷീദ്, ആയിഷ, ഷാജഹാൻ, റസിയ, അബ്ദുൽ അസീസ് എന്നിവർ മക്കളാണ് വിപുലമായ സൗഹൃദബന്ധത്തിനുടമയായിരുന്ന അദ്ദേഹം 2012 ഏപ്രിൽ 20 ന് വിട പറഞ്ഞു.

വെളിച്ചം ചൊരിഞ്ഞ വിളക്കുമാടങ്ങൾ

കീടക്കാട്ട് ഉണ്ണിപോക്കർ ഹാജി (1860-1957 ജൂൺ -15)

കീടക്കാട്ട് പാലക്കോട്ട് അബ്ദുറഹിമാന്‍കുട്ടി മൊല്ലയുടെ അഞ്ച് മക്കളില്‍ രണ്ടാമത്തെ മകനാണ് ഉണ്ണിപ്പോക്കര്‍ ഹാജി. അദ്ദേഹത്തിന്‍റെ സഹോദരന്മാരായിരുന്നു വീരാന്‍കുട്ടി മുസ്‌ലിയാര്‍, മുഹമ്മദ്അലി, അഹമ്മദ്, മോനുദ്ദീന്‍ മുസ്‌ലിയാര്‍ എന്നിവര്‍. പ്രസിദ്ധ സൂഫിവര്യനും മതപണ്ഡിതനും ചികിത്സകനുമായിരുന്ന ഉണ്ണിപോക്കര്‍ഹാജി ക്രി. 1860ല്‍ ജനിച്ചു. ചെറുപ്പം മുതലേ ദീനി രംഗത്ത് ഉത്സുകനായിരുന്നു. വളരെ ചെറിയ പ്രായത്തില്‍ തന്നെ ഖുര്‍ആന്‍ 30 ജുസ്ഉം മനഃപാഠമാക്കി. തയ്യിലെ ഓത്തു പള്ളിയടക്കം അനേകം പള്ളി-ദര്‍സുകളില്‍ ഉസ്താദായും പല മഹല്ലുകളിലും ഖാദി ഖത്തീബായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. നൂറുകണക്കിന് ശിഷ്യഗണങ്ങളും ഒട്ടേറെ അനുയായികളുമുള്ള സൂഫിവര്യനായിരുന്നു അദ്ദേഹം. സത്യസന്ധത, ലാളിത്യം, മഹാമനസ്കത, സഹജീവി സ്നേഹം, അനാചാരങ്ങള്‍ക്കും അന്ധവിശ്വാസത്തിനുമെതിരായ ഉറച്ച നിലപാട് തുടങ്ങിയവ കൊണ്ട് വേറിട്ട വ്യക്തിത്വമായിരുന്നു ഉണ്ണിപോക്കര്‍ ഹാജിയുടേത്.

ആദ്യ ഹജ്ജ് യാത്ര

1902ൽ ആണ് അദ്ദേഹം ആദ്യ ഹജ്ജ് നിർവഹിച്ചത്. സ്വന്തം സ്വത്ത് വിറ്റാണ് ഹജ്ജിന് പോകാനുള്ള പണം സ്വരൂപിച്ചത്. ഭാര്യയെയും അഞ്ച് മക്കളേയും ചെലവിന് വക നൽകി ബന്ധുക്കളെയേൽപ്പിച്ചാണ് സാഹസികമായ ഹജ്ജ് യാത്രക്ക് പോയത്. അന്നത്തെ ഹജ്ജ് യാത്ര പായക്കപ്പലിലായിരുന്നു. മാസങ്ങളോളം കടലിൽ ചെലവഴിക്കേണ്ടി വന്നു. ചിലപ്പോൾ ഭക്ഷണവും വെള്ളവും കിട്ടാതെവരും. കരയിലണഞ്ഞാൽ പിന്നെ ഒട്ടകപ്പുറത്ത് ദുർഘടമായ വഴികൾ താണ്ടി വേണം ലക്ഷ്യസ്ഥാനത്ത് എത്താൻ. ഒട്ടകം വാടകക്ക് എടുക്കാൻ കഴിവില്ലാത്തവർ കല്ലും മുള്ളും നിറഞ്ഞ വഴികളിലൂടെ നടന്നു നീങ്ങണം. ഹജ്ജിന് വരുന്ന വിശ്വാസികളുടെ ഭക്ഷണവസ്തുക്കളും പണവും കൈവശപ്പെടുത്തുകയും ദേഹോപദ്രവം ഏൽപിക്കുകയും ചെയ്യുന്ന ബദുക്കൾ അന്ന് അറേബ്യയിലെമ്പാടുമുണ്ടായിരുന്നു. അക്കാലത്ത് അറേബ്യ പെട്രോ ഡോളറിന്റെ പുളപ്പിലായിരുന്നില്ല. സാമ്പത്തികമായി ഏറെ പിന്നാക്കം നിൽക്കുന്ന രാജ്യമായിരുന്നു അത്. ഉണ്ണിപോക്കർ ഹാജി. രണ്ട് വർഷം അവിടെ താമസിച്ച് രണ്ട് ഹജ്ജ് ചെയ്താണ് നാട്ടിലേക്ക് മടങ്ങിയത്. അദ്ദേഹത്തിന്റെ രണ്ടാമത്തെ ഹജ്ജ് യാത്ര 1909ൽ ഇളയുപ്പയായ കീടക്കാട്ട് തെക്ക് വീട്ടിൽ അഹമ്മദ് ഹാജിയോടൊപ്പമായിരുന്നു. അഹമ്മദ് ഹാജിയുടെ ആവശ്യപ കാരമായിരുന്നു ആ യാത്ര. ആ യാത്രയിൽ ഹജ്ജിനു ശേഷം മദീനയാത് കഴിഞ്ഞു തിരിച്ചുവരുമ്പോൾ ജിറാനത്ത് എന്ന സ്ഥലത്ത് വച്ച് അഹമ്മദ് ഹാജി മരണപ്പെട്ടു. അദ്ദേഹത്തിന്റെ മയ്യിത്ത് മക്കയിൽ ഖബറടക്കി.

ചികിത്സ

ഉണ്ണിപോക്കർ ഹാജി പ്രസിദ്ധനായ വൈദ്യനായിരുന്നു. ആയുർവേദ-പച്ച മരുന്നുകളായിരുന്നു ഔഷധങ്ങളായി ഉപയോഗിച്ചിരുന്നത്. ഇന്നത്തെപ്പോലെ ചികിത്സാ സൗകര്യങ്ങൾ അക്കാല ത്തുണ്ടായിരുന്നില്ല. വിശുദ്ധ ഖുർആൻ സൂക്തങ്ങളും ഹാജി സാഹിബ് ചികിത്സക്ക് ഉപയോഗിച്ചിരുന്നു. അങ്ങേയറ്റത്തെ അന്ധവിശ്വാസവും നിരക്ഷരതയും കൊടികുത്തി വാഴുന്ന കാലമായിരുന്നു അത്. കാണുന്നതും കേൾക്കുന്നതുമെല്ലാം പേടി. ചെകുത്താൻമാരും കുട്ടിച്ചാത്തൻമാരും പിശാചുക്കളും പൊട്ടിക്കൂട്ടം, ഒടിയന്മാരും അരങ്ങുവാഴുന്ന കാലം. വിശുദ്ധ ഖുർആനിലെ ആയത്തുൽ ഖുർസിയ്യ്, ഫാത്വിഹ മറ്റു സൂറത്തുകൾ എന്നിവ ഉണ്ണി പോക്കർ ഹാജി ഉറക്കെ ഓതുമ്പോൾ തന്നെ എല്ലാ മാരണങ്ങളും പോയി മറയും. രോഗിക്ക് ശമനം തോന്നും. ജാതി മത-ഭേദമന്യേ രോഗികൾ അദ്ദേഹത്തെ തേടിവന്നിരുന്നു. 1956-ൽ ആലിപ്പറമ്പ് എരഞ്ഞിക്കൽ താമസിക്കുമ്പോൾ, ഒരു സുഹൃത്ത് രാത്രി സമയത്ത് കഠിനമായവയറുവേദന കൊണ്ട് പൊറുതിമുട്ടി നിലവിളിക്കുന്നത് അദ്ദേഹം കേൾക്കാനിടയായി. പിറ്റേ ദിവസം രാവിലെ അദ്ദേഹത്തോട് 7 കരിങ്കൽ കഷ്ണങ്ങൾ പെറുക്കിക്കൊണ്ടുവരാൻ ഹാജി ആവശ്യപ്പെട്ടു. ആ കരിങ്കൽ കഷ്ണങ്ങൾ ഇട്ട് വെള്ളം തിളപ്പിച്ച് ഏഴ് ദിവസം കുടിക്കാൻ ആവശ്യപ്പെട്ടു. അതിനു ശേഷം യാതൊരു അസുഖവുമില്ലാതെ ഇരുപത് കൊല്ലത്തോളം അയാൾ ജീവിച്ചു. ഉണ്ണിപ്പോക്കർ ഹാജിക്ക് ചികിത്സ പണം വാരാനുള്ള മാർഗമായിരുന്നില്ല. ഒരു ദിവസത്തെ ഉപജീവനത്തിന് വേണ്ടത് മാത്രമേ സ്വീകരിച്ചിരുന്നുള്ളൂ. പിന്നെ ആര് എന്ത് കൊടുത്താലും സ്വീകരിക്കുകയില്ല. ഇന്നത്തെ ദിവസത്തിന്റെ ആവശ്യം എനിക്ക് പൂർത്തിയായിട്ടുണ്ട്. നാളത്തെ കാര്യം ഇന്ന് ആലോചിക്കേണ്ട. അതിന് അല്ലാഹുവിന്റെ കൽപനയുമില്ല എന്നാ യിരുന്നു മറുപടി.

അന്ധവിശ്വാസത്തിന്റെ അന്തകൻ

മതത്തിന്റേയും ചികിത്സയുടേയും പേരിൽ നടക്കുന്ന തെറ്റായ എല്ലാ പ്രവർത്തനങ്ങളേയും സൂഫിവര്യനായ ഉണ്ണിപോക്കർ ഹാജി നഖശിഖാന്തം എതിർത്തു. അദ്ദേഹത്തിന്റെ രണ്ടാമത്തെ ഭാര്യ ഇത്തിക്കുട്ടി ഉമ്മ പറഞ്ഞ ഒരു സംഭവം ഈ വസ്തുതക്ക് അടിവരയിടുന്നതാണ്. ഇത്തിക്കുട്ടി ഉമ്മയുടെ തന്നെ വാക്കുകളിൽ അതിങ്ങനെ കുറിക്കാം. എന്റെ ബാപ്പ പേങ്ങാട്ടിരി മൂസ, ഉമ്മ ഫാത്വിമ, സഹോദരിമാർ മുതലായ എല്ലാവർക്കും ഒരിക്കൽ കോളറ രോഗം പിടിപ്പെട്ടു. പ്രദേശത്തെ മറ്റു പല വീടുകളിലും അത് പടർന്നുപിടിച്ചിരുന്നു. ഒരു ദിവസം കൊണ്ടു തന്നെ മരണം എന്ന നിലയിലായിരുന്നു ഞാനും മൂപ്പരും (ഉണ്ണിപോക്കർ ഹാജി). വിവരമറിഞ്ഞ് കുടീല് എത്തിയപ്പോഴേക്ക് മഗ്‌രിബ് കഴിഞ്ഞിരുന്നു. ഉണ്ണിപോക്കർ ഹാജിയും ഭാര്യയും അവശരായ കുടുംബാംഗങ്ങളെ കണ്ട് പുറത്തുവന്നപ്പോൾ, ഹാജി വിചിത്രമായ ഒരു കാഴ്ചകണ്ടു. കുറച്ച് ആളുകൾ ഒരു കാളയേയും കൊണ്ട് പുരയുടെ ചുറ്റും നടക്കുന്ന രംഗമായിരുന്നു അത്. ഹാജി കാര്യങ്ങൾ അന്വേഷിച്ചപ്പോൾ അത് അങ്ങാടിപ്പുറം തങ്ങളും കൂട്ടരുമാണന്നറിഞ്ഞു. ഇങ്ങനെയുള്ള (ഒബാഅ്) (പകർച്ചവ്യാധി) പിടിപ്പെട്ടാലുളള ചികിത്സയാണിതെന്ന് അവർ പറഞ്ഞു. ശൈത്താനാണ് കോളറ പടർത്തുന്ന തെന്നും അതുകൊണ്ട് ശൈത്താനെ ആട്ടി വിടാനാണ് പുരക്ക് ചുറ്റും കാളയെ കൊണ്ട് പ്രദക്ഷിണം വയ്ക്കുന്നതെന്നും അവർ ഹാജിയോട് സൂചിപ്പിച്ചു. ഉണ്ണിപോക്കർ ഹാജി അവരോട് (നിങ്ങൾ മിബ് നിസ്കരിച്ചോ? എന്ന് ചോദിച്ചു. ഇല്ല) എന്നായിരുന്നു മറുപടി. എന്നാൽ വുളു എടുക്കൂ. നിസ്കരിക്കു ശൈത്താനെ ആട്ടി വിടാനുള്ള ഒന്നാമത്തെ ചികിത്സ നിസ്കാരമാണെന്നും അവരോട് പറഞ്ഞു. ഉടനെതന്നെ അവരെല്ലാം വുളു എടുത്ത് നിസ്കരിച്ചു. ഹാജി കാളയെ മരത്തിൽ കെട്ടാൻ കൽപ്പിച്ചു. അദ്ദേഹം അകത്തേക്ക് പോയി. ഭാര്യാമാതാവ് മരണാസന്നയായിരുന്നു. അവർക്ക് ശഹാദത്ത് ചൊല്ലിക്കൊടുത്തു. അവർ മരിച്ചു. പുറത്ത് വന്നു ഹാജി തങ്ങളോടും കൂട്ടരോടും പറഞ്ഞു. കാള മരണത്തെ തടുക്കുകയില്ല. ഇങ്ങനെയുള്ള രോഗത്തിന് കാളയേയും കുതിരയേയും മറ്റു മൃഗങ്ങളേയും കൊണ്ട് പുരചുറ്റാൻ ആരും കൽപിച്ചിട്ടില്ല. പിരിഞ്ഞുപോയ്കൊള്ളൂ. ഇവിടെ വേറെ പണിയുണ്ട്. ഹാജിയുടെ ഭാര്യ തുടരുന്നു: ബാപ്പ ബോധം നശിച്ച് കിടക്കുന്നു. പിറ്റെ ദിവസം ഉമ്മയെ മറവ് ചെയ്തു. മണിക്കൂറുകൾക്കകം സഹോദരിയും മരിച്ചു. ബാപ്പാക്കും മറ്റു രോഗമുള്ളവർക്കും കുവയുടെ നീറ്റിൽ സ്വന്തം ഗുളിക കലക്കിക്കൊടുത്തു. മലര് പൊടി കഞ്ഞി കൊടുക്കാൻ കൽപ്പിച്ചു. നാലാം ദിവസം ബാപ്പ കണ്ണ് തുറന്നു. ഉമ്മയെ വിളിച്ചു. ഉമ്മ മരിച്ച വിവരം പറഞ്ഞപ്പോൾ വീണ്ടും ബോധം പോയി. പിന്നീട് എട്ടാം ദിവസമാണ് ബോധം വന്നത്. ഹാജിയുടെ ചികിത്സാ ഫലമായി മറ്റു രോഗികളും സുഖംപ്രാപിച്ചു. രോഗം കാരണം ഭാര്യ പിതാവിന്റെ ഒരു കണ്ണ് നഷ്ടപ്പെട്ടിരുന്നു. ഈ കാളകെട്ടി ചികിത്സക്ക് രണ്ട് ഹെക്ടർ പറമ്പ് 25 രൂപക്ക് പണയം കൊടുത്തിരുന്നു. കാളക്ക് അഞ്ച് രൂപയും, തങ്ങൾക്ക് 10 രൂപയും മറ്റെല്ലാവർക്കും കൂടി അഞ്ച് രൂപയുമാണ് കൊടുത്തിരു ന്നത്. പിന്നീട് ആ പറമ്പ് ഒഴിപ്പിച്ചെടുക്കാൻ സാധിച്ചില്ല. പണയക്കാരൻ സ്വന്തമാക്കി. ഉണ്ണിപോക്കർ ഹാജിയുടെ ഭാര്യാ കുടുംബത്തിന് കിടപ്പാടം നഷ്ടപ്പെട്ടു. ഒടുവിൽ വയനാട്ടിലും കോഴിക്കോട്ടും മാവൂരിലും മാറിമാറി താമസിച്ചു. ഈ നഷ്ടപ്പെട്ട ഭൂമിയുടെ കാര്യം ഭാര്യ പറയുമ്പോൾ വിശാലമായ സൗകര്യമുള്ള സ്ഥലം സ്വർഗമാണ് അതിന്റെ കാര്യം പറഞ്ഞോ എന്നായിരുന്നു ഹാജിയുടെ മറുപടി. അദ്ദേഹത്തിന്റെ രണ്ടാം ഭാര്യ ഖുർആനിന്റെ ഏതാനും ഭാഗം മനഃപാഠമാക്കിയവരും നല്ല മതനിഷ്ഠയുള്ളവരുമായിരുന്നു. അവർക്ക് ആറ് ആൺമക്കളുണ്ടായിരുന്നു. ഉണ്ണിപോക്കർ ഹാജിക്ക് ആദ്യ ഭാര്യയിലുണ്ടായിരുന്നത് രണ്ട് ആൺമക്കളാണ്. മതപരമായ വിഷയത്തിൽ ഉണ്ണിപോക്കർ ഹാജി ഫത്വ നൽകിയിരുന്നു. 1930ൽ പുളിക്കൽ പഞ്ചായത്തിലെ കൊട്ടപ്പുറം എന്ന സ്ഥലത്ത് താമസിച്ചിരുന്നപ്പോൾ, അക്കാലത്ത് നിലവിലുണ്ടായിരുന്ന രീതിയായ ഒരു ഗ്രാമത്തിൽ ഒരു ജുമുഅ എന്നതിനെ സംബന്ധിച്ചുള്ള മതവിധി ചോദിച്ചപ്പോൾ ഏറ്റവും പുരോഗമനപരമായ അഭിപ്രായമാണ് നൽകിയത്. അന്നത്തെ രീതി അനുസരിച്ച് ഒരു വെള്ളിയാഴ്ച്ച കൊട്ടപ്പുറത്ത് ജുമുഅ നടന്നാൽ അടുത്ത വെള്ളിയാഴ്ച പുളിക്കലിൽ എന്നായിരുന്നു. ഇത് ജനങ്ങൾക്ക് വലിയ പ്രയാസം സൃഷ്ടിച്ചു. കൊട്ടപ്പുറം നിവാസികൾ ഇക്കാര്യം ഹാജിയുടെ ശ്രദ്ധയിൽ പെടുത്തിയപ്പോഴാണ് അദ്ധേഹം ഫത്വ നൽകിയത്. കൊട്ടപ്പുറം പള്ളിയിൽ എല്ലാ വെള്ളിയാഴ്ച്ചയും ജുമുഅ നടത്താമെന്നും, ആദ്യകാലത്ത് ജനങ്ങൾ കുറവായതുകൊണ്ടാണ് ചില നിബന്ധനകൾ വച്ചതെന്നും അതിനാൽ ജനങ്ങൾ ഒരുമിക്കുന്ന ഏത് സ്ഥലത്തും ജുമുഅ നടത്താമെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെ കൊട്ടപ്പുറം പള്ളി യിലെ ഖത്തീബ് സ്ഥാനം ജനങ്ങൾ അദ്ദേഹത്തിന് നൽകി. കൊട്ടപ്പുറത്തെ ആലം പൊറ്റ പറമ്പിലായിരുന്ന ഹാജി താമസിച്ചിരുന്നത്. 1934ൽ ഹാജിയുടെ മകൻ മുഹമ്മദ് മുസ്ലിയാർ ഖാദി സ്ഥാനം ഏറ്റെടുത്തു. വലിയപറമ്പ് പടിഞ്ഞാറെ ജുമുഅത്ത് പള്ളിയിലും കോഴിപ്പുറം (പള്ളിക്കൽ) പള്ളിയിലും ഖത്തീബായി ജോലി ചെയ്തിട്ടുണ്ട്. നാട്ടുചികിത്സ മാത്രം അവലംബിച്ചിരുന്ന ആ കാലത്ത് അറിയപ്പെട്ട നാട്ടുവൈദ്യൻ കൂടിയായിരുന്നു. ആരോഗ്യ ചികിത്സയിൽ പാവപ്പെട്ടവരുടെ അത്താണിയായിരുന്നു. 1952 ൽ മോനുദ്ദീൻ മുസ്ലിയാർ ഖത്തീബായി. അദ്ദേഹത്തിന് ശേഷം മകൻ അബ്ദുൽ കരീം മുസ്ലിയാരായിരുന്നു കൊട്ടപ്പുറം ഖത്തീബ്. അദ്ദേഹം 2004 വരെ തുടർന്നു.

ജീവിതശൈലി

ഉണ്ണിപ്പോക്കർ ഹാജി ആദ്യം താമസി ച്ചിരുന്നത് കരിപ്പൂർ വെള്ളാരായിരുന്നു. ഹജ്ജ് യാത്രയ്ക്ക് ശേഷം വാഴക്കാട് കൊയപ്പത്തൊടിയുടെ നിയന്ത്രണത്തിലുള്ള പള്ളിയിലായിരുന്നു ജോലി. പ്രതിഫലമായി നെല്ലായിരുന്നു കൊടുത്തിരുന്നത്. ഒരു വർഷം നെല്ല് പുരയിൽ സ്റ്റോക്കായപ്പോൾ (കെട്ടികിടന്നപ്പോൾ) വരാൻ പോകുന്ന പ്രതിഫലം വാങ്ങി ഇവിടെ നിൽക്കുന്നത് ശരിയല്ലായെന്ന് പറഞ്ഞു പള്ളിയുടെ താക്കോൽ തിരിച്ചേൽപ്പിച്ചു. പിന്നീട് കൊട്ടപ്പുറം, എലത്തൂർ, ഒളകര, ചേലേമ്പ്ര, പെരുവള്ളൂർ (പുന്നത്ത് പള്ളി), ഇടിമുഴിക്കൽ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ജോലിയാവശ്യാർത്ഥം താമസിച്ചു. ഹാജിയുടെ ജീവിത ദർശനം വെളിപ്പെടുന്നതാണ് അദ്ദേഹത്തിന്റെ ജീവിത ശൈലിയും സന്തതികളോടും മറ്റുമുള്ള സമീപനവും. മക്കൾക്ക് ഇണകളെ തിരഞ്ഞെടുക്കുമ്പോൾ സമ്പത്തിന് യാതൊരു പ്രാമുഖ്യവും നൽകിയില്ല. അവശത അനുഭവിക്കുന്നവരുടെ ദീനീബോധമുള്ളവരും, യതീമുകളുമായ പെൺകുട്ടികളെയാണ് ഹാജി തന്റെ മക്കൾക്ക് വേണ്ടി കണ്ടെത്തിയത്. വലിയപറമ്പിൽ നിന്ന് മൂന്നാമത്തെ മകൻ മുഹമ്മദ് മുസ്ലിയാർക്ക് വേണ്ടി വിവാഹമന്വേഷണവുമായി കുഞ്ഞിമുഹമ്മദ് മുസ്ലിയാരെയും ചെറിയമ്മദ്കുട്ടി ഹാജിയേയും സമീപിച്ചു. അവരുടെ കുടുംബത്തിൽപ്പെട്ട കുടുക്കിൽ കോച്ചാമ്പള്ളി മമ്മദ് എന്നവരുടെ മകൾ ഉമ്മാത്തയായിരുന്നു വധു. ഉമ്മാത്തയുടെ ബാപ്പയെ 1921ലെ ലഹളയിൽ വെള്ളപ്പട്ടാളം വെടിവച്ചു. അവരുടെ വീട് പട്ടാളം അഗ്നിക്കിര യാക്കി. കോച്ചാമ്പള്ളി മമ്മദ് അവശനായി മരണപ്പെട്ടു. കല്യാണാലോചനയിൽ ഒന്നും തരാൻ സാധിക്കുകയില്ലെന്ന് വധു കുടുംബം പറഞ്ഞപ്പോൾ (സ്ത്രീ മാത്രം മതി), (ധനം) ആവശ്യമില്ലെന്നായിരുന്നു ഹാജിയുടെ മറുപടി. നമ്മുടെ സ്ത്രീധന വിരുദ്ധ മുന്നേറ്റങ്ങളിൽ ഈ ആദ്യകാല പോരാളിയെ അടയാളപ്പെടുത്താൻ മറക്കരുത്. മറ്റു മക്കളുടെ വിവാഹത്തിലും (ധനം) വിഷയമായിരുന്നില്ല. ഉണ്ണിപ്പോക്കർ ഹാജിയുടെ രണ്ടാമത്തെ ഭാര്യ വളരെ സമ്പന്നയായിരുന്നു. എന്നാൽ അവരുടെ വിവാഹശേഷം ദുനിയാവിലെ സമ്പത്ത് നമുക്ക് ആവശ്യമില്ല എന്ന് പറഞ്ഞ് അത് ഉപേക്ഷിക്കാൻ ഉപ്പാപ്പ പറയുകയായിരുന്നു. വിവാഹത്തിന് മുമ്പ് നടന്ന് പോയി ഒന്നിൽ കൂടുതൽ ഹജ്ജ് നിർവഹിച്ച അദ്ദേഹത്തോട് മക്കത്തെത്തണമെങ്കിൽ കടലിലൂടെ പോകേണ്ടിവരില്ലെ എന്ന് ഭാര്യ ചോദിക്കുകയുണ്ടായി. ഞാൻ പോകുന്ന വഴിയിൽ ഒരു കൈതോട് പോലും കണ്ടിട്ടില്ല എന്നാണ് മറുപടി നൽകിയത്. മല കയറിയുള്ള യാത്രയിൽ കുടിക്കാനും മറ്റു ആവശ്യങ്ങൾക്കും പാറക്കെട്ടുകൾക്കിടയിൽ നിന്നായിരുന്നു വെള്ളം ശേഖരിച്ചിരുന്നത്. അതിന് ശേഷം സൗദി അറേബ്യയിൽ പോയി അദ്ദേഹം ഇൽമ് പഠിച്ചിരുന്നു. വർഷങ്ങൾക്ക് ശേഷമാണ് നാട്ടിൽ തിരിച്ചെത്തിയത്. മാനസിക രോഗം പിടിപെട്ടവർക്ക് ചങ്ങലയിൽ ബന്ധിച്ച ചികിത്സ നൽകി സുഖപ്പെട്ട വിവരം അദ്ദേഹത്തിന്റെ ഭാര്യ പറയുകയുണ്ടായി. പെൺമക്കളില്ലാത്ത അദ്ദേഹം 102-ാം വയസ്സിൽ വീണ്ടും ഒരു വിവാഹം കഴിച്ചു. അവരാണ് ഇത്തിക്കുട്ടി ഉമ്മൂമ്മ. അവർക്കുണ്ടായ മക്കളാണ് ഫാത്തിമയും കദീജയും. ഫാത്തിമയെ 9-ാം വയസ്സിൽ ഉപ്പാപ്പയുടെ കൂടെ താളിയോല ഗ്രന്ഥങ്ങളും കിതാബുകളും മറ്റു സാധനങ്ങളും അടങ്ങിയ ഭാണ്ഡക്കെട്ട് കൊണ്ട് നടക്കുന്ന ഒരു കയ്യാള് (സഹായി) ഉണ്ടായിരുന്നു. പേര് മൊയ്തീൻ. അവരാണ് ഉപ്പാപ്പയുടെ മകളെ വിവാഹം ചെയ്തത്. പക്ഷേ ആ ബന്ധം അധികകാലം നീണ്ടുനിന്നില്ല. മൊയ്തീൻ ചെയ്ത പ്രവൃത്തിയിൽ കള്ളത്തരം വന്ന കാരണത്താൽ അല്ലാഹുവിന് ഇഷ്ടപ്പെടാത്ത പ്രവൃത്തി ചെയ്തതിന്റെ പേരിൽ ഉപ്പാപ്പ സ്വന്തം കൈപ്പടയിൽ മകൾ ഫാത്തിമയെ മൂന്നും ചേർത്ത് മൊഴി ചൊല്ലിയതായി എഴുതിയ കത്ത് മൊയ്തീനെ കൊണ്ട് വായിപ്പിച്ചു. അങ്ങനെ ആ ബന്ധം അവിടെ വച്ച് മുറിച്ചു കളഞ്ഞു. പിന്നീട് ഇക്കാലമത്രയും മകൾ ഫാത്തിമ മറ്റൊരു വിവാഹം സ്വീകരിച്ചില്ല. കരിപ്പൂർ പ്രദേശത്തെ ഒരു പറമ്പ് ഫറോക്കിലെ നീലാട്ട് ഹസ്സൻ ഹാജി എന്ന ജന്മിയുടെ കൈവശമായിരുന്നു. അക്കാലത്ത് തന്റെ ഭൂമിയിലെ ഫലവൃക്ഷങ്ങൾ വന്ന് നോക്കാൻ അദ്ദേഹത്തിന് സാധിക്കാത്തതിന്റെ പേരിൽ വിശ്വാസിയും മതപണ്ഡിതനുമായ ഉണ്ണിപ്പോക്കർ ഹാജി ഉപ്പാപ്പയെ നോക്കാനും തൈകൾ നനക്കാനും ഏൽപ്പിച്ചു. അങ്ങനെയിരിക്കെ ഒരു ദിവസം (ഹാജി) വീട്ടിൽ ഭക്ഷ ണം കഴിക്കാൻ വേണ്ടി വന്നപ്പോൾ സ്വന്തമായി തെങ്ങില്ലാത്ത അദ്ദേഹത്തിന്റെ മുമ്പിൽ തേങ്ങയരച്ച കറിയുമായി ഭാര്യ ഭക്ഷണം വിളമ്പി. ഇതു കണ്ട് ഹാജി കറിക്കുള്ള തേങ്ങ എവിടുന്നു കിട്ടി എന്നു ചോദിച്ചു. നമ്മുടെ മുമ്പിലുള്ള തെങ്ങിൽ നിന്നും (ഫറോക്കിലെ മുതലാളിയുടെ) വീണതാണെന്ന് പറയുകയും ഇത് കേട്ട ഹാജി അത് നമ്മുടെ മുതലല്ലാ എന്ന് പറഞ്ഞുകൊണ്ട് ഭക്ഷണം പോലും കഴിക്കാതെ അവിടെ നിന്നും എഴുന്നേറ്റ് കൊണ്ട് ഫറോക്കിലെ മുതലാളിയുടെ അടുത്തു പോയി സംഭവം പറയുകയും ചെയ്തു. തന്റെ ഭാര്യ ചെയ്ത തെറ്റിന് എനിക്ക് പ്രായശ്ചിത്തം ചെയ്യണം. ഹാജിയുടെ സത്യസന്ധതയിൽ മനം നിറഞ്ഞ അദ്ദേഹം പറഞ്ഞു. ആ സ്ഥലം ഇനി നിങ്ങൾക്കവകാശപ്പെട്ടതാണ്. ഇനി ഞാൻ അങ്ങോട്ട് വരില്ല എന്ന് പറഞ്ഞു. ദുനിയാവിലെ മുതൽ ആഗ്രഹിക്കാത്ത അദ്ദേഹം അത് സ്വന്തമാക്കിയില്ല. പിന്നീട് ആ സ്ഥലങ്ങൾ പലരും കയ്യേറു കയുണ്ടായി. മേൽപറമ്പിൽ തൈകൾ നനക്കാൻ ഏൽപ്പിക്കപ്പെട്ട അദ്ദേഹം കോരിച്ചൊരിയുന്ന മഴയത്ത് തൈകൾ നനക്കുന്നത് കണ്ട് ആശ്ചര്യം കൂറിയവരോട് മഴ ഉണ്ടാകുമ്പോൾ നനക്കേണ്ട എന്ന് പറഞ്ഞിട്ടില്ലല്ലോ? എന്നായിരുന്നു മറുപടി! സൂക്ഷ്മത അൽപം പോലും കൈവിടാതെയാണ് അദ്ദേഹം ജീവിച്ചത്. ഉണ്ണിപ്പോക്കർ ഹാജി സദാ സഞ്ചരിച്ചു കൊണ്ടിരിക്കുന്ന മനുഷ്യനായിരുന്നു. കാൽനടയായിരുന്നു ഇഷ്ടം. പല ദിക്കുകളിലേക്കും ചികിത്സക്കായി ആളുകൾ കൂട്ടിക്കൊണ്ടുപോകും. അക്കാലത്ത് വാഹനസൗകര്യം തുലോം കുറവ്. കോഴിക്കോട്-മഞ്ചേരി റൂട്ടിൽ (ഇന്ത്യൻ ബസും), (എസ്.എം ബസും മാത്രം. ഒരു മൈലിന് ഒരണതോതിലായിരുന്നു നിരക്ക്. കൊണ്ടോട്ടി-കോഴിക്കോട് 16 അണയായിരുന്നു അന്നത്തെ കൂലി (ഒരുറുപ്പിക). ആ കാലത്ത് ഉണ്ണിപോക്കർ ഹാജി റോഡിലൂടെ നടന്നുപോകുന്നത് കണ്ടാൽ ബസുകൾ നിർത്തി കയറാൻ പറയും. ചിലപ്പോൾ കയറും, അല്ലെങ്കിൽ )എനിക്ക് നടക്കേണ്ട ആവശ്യമുണ്ടെന്ന് പറയും. യാത്രാവേളയിൽ ഭാണ്ഡം ചുമക്കാൻ ഹാജിയുടെ കൂടെ ഒരാളുണ്ടാകും. ആ ഭാണ്ഡത്തിൽ കിതാബ്, മരുന്ന്, പലഹാരങ്ങൾ മുതലായവ ഉണ്ടാവും. കൂടെ നടന്നിരുന്ന വരെ അദ്ദേഹത്തിന്റെ കാലശേഷം (ചികിത്സാരികൾ) മുസ്ലിയാക്കൾ എന്നൊക്കെയാണ് ജനങ്ങൾ വിളിച്ചിരുന്നത്. ഉണ്ണിപ്പോക്കർ ഹാജിയുടെ കാലത്ത് തന്നെ മക്കൾ സ്വന്തം വീട് വച്ചു താമസിച്ചിരുന്നു. ഹാജി കൊല്ലത്തിൽ രണ്ട് പ്രാവശ്യം മക്കളുടെ വീട് സന്ദർശിക്കും. മുറ്റത്ത് ഒരു പായ വിരിച്ച് അതിലിരിക്കും. പേരക്കിടാങ്ങളേയും ആ പായയിൽ ഇരുത്തും. കൂടെ കരുതിയ പലഹാരപ്പൊതി അവർക്ക് നൽകും. വീട്ടുകാര്യങ്ങൾ അന്വേഷിക്കും. ചായകുടിച്ച് ഉടനെ തിരികെ പോകും. പേരക്കുട്ടികൾക്ക് ചെമ്പ് മുക്കാൽ കൈനീട്ടം കൊടുക്കും. കുട്ടികളോടൊന്നിച്ചിരിക്കുമ്പോൾ ഈ മഹാപണ്ഡിതൻ സ്വയം ഒരു കുട്ടിയാവും. അക്കാലത്ത് ഒരുറുപ്പികക്ക് 64 മുക്കാലാണ്. മുക്കാലിന് താഴെ കാപൈസയാണ്. ചായമക്കാനിയിൽ ചായക്കും നെയ്യപ്പത്തിനും രണ്ട് മുക്കാൽ കൊടുക്കണം. ഹാജിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പലഹാരം നെയ്യപ്പമായിരുന്നു. ഉണ്ണിപ്പോക്കർ ഹാജി കുറച്ചു സംസാരിക്കുകയും ജനകൂട്ടത്തെ കഴിവതും ഒഴിവാക്കുകയും ചെയ്ത സൂഫിവര്യനായിരുന്നു. ജനങ്ങളെ ഒരുപോലെ കണ്ടു. പണക്കാരനും പണിക്കാരനും, പണ്ഡിതനും പാമരനും എല്ലാം ഹാജിക്ക് ഒരുപോലെയായിരുന്നു. 1956 ൽ തിരുവിതാംകൂർ സ്വദേശിയും പ്രസിദ്ധ പണ്ഡിതനുമായി രുന്ന പതി അബ്ദുൽ ഖാദർ മുസ്ലിയാർ പള്ളിക്കൽ ബസാറിൽ വഅള് (മത പ്രസംഗം) പറയാൻ വന്നു. ഹാജിയെ വളരെ യധികം പ്രകീർത്തിക്കുകയും ഈ കാലഘട്ടത്തിലെ (വലിയ്യ്) ആണെന്നും അദ്ദേഹത്തെ നേരിൽ കാണണമെന്നും പറഞ്ഞു. ഒരു ദിവസം പതി മഞ്ചലിൽ കയറി പരിവാരത്തോടെ ഹാജിയുടെ ആൽപറമ്പ (എരഞ്ഞിക്കൽ) വീട്ടിലെത്തി. അത്യാവശ്യ കാര്യങ്ങളെല്ലാം പറഞ്ഞു കഴിഞ്ഞപ്പോൾ ഹാജി പറഞ്ഞു: എനിക്ക് വയസ്സായി. ഞാനുമായി നിങ്ങൾ സമയം ചെലവഴിക്കരുത്. ഉടനെതന്നെ തിരിച്ചു പോകാൻ സമ്മതവും നൽകി. വീടും കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും സഹോദരങ്ങളോടും വേണ്ടപ്പെട്ടവരോട് കൂടി ആലോചിക്കുക ഹാജിയുടെ സ്വഭാവമായിരുന്നു. അക്കാര്യത്തിൽ അങ്ങേയറ്റം ജനാധിപത്യവാദിയായിരുന്നു ഹാജി. കുട്ടികളെയും സ്ത്രീകളെയുമൊക്കെ എല്ലാകാര്യത്തിലും പരിഗണിച്ചിരുന്നു. ഇളയ സഹോദരൻ മോനുദ്ദീൻ മുസ്ലിയാരുടെ അഭിപ്രായത്തെ കൂടുതൽ പരിഗണിക്കും. 1946 ൽ ചേലേമ്പ്രയിൽ താമസിക്കുന്ന കാലത്ത് രണ്ട് ആൺമക്കളുടെ വിവാഹം നടന്നു. (അബ്ദുല്ല മുസ്ലിയാർ, അഹമ്മദ് കോയ മുസ്ലിയാർ). കല്യാണത്തിന് ശേഷം മക്കളേയും പേരക്കിടാങ്ങളേയും അടുത്ത് വിളിച്ച് സന്തോഷം പങ്കിടുകയും ഒരു വസ്വിയത്ത് അറിയിക്കുകയും ചെയ്തു. (ഒരിക്കലും നിങ്ങളും നിങ്ങളുടെ പിൻതലമുറക്കാരും ഒരു കാരണവശാലും ഭിന്നിക്കരുത്) നമ്മുടെ കാരണവന്മാർ മുൻകോപികളായിരുന്നു. ആ പിന്തുടർച്ച നമ്മളിലുമുണ്ടാവും. അതിനാൽ ക്ഷമ മുറുകെ പിടിക്കണം. സ്വർഗത്തിൽ നമ്മൾ എല്ലാവരേയും ഒരുമിച്ചു കൂട്ടാൻ റബ്ബുൽ ആലമീൻ സഹായിക്കട്ടെ. നരകത്തെ കണികാണിക്കാതിരിക്കട്ടെ. അതിന് ശേഷം എല്ലാവരോടും പിരിഞ്ഞുപോകാൻ പറഞ്ഞു. കീടക്കാട് കുടുംബത്തിന് ഈ സൂഫിവര്യൻ നൽകിയ ഉപദേശം എക്കാലത്തും പ്രസക്തമായതാണ്.

മരണം

1957-ൽ ചേലേമ്പ്ര അഹമ്മദ്കോയ (മകൻ) മുസ്ലിയാരുടെ വീട്ടിലായിരുന്നു താമസം. വീട്ടിന്റെ ചായ്പ്പിൽ ഓലപായ വിരിച്ച് അതിലാണ് ഇരുത്തവും കിടത്തവും. പതിനേഴ് ദിവസം രോഗിയായി കിടന്നു. മരിക്കുന്നതിന് രണ്ട് ദിവസം മുമ്പ് ഇന്ന് ഏത് ദിവസമാണ് എന്ന് ചോദിച്ചു. ചൊവ്വാഴ്ചയാണ് എന്ന് മറുപടി. എന്താണ് ചോദിക്കാൻ കാരണം എന്ന് മകൻ. അപ്പോൾ അവിടുന്ന് മറുപടി പറഞ്ഞു: വെള്ളിയാഴ്ച ജുമുഅക്ക് പോകണം. നിങ്ങൾ എങ്ങനെ പോകും? പോകാൻ പ്രയാസമല്ലെ? എന്ന് ചോദിച്ചപ്പോൾ, അതൊന്നും കാര്യമില്ല. ജുമുഅക്ക് എത്തണം എന്ന് മറുപടി. വ്യാഴാഴ്ച രണ്ടര മണിക്ക് അദ്ദേഹം ഈ ലോകം വെടിഞ്ഞു. വെള്ളിയാഴ്ച ജുമുഅക്ക് മുമ്പായി മറവ് ചെയ്തു. സ്ഥിരമായി കിടന്നിരുന്ന സ്ഥലം പരിശോധിച്ചപ്പോൾ, വസ്ത്രം തൂക്കിയിട്ടിരുന്ന അയലിൽ ഒരു കുരുവി കൂടുകെട്ടി മക്കളുമായി ഉല്ലസിക്കുന്നത് കണ്ടു. അവയെ ഉറുമ്പുകൾ ഉപദ്രവിക്കാതിരിക്കാൻ ഹാജി അയലിന്റെ രണ്ടറ്റത്തും മണ്ണെണ്ണയിൽ മുക്കിയ തുണി കെട്ടിയിരുന്നു. മനുഷ്യനെയും സർവശക്തന്റെ എല്ലാ ജീവ ജാലങ്ങളെയും സ്നേഹിച്ച, ആദരിച്ച ഈ മഹാനായ മനുഷ്യൻ 1957 ജൂൺ 15ന് (ദുൽഹജ്ജ് 5) ന് പരലോകത്തേക്ക് യാത്രയായി. രാമനാട്ടുകര ചെമ്മലിൽ പള്ളി ഖബർസ്ഥാനിൽ മറവു ചെയ്തു. പടിഞ്ഞാറെ തെക്ക് ഭാഗത്ത് പള്ളിയോട് ചേർന്നുള്ള ഒന്നാമത്തെ ഖബറാണ് അദ്ദേഹത്തിന്റേത്. മക്കൾ: അബ്ദുറഹിമാൻ മുസ്ലിയാർ, ഹസ്സൻ മുസ്ലിയാർ, മുഹമ്മദ് മുസ്ലിയാർ പീടികക്കണ്ടി വലിയപറമ്പ് പുളിക്കൽ, മൂസ്സ മുസ്ലിയാർ, ചേലേമ്പ് നമ്പീരിൽ, വീരാൻകുട്ടി മുസ്ലിയാർ രാമനാട്ടുകര, അബ്ദുല്ല മുസ്ലിയാർ ഇടിമുഴിക്കൽ, അഹമ്മദ് കോയ മുസ്ലിയാർ വൈദ്യരങ്ങാടി, ഹുസൈൻ മുസ്ലിയാർ പുതിയപറമ്പത്ത് പുളിക്കൽ, ഫാത്തിമ ആൽപറമ്പ്, ഖദീദ കല്ലമ്പാറ. ഹസ്സൻ മുസ്ലിയാർ: മരണം വരെ പള്ളിക്കൽ ബസാറിൽ ആയുർവേദ മരുന്ന് ഷാപ്പ് നടത്തിയിരുന്നു. അറിയപ്പെടുന്ന ആയുർവേദ വൈദ്യൻ കൂടിയായിരുന്നു. അദ്ദേഹത്തിന്റെ കാലശേഷം മൂത്തമകൻ മുഹമ്മദ് അത് ഏറ്റെടുത്തു. ഇപ്പോഴും അത് മക്കൾ നടത്തിവരുന്നു. എരഞ്ഞിക്കൽ ആൽപറമ്പ് താമസം. മുഹമ്മദ് മുസ്ലിയാർ: ഭാര്യ കുടുക്കിൽ കോച്ചാമ്പള്ളി ഉമ്മാത്തുമ്മ. 1930 മുതൽ 1965 വരെ ചികിത്സകനായിരുന്നു. പിതാവിന്റെ തുടുർച്ച തന്നെയായിരുന്നു അദ്ദേഹത്തിന്റെ ജീവിത രീതി. 1933ൽ മരണം. മൂസ്സ മുസിലായർ: ചേലേമ്പ്രയിൽ താമസം. 1948ൽ മരണപ്പെട്ടു . വീരാൻകുട്ടി മുസ്ലിായർ: മരണം 1987ൽ. അബ്ദുള്ള മുസ്ലിയാർ: ചേലേമ്പ് ഇടിമുഴിക്കൽ താമസം. മരണം 2003ൽ. അഹമ്മദ്കോയ മുസ്ലിയാർ: വൈദ്യ രങ്ങാടിയിൽ താമസം. 1994ൽ മരണം. ഹുസൈൻ മുസ്ലിയാർ: വലിയപറമ്പ് പുതിയപറമ്പത്ത് താമസം. മരണം 06.08.2005.

പൂളമ്പറമ്പത്ത് മോനുദ്ദീൻ മുസ്ലിയാർ

കീടക്കാട് പാലക്കോട്ട് അബ്ദുറഹിമാൻകുട്ടി മൊല്ലയുടെ ഇളയ മകനായ മോനുദ്ദീൻ മുസ്ലിയാർ പ്രാഥമിക വിദ്യാഭ്യാസം കരിപ്പൂരിൽ വച്ച് പൂർത്തിയാക്കുകയും തുടർന്നുള്ള മതപഠനത്തിനായി വിവിധ പള്ളി ദർസുകളിൽ ചേരുകയും ഉണ്ടായി. അറബിക് കോളേജുകളും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളും അക്കാലത്ത് കുറവായിരുന്നു. വാഴക്കാട് ദാറുൽ ഉലൂം അറബിക് കോളേജ് പ്രശസ്ത മതവിദ്യാ കേന്ദ്രമായിരുന്നു. കേരളത്തിലെ ഒട്ടേറെ പ്രമുഖ പണ്ഡിതന്മാരെയും പരിഷ്കർത്താക്കളെയും വാർത്തെടുത്ത പ്രമുഖ കോളേജിൽ മോനുദ്ദീൻ മുസ്ലിയാർ പഠനം നടത്തിയിട്ടുണ്ട്. കെ.എം. മൗലവി സാഹിബ് അദ്ദേഹത്തിന്റെ സഹപാഠിയായിരുന്നു. മലബാർ കലാപവുമായി ബന്ധപ്പെട്ട് ഒളിവിൽ കഴിഞ്ഞിരുന്ന കെ.എം. മൗലവി കരിപ്പൂരിൽ (വെള്ളാരിൽ) എത്തി മോനുദ്ദീൻ മുസ്ലിയാരുടെ വീട്ടിലും, കീടക്കാട്ട് തെക്കുവീട്ടിൽ കുഞ്ഞറമുട്ടിയുടെ വീട്ടിലും (ആഞ്ചിറക്കൽ) വെള്ളാര, ലാഞ്ചിറ ജുമുഅത്ത് പള്ളിയിലും ഒന്നരമാസത്തോളം താമസിക്കുകയുണ്ടായി. (കെ.കെ മുഹമ്മദ് അബ്ദുൽ കരീം, കെ.എം. മൗലവി ജീവചരിത്രം, തിരൂരങ്ങാടി, 1985 പുറം. 85). തിരൂരങ്ങാടിയിൽ കലാപം പൊട്ടിപ്പുറപ്പെട്ടപ്പോൾ കെ.എം. മൗലവി പരിഭാന്തനായി കൊടുവായൂരിലേക്ക് പോയി. ഏതാനും ആഴ്ചകൾ അദ്ദേഹം മാതുല ഗൃഹത്തിൽ താമസിച്ചു. പട്ടാളക്കാർ അറസ്റ്റു ചെയ്യുമെന്ന ഭീതി മൂലം അവിടെ നിന്നും രഹസ്യമായി കരിപ്പൂർ അംശത്തിലെ വെള്ളാര ദേശത്ത് എത്തിച്ചേർന്നു. ആഞ്ചിറക്കൽ (ലാമഞ്ചിറ) പള്ളിയിൽ താമസിക്കുമ്പോൾ ഭക്ഷണം എത്തിച്ചു കൊടുത്തിരുന്നവരിൽ ഒരാളായിരുന്നു കീടക്കാട്ട് ബീരാൻകുട്ടി മുസ്ലിയാർ. (കെ. എം. മൗലവി ജീവചരിത്രം പുറം. 85. 1985) രണ്ടുപേരും തമ്മിൽ ആശയവൈരുദ്ധ്യമുണ്ടായിരുന്നെങ്കിലും സൗഹൃദം മരണം വരെ തുടർന്നു. മോനുദ്ദീൻ മുസ്ലിയാർ പഠനത്തിന് ശേഷം നാട്ടിലും പരിസരപ്രദേശങ്ങളിലുമായി വിവിധ പള്ളികളിൽ ഖാദി, മുദരിസ്, ഖതീബ് തുടങ്ങിയ മേഖലകളിൽ സേവനമനുഷ്ഠിക്കുകയുണ്ടായി. കരിപ്പൂർ ആഞ്ചിറക്കൽ, പരുത്തിക്കോട്, കൊട്ടപ്പുറം, കൊളത്തൂർ, മഞ്ചക്കാട്, ചാലിൽകുളം, പുന്നത്ത് എന്നീ മഹല്ലുകളിലെല്ലാം അദ്ദേഹം ഖാദിയും ഖതീബുമായി സേവനമനുഷ്ഠിച്ചു. പെരുവള്ളൂരിലെ പ്രമുഖ തറവാടായ നെയ്യൻ കുടുംബത്തിലെ വീരാൻകുട്ടിയുടെ മകൾ ഉമ്മാച്ചുമ്മയായിരുന്നു മോനുദ്ദീൻ മുസ്ലിയാരുടെ ഭാര്യ. അതിൽ അവർക്ക് 8 ആണും 2 പെണ്ണുമുൾപ്പെടെ 10 മക്കളുണ്ടായിരുന്നു. അതിൽ ഒരു ആൺകുട്ടി മൂന്നാം വയസ്സിൽ മരിക്കുകയുണ്ടായി. മക്കൾ മുഹമ്മദ്, അബ്ദുറഹ്മാൻ, അബ്ദുൽ കരീം, അബ്ദുൽ ഖാദർ, മുഹമ്മദാലി, ഹസ്സൻ, ഹുസൈൻ, ഫാത്വിമ, നഫീസ. വിവാഹശേഷം പാലക്കോട്ട് തറവാട്ടിൽ നിന്ന് പുളിയോളത്ത് പറമ്പിൽ താമസമാക്കിയ അദ്ദേഹം പിന്നീട് കോഴിത്തൊടി അയമുട്ടി ഹാജിയുടെ ഭൂമിയിൽ നിന്ന് വിലക്ക് വാങ്ങിയ നാല് ഏക്കറോളം വരുന്ന പൂളപറമ്പത്ത് എന്ന സ്ഥലത്ത് വീടുണ്ടാക്കി താമസമാക്കുകയാണുണ്ടായത്. ആ കാലഘട്ടത്തിലെ വലിയ ഇരുനില വീടായിരുന്നു. വഴിയാത്രക്കാരുടെ ആശാകേന്ദ്രമായിരുന്നു പുളം പറമ്പ്. കൂടാതെ കോപ്പിലാക്കൽ, ഉണ്ണ്യാൽപറമ്പ്, പൊന്നാങ്കണ്ടം പാടം എന്നിവയും അദ്ദേഹത്തിന് ഭൂസ്വത്തായി ഉണ്ടായിരുന്നു. കൃഷിയിൽ താൽപര്യനായിരുന്നു. പറമ്പുകളിൽ ഇടവേള കൃഷി പതിവായി ഉണ്ടാക്കുമായിരുന്നു. പരന്നു കിടക്കുന്ന കൃഷിസ്ഥലമായ ഉണ്ണ്യാൽപറമ്പിൽ മോനുദ്ദീൻ മുസ്ലിയാർ കുഴിപ്പിച്ച നാല് മൂല കിണർ വഴിയാത്രക്കാർക്കും കർഷകർക്കും കാലികൾക്കും ഏറെ പ്രയോജനകരമായ കുടിവെള്ള സ്രോതസ്സായിരുന്നു. കാലികൾക്ക് കുടിക്കാനായി പ്രത്യേകം കല്ലുകൊണ്ട് നിർമ്മിച്ച കൊട്ടത്തളവുമുണ്ടായിരുന്നു. അന്ന് മതപഠനത്തിനും മതവിധികൾ അറിയുന്നതിനുമായി വിവിധ ദിക്കുകളിൽ നിന്ന് ധാരാളം പേർ ഒറ്റയായും കൂട്ടായും പുളംപറമ്പ് വീട്ടിലേക്ക് മോനുദ്ദീൻ മുസ്ലിയാരെ തേടി വരുമായിരുന്നു. സാധാരണക്കാർക്ക് മതവിജ്ഞാന സമ്പാദനത്തിനുള്ള ഏകമാർഗ്ഗം അന്ന് മതപ്രസംഗങ്ങളായിരുന്നു. തന്റെ യൗവ്വനകാലത്ത് ദൂരദിക്കുകളിലേക്ക് അദ്ദേഹത്തെ മതപ്രസംഗത്തിനായി കൊണ്ടുപോകുമായിരുന്നു. പള്ളി പരിപാലിക്കുന്നവർക്കും മുദരരിസ്, ഖാദി, ഖതീബ് എന്നീ സ്ഥാനം വഹിക്കുന്നവർക്കും ശമ്പളം നൽകുന്ന സമ്പ്രദായം അന്നുണ്ടായിരുന്നില്ല. വർഷത്തിൽ ഒന്നോ രണ്ടോ തവണ പ്രമുഖ കർഷകരിൽ നിന്ന് കിട്ടുന്ന നെല്ലായിരുന്നു വരുമാനമായുണ്ടായിരുന്നത്. വിവിധ മഹല്ലുകളിൽ നിന്ന് എല്ലാ വർഷവും നെല്ല് വീട്ടിലെത്തുക പതിവായിരുന്നു. അഞ്ചാറ് മഹല്ലുകളുടെ മേൽഖാദി എന്ന നിലയിൽ പല വിഷയങ്ങളും പങ്ക് വയ്ക്കാനുള്ള ഒരിടമായിരുന്നു പൂളംപറമ്പ്. ജനങ്ങൾ അങ്ങേയറ്റം ബഹുമാനിക്കുകയും ആദരവ് പ്രകടിപ്പിക്കുകയും ചെയ്യുന്ന വ്യക്തിത്വത്തിനുടമായിരുന്നു. പണ്ഡിതൻ എന്നതിലുപരി മോനുദ്ദീൻ മുസ്ലിയാർ വിഷചികിത്സയിലും പ്രസിദ്ധനായിരുന്നു. അനേകമാളുകളുടെ വിഷമിറക്കിയ സംഭവങ്ങളും പഴമക്കാർ സ്മരിക്കുകയുണ്ടായി. ഒരിക്കൽ വയനാട്ടിൽ ദിവസങ്ങളായി പാമ്പു കടിയേറ്റ് വിഷമിറങ്ങാതെ അബോധാവസ്ഥയിൽ കിടന്നിരുന്ന ഒരാളുടെ വിഷമിറക്കാൻ കുറച്ചാളുകൾ വന്ന് കൂട്ടിക്കൊണ്ടുപോയി. പറയത്തക്ക വാഹനസൗകര്യങ്ങളൊന്നുമില്ലാത്ത കാലമായിരുന്നു അത്. വളരെ പ്രയാസപ്പെട്ടു അവിടെയെത്തി വിഷമിറക്കി. ബോധം തെളിഞ്ഞ് അയാൾ എഴുന്നേറ്റിരുന്നതിന് ശേഷം തിരിച്ചുപോന്നു.” വിഷമിറങ്ങി സുഖപ്പെട്ട സംതൃപ്തിയിൽ അവർ ധാരാളം സമ്മാനങ്ങൾ നൽകി യാത്രയയച്ചു. ഈ സംഭവം നാട്ടിലും പരിസരപ്രദേശങ്ങളിലും വലിയ ചലനമുണ്ടാക്കിയതായി മോനുദ്ദീൻ മുസ്ലിയാരുടെ മൂത്ത മകൾ ഫാത്തിമ സ്മരിക്കുകയുണ്ടായി. കൃത്യനിർവ്വഹണത്തിൽ അതീവ ശ്രദ്ധ പുലർത്തിയിരുന്ന മോനുദ്ദീൻ മുസ്ലിയാരെയുമായി ദൂരെ ദിക്കിലേക്ക് മഞ്ചലിൽ വിഷമിറക്കാനായി കൊണ്ടുപോകുന്ന വഴിമധ്യേ രണ്ടാമത്തെ മകൻ അബ്ദുറഹ്മാന് പാമ്പുകടിയേറ്റിട്ടുണ്ടെന്ന് ദൂതൻ വഴി അറിഞ്ഞു. മകന് പാമ്പുകടിയേറ്റതിൽ ദുഃഖമൊന്നും പ്രകടിപ്പിക്കാതെ പാമ്പുകടിയേറ്റ മറ്റൊരു സഹോദരന്റെ വിഷമിറക്കാനായി പോകുന്ന യാത്രയിലാണല്ലോ എന്നായിരുന്നു മറുപടി. യാത്ര മുടക്കാതെ തന്റെ ലക്ഷ്യസ്ഥാനത്ത് എത്തി കൃത്യം പൂർത്തിയാക്കി തിരിച്ചുവന്ന് തന്റെ മകൻ അബ്ദുറഹ്മാന്റെ വിഷമിറക്കുകയാണ് ചെയ്തത്. (അഭിമുഖം ചേക്കു കരിപ്പൂർ അത്തിക്കാവിൽ മുഹമ്മദ് എന്ന ചെറിയാപ്പു ഹാജിയുമായി 95 വയ സ്സ്, കരിപ്പൂർ). സൽക്കാരപ്രിയനായിരുന്ന മോനുദ്ദീൻ മുസ്ലിയാരുടെ പൂളംപറമ്പത്ത് വീട്ടിൽ അതിഥികൾ പതിവായിരുന്നു. രായി, ചാമ എന്നീ ധാന്യം കൂടുതൽ ഉപയോഗിക്കുമായിരുന്നു. ചാമക്കഞ്ഞി, ചാമച്ചോറ്, രായി പ്പത്തിരി, രായിപ്പുട്ട് എന്നിവ ഈ ധാന്യം ഉപയോഗിച്ച് ഉണ്ടാക്കും. മോനുദ്ദീൻ മുസ്ലിയാർ അരിഭക്ഷണം വളരെ കുറച്ച് മാത്രമേ കഴിച്ചിരുന്നുള്ളൂ. ഉമ്മാച്ചുമ്മയും അതിഥികൾക്ക് ഭക്ഷണം നൽകുന്നതിൽ അതീവ തൽപരയായിരുന്നു. മോനുദ്ദീൻ മുസ്ലിയാർക്ക് കൂട്ടിനായി എപ്പോഴും മൂന്നുനാല് പേർ കൂടെ ഉണ്ടാകുമായിരുന്നു. കരുവാത്ത് മമ്മദ്, പാണ്ടാണ്ടിയിൽ കോ പ്പിലാൻ ആലിക്കുട്ടി, ഈത്തമൊയ്തീൻ, ആനക്കുഴിയിൽ കുഞ്ഞിമൊയ്തീൻ, എം.സി. ബീരാൻകുട്ടി, ഉണ്ണീൻ എന്നിവർ. അക്കാലത്ത് വലിയൊരു വീപ്പയിൽ എപ്പോഴും വെള്ളം നിറച്ചുവയ്ക്കും. കൂട്ടിനായുള്ളവർ അത് കൃത്യമായി നിർവ്വഹിക്കും. വീട്ടിൽ വരുന്നവർക്ക് വുദു എടുക്കാനും മറ്റു ആവശ്യങ്ങൾക്കുമായിരുന്നു ആ വെള്ളം ഉപയോഗിച്ചിരുന്നത്. അദ്ദേഹത്തോടുള്ള ആദരവിന്റെ ഭാഗമായി ആളുകൾ മോന്തീൻ മോല്ല്യാരുപ്പാപ്പ എന്നാണ് പറഞ്ഞിരുന്നത്. മോനുദ്ദീൻ മുസ്ലിയാർ തന്റെ ഏഴ് ആൺമക്കളെയും മതപഠനത്തിനായി അയക്കുകയുണ്ടായി. അതിനാൽ അവർ എല്ലാവരും ജീവിതകാലത്ത് ദീനീസേവനത്തിൽ തന്നെയാണ് ജീവിതം കഴിച്ചുകൂട്ടിയത്. മോനുദ്ദീൻ മുസ്ലിയാർക്ക് ധാരാളം ശിഷ്യഗണങ്ങളുണ്ടായിരുന്നു. മോനുദ്ദീൻ മുസ്ലിയാരുടെ രണ്ട് പെൺ മക്കളെ വിവാഹം ചെയ്തയച്ചതും പണ്ഡിത കുടുംബത്തിലേക്കാണ്. മൂത്ത മകൾ ഫാത്വിമയെ വിവാഹം ചെയ്തത് കൂർമത്ത് കുടുംബാംഗവും പ്രസിദ്ധ മതപണ്ഡിതനുമായ പോക്കർ ഹാജിയുടെ മകൻ ശംസുദ്ദീൻ മുസ്ലിയാരും (തോട്ടർശ്ശേരിയാറ) രണ്ടാമത്തെ മകൾ നഫീസയെ വിവാഹം ചെയ്തത് പ്രസിദ്ധ സൂഫീവര്യനായ കുറ്റൂർ മമ്മു മുസ്ലിയാരുടെ മകൻ മുഹമ്മദ് മുസ്ലിയാരുമായിരുന്നു. അദ്ദേഹം ദീർഘകാലം മക്ക ഉമ്മുൽ ഖുറാ യൂണിവേഴ്സിറ്റിയിൽ പഠനം നടത്തുകയും അവിടെ തന്നെ ജോലി ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയിൽ റാബിത്വയുടെ പ്രതിനിധിയായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. എല്ലാവരും ആദരിക്കപ്പെടുന്ന മോനുദ്ദീൻ മുസ്ലിയാർ എന്ന മൂല്ല്യാർ ഉപ്പാപ്പ തന്റെ ജീവിതകാലം മുഴുവനും ദീനീ സേവനത്തിനായി നീക്കിവയ്ക്കുകയും ധാരാളം ശിഷ്യഗണങ്ങളെ സമ്പാദിക്കുകയും ചെയ്തു. 1962 മുഹറം പത്തിന് മോനുദ്ദീൻ മുസ്ലിയാർ ഈ ലോകത്തോട് വിടപറഞ്ഞു. ആഞ്ചിറക്കൽ ജുമാമസ്ജിദിന്റെ കിഴക്ക് - വടക്ക് ഭാഗത്തായി പള്ളിയോട് ചേർന്ന് കിടക്കുന്ന സ്ഥലത്താണ് അദ്ദേഹത്തിന്റെ ഖബർ സ്ഥിതി ചെയ്യുന്നത്. ഭാര്യയേയും തൊട്ടടുത്തായി മറവ് ചെയ്തു. അദ്ദേഹത്തിന്റെ മരണ ശേഷവും വിവിധ മഹല്ലുകളിൽ മക്കൾ കൃത്യം നിർവ്വഹിച്ചുപോന്നു. മക്കൾ: മുഹമ്മദ് മുസ്ലിയാർ, അബ്ദുറഹിമാൻ മുസ്ലിയാർ, അബ്ദുൽ കരീം മുസ്ലിയാർ, അബ്ദുൽ ഖാദർ മുസ്ലിയാർ, മുഹമ്മദലി മുസ്ലിയാർ, ഫാത്തിമ, ഹസ്സൻ മുസ്ലിയാർ, നഫീസ, ഹുസൈൻ.

കാവുങ്ങൽ കണ്ടി

കീടക്കാട്ട് വീരാൻകുട്ടി മുസ്ലിയാർ (1902-76)

രാഷ്ട്രീയ സാംസ്കാരിക രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ചിരുന്ന കീടക്കാട്ട് വീരാന്‍കുട്ടി മുസ്‌ലിയാര്‍ അധ്യാപകനും, നല്ലൊരു ആര്യവൈദ്യനുമായിരുന്നു.1902ലാണ് അദ്ദേഹം ജനിച്ചത്. കീടക്കാട് മൊയ്തീന്‍കുട്ടി സാഹിബിന്‍റെയും അത്തിക്കാവില്‍ ഫാത്തിമയുടെയും സീമന്തപുത്രനായിരുന്നു സ്മര്യപുരുഷന്‍. നാലാം ക്ലാസ് വരെയുള്ള പ്രാഥമിക വിദ്യാഭ്യാസം മാത്രമേ ലഭിച്ചിരുന്നുള്ളൂവെങ്കിലും മതപഠനത്തില്‍ അദ്ദേഹം മുന്‍പന്തിയിലെത്തിയിരുന്നു. പ്രമുഖ പണ്ഡിതനായിരുന്ന കുഞ്ഞമ്മുട്ടി മുസ്‌ലിയാരുടെ ദര്‍സിലും, ഐക്കരപ്പടി ജുമാഅത്ത് പള്ളിയിലും, കെ.എം. അഹമ്മദ്കുട്ടിഹാജിയുടെ മുണ്ടപ്പലം ജുമുഅത്ത് പള്ളിദര്‍സിലും, പി.കെ. മുഹ്യുദ്ദീന്‍ മൗലവി, പി.കെ.മൂസ മൗലവി എന്നിവരുടെ കീഴില്‍ ഫറോക്ക് ജുമുഅത്ത് പള്ളി ദര്‍സിലും അദ്ദേഹം പഠനം നടത്തിയിട്ടുണ്ട്. 1921ല്‍ ഖിലാഫത്ത് പ്രവര്‍ത്തനങ്ങളില്‍ ചുറുചുറുക്കോടെ പങ്കാളിയായി. മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബ്, ഇ. മൊയ്തു മൗലവി തുടങ്ങിയ കോണ്‍ഗ്രസ് ഖിലാഫത്ത് നേതാക്കളുമായി അടുത്തബന്ധം അദ്ദേഹത്തിനുണ്ടായിരുന്നു. കലാപകാലത്ത് അറസ്റ്റില്‍ നിന്ന് രക്ഷപ്പെട്ടത് കൊണ്ടോട്ടി തങ്ങളുടെ ശക്തമായ ശുപാര്‍ശ കൊണ്ടായിരുന്നു. അല്‍ -അമീന്‍ പത്രത്തിന്‍റെ പ്രചാരണത്തിനായി അദ്ദേഹം കഠിനാധ്വാനം ചെയ്തിട്ടുണ്ട്. 1922-ല്‍ മലപ്പുറം ട്രെയിനിങ് സ്കൂളില്‍ നിന്ന് അധ്യാപക പരിശീലനം നേടിയ അദ്ദേഹം 1920-ല്‍ പിതാവ് കൊളത്തൂരില്‍ സ്ഥാപിച്ച എ.എം.എല്‍.പി സ്കൂളില്‍ ജോലിയില്‍ പ്രവേശിച്ചു. 1937-ല്‍ മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബ് മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡ് പ്രസിഡണ്ടായിരുന്ന കാലത്ത് കരിപ്പൂര്‍ ജി.എം.എല്‍.പി സ്കൂളില്‍ അധ്യാപകനായി ജോലി നോക്കി. അദ്ദേഹം നല്ല വായനാശീലമുള്ള സഹൃദയനായിരുന്നു. കൊളത്തൂര്‍ ഇസ്സത്തുല്‍ ഇസ്‌ലാം സംഘത്തിന്‍റെ സ്ഥാപക സെക്രട്ടറിയായിരുന്നു. കുളത്തൂര്‍ ജുമുഅത്ത് പള്ളി, മദ്രസ തുടങ്ങിയവയുടെ നിര്‍മാണത്തില്‍ അദ്ദേഹത്തിനുള്ള പങ്ക് വിലപ്പെട്ടതാണ്. ഒരു ആര്യവൈദ്യനെന്ന നിലയിലും പൊതുകാര്യ പ്രസക്തനെന്ന നിലയിലും അദ്ദേഹത്തെ എല്ലാവരും ബഹുമാനിച്ചിരുന്നു. കരിപ്പൂരിലെ പൗരമുഖനായിരുന്ന കീടക്കാട്ട് കുഞ്ഞറമുട്ടി സാഹിബിന്‍റെ മകള്‍ ഫാത്തിമക്കുട്ടിയെയാണ് അദ്ദേഹം വിവാഹം കഴിച്ചിരുന്നത്. പ്രസിദ്ധ ഗ്രന്ഥകാരനായ കെ.കെ. മുഹമ്മദ് അബ്ദുല്‍കരീം ഈ വിവാഹത്തില്‍ ജനിച്ച മകനാണ്. ആദ്യ ഭാര്യയുടെ മരണാനന്തരം പിതൃസഹോദരപുത്രി ആയമ്മക്കുട്ടിയെ വിവാഹം ചെയ്തു. (അവരില്‍ മുഹമ്മദ്അബ്ദുൽ ഖാദര്‍, പ്രൊഫ. മുഹമ്മദ് അബ്ദുസലാം, ഫാത്തിമക്കുട്ടി, ആസിയ, മുഹമ്മദ് അബ്ദു സമദ്, മുഹമ്മദ് അബ്ദുല്‍ മജീദ്, സുബൈദ എന്നീ സന്താനങ്ങളുണ്ടായി.) 1976 മെയ് 22ന് ഹൃദ്രോഗ ബാധിതനായി മരണമടഞ്ഞു.

കെ.കെ. മുഹമ്മദ് അബ്ദുൽകരീം (1932-2005)

മലയാള എഴുത്തുകാരില്‍ ഇത്രയധികം പുസ്തകം എഴുതിയിട്ടുള്ള ആളുകള്‍ അധികമുണ്ടാവില്ല. ഒരു കാര്യം തീര്‍ച്ച; മുസ്‌ലിം സമുദായത്തില്‍ ആരും തന്നെയില്ല. (എഴുത്തിനും വായനയ്ക്കും മാത്രമായി ഒരായുസ്സ് മുഴുവൻ വിനിയോഗിച്ച ഒ. ആബു സാഹിബ് പോലും നാല് ഡസനോളം പുസ്തകങ്ങളേ പ്രസിദ്ധീകരിച്ചിട്ടുള്ളൂ.) എന്നാല്‍ കരീം സാഹിബിന്‍റേതായി ചെറുതും വലുതുമായ നൂറില്‍പരം പുസ്തകങ്ങളുണ്ട്. കരീം മാസ്റ്റർ കൈവയ്ക്കാത്ത വിഷയങ്ങൾ സാഹിത്യം, തത്ത്വശാസ്ത്രം, ചരിത്രം, മതം എന്നിങ്ങനെ വിവിധ മേഖലകളായി അത് വ്യാപിച്ചു കിടക്കുന്നു. പ്രവാചകന്മാർ, രാഷ്ട്രീയ നേതാക്കൾ, സ്വാതന്ത്ര്യ സമരസേനാനികൾ, മതപണ്ഡിതന്മാർ, കാവ്യപ്രതിഭകൾ തുടങ്ങിയവയെപ്പറ്റിയുള്ള നിരവധി ഗ്രന്ഥങ്ങൾക്ക് പുറമെ, മാപ്പിളപ്പാട്ടുകളെക്കുറിച്ചും വിശിഷ്യാ അറബിമലയാളത്തെ സംബന്ധിച്ചും അദ്ദേഹം ധാരാളം എഴുതിയിട്ടുണ്ട്. ഇഖ്ബാൽ കൃതികളും ദർശനങ്ങളും പഠനവിഷയമാക്കിയിട്ടുള്ള അദ്ദേഹം മക്തി തങ്ങളുടെ സമ്പൂർണ്ണ കൃതികൾ ശേഖരിച്ച് പ്രസിദ്ധീകരിക്കുകയും ചെയ്തു. കുഞ്ഞായിൻ മുസ്ലിയാരും, മോയിൻകുട്ടി വൈദ്യരും, ചേറ്റുവാ പരീക്കുട്ടിയുമൊക്കെ കരീം സാഹിബിന്റെ പഠനങ്ങൾക്ക് വിധേയരായിട്ടുള്ള കാവ്യ പ്രതിഭകളത്രേ. ഉമർ ഖാസി, ആലി മുസ്ലിയാർ, വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി തുടങ്ങിയ ധീരാത്മാക്കളെക്കുറിച്ചുള്ള ഗ്രന്ഥങ്ങളും ഉപന്യാസങ്ങളും അദ്ദേഹത്തിന്റേതായിട്ടുണ്ട്. കെ.എം.മൗലവിയും, സീതി സാഹിബും, മുഹ മ്മദ് അബ്ദുറഹി മാൻ സാഹിബും ജീവചരിത്രരചനക്ക് അദ്ദേഹം വിധേയരാക്കിയിട്ടുള്ളവരാണ്. മങ്ങാട്ടച്ചനും കുഞ്ഞായിൻ മുസ്ലി യാരും, അറബികളുടെ കപ്പലോട്ടം, മാലിക് ഇബ്നുദീനാർ, ചേരമാൻ പെരുമാൾ, ഖിലാഫത്ത് ലഹളയും ആലി മുസ്ലിയാരും, മുഹമ്മദ് നബി പൂർവ്വവേദങ്ങളിൽ ഇസ്ലാമിന്റെ സന്ദേശം, ഹ്രസത്ത് മമ്പുറം സയ്യിദ് അലവി തങ്ങൾ, ക്വാജാ മുഹീനുദ്ദീൻ ചിശ്ത്തി, ഖാസി അൻവർ പാഷ, ഹ്രസത്ത് ഇബ്രാഹീ ഇബ്നു അദ്ഹം, വിശുദ്ധ നബിയുടെ സന്താനങ്ങൾ, ഭാരതീയ പ്രവാചകന്മാർ, ഇസ്ലാം ആദർശ സങ്കലിത സംസ്കാരം, ഹ്രസത്ത് ആയിഷ തുടങ്ങിയവ അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളിൽ ചിലതാണ്. മഹത്തായ മാപ്പിള സാഹിത്യപാരമ്പര്യം സി.എൻ. അഹമ്മദ് മൗലവിയുമൊത്ത് രചിച്ചിട്ടുള്ള പ്രൗഢമായ റഫറൻസ് ഗ്രന്ഥമാണ്. ഏത് ഗ്രന്ഥത്തെയും ഗ്രന്ഥകാരനെയും കുറിച്ച് ഓർമിക്കാൻ കഴിഞ്ഞിരുന്ന അദ്ദേഹത്തിന്റെ കഴിവ് അപാരമാണ്. കേരളത്തിലെ പ്രധാനപ്പെട്ട കുടുംബങ്ങളെയും വ്യക്തികളെയും കുറിച്ച് മനഃപാഠമായി അദ്ദേഹത്തിന് പറയുവാനാകുമായിരുന്നു. ഇതുതന്നെയാണ് സംഘടനകളെയും സംഘടനാ പ്രവർത്തകരെയും കുറിച്ചുള്ള കാര്യവും. സഞ്ചാരപ്രിയനായ അദ്ദേഹം അന്വേഷണ തൃഷ്ണയോടുകൂടി ഊരുചുറ്റുക പതിവായിരുന്നു. എവിടെ നിന്നായാലും പഴയ രേഖകളും ഗ്രന്ഥങ്ങളും പത്രമാസികകളും സ്വന്തമാക്കാനുള്ള തീക്ഷ്ണമായ അഭിലാഷം അപൂർവ്വ ശേഖരങ്ങൾ ഉൾക്കൊള്ളുന്ന നല്ലൊരു ഗ്രന്ഥപ്പുരയുടെ ഉടമയായി അദ്ദേഹത്തെ മാറ്റിയിട്ടുണ്ട്. ഹജ്ജ് തീർത്ഥാടനം നടത്തിയിട്ടുള്ള കരീം സാഹിബ് ലക്ഷദ്വീപിലും ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലും പഠനപര്യടനവും നടത്തിയിട്ടുണ്ട്. കീടക്കാട്ട് കാവുങ്ങൽക്കണ്ടിയിൽ വീരാൻകുട്ടി മുസ്ലിയാരാണ് പിതാവ്. കീടക്കാട്ട് തെക്കുവീട്ടിൽ ഫാത്തിമക്കുട്ടിയാണ് മാതാവ്. വീരാൻകുട്ടി മുസ്ലിയാർ ആര്യവൈദ്യനും ഖിലാഫത്ത് പ്രസ്ഥാ നത്തിന്റെ ആദ്യകാല പ്രവർത്തകനുമായിരുന്നു. ചരിത്രവിഭാഗം മേധാവിയായി വിരമിച്ച ഡോ. കെ.കെ. മുഹമ്മദ് അബ്ദുൽ സത്താർ, കാലിക്കറ്റ് ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ അധ്യാപകൻ, മുഹമ്മദ് അബ്ദുൽ ജബ്ബാർ, സുബൈദ, റഷീദ, നശീദ, മാജിദ എന്നിവർ മക്കളാണ്. ആദ്യ ഭാര്യയായ മഠത്തിൽ കദീശുമ്മയുടെ മരണാനന്തരം കരീം സാഹിബ് രണ്ടാമത് വിവാഹം ചെയ്തിട്ടുള്ളത് വി. ഉമ്മാച്ചുവിനെയാണ്. ഇവരിലുള്ള മകളാണ് മാജിദ. സ്കൂൾ പ്രധാനാധ്യാപകൻ എന്ന നിലയിലാണദ്ദേഹം സർവ്വീസിൽ നിന്നും പിരിയുന്നത്. അദ്ധ്യാപകനെന്ന നിലക്കും വ്യാപകമായി യാത്ര ചെയ്തിട്ടുള്ള വ്യക്തിയെന്നതിനാലും കരീം സാഹിബിന് പരിചയമുള്ളവർ നിരവധിയാണ്. ഏറെ വിനയവും സൗമ്യശീലവുമുള്ള കരീം സാഹിബിനെ അറിയപ്പെടേണ്ട വിധത്തിലോ അംഗീകരിക്കപ്പെടേണ്ട തരത്തിലോ കേരളമോ, സമുദായമോ ഇതുവരെ മാനിച്ചിട്ടില്ലെന്നുള്ളത് ദുഃഖസത്യമായി അവശേഷിക്കുന്നു. ഒരു പക്ഷേ വിജ്ഞാനതലത്തിൽ വൈവിധ്യമാർന്ന വിഷയങ്ങളാണ് അദ്ദേഹം കൈകാര്യം ചെയ്തിട്ടുള്ളത് എന്നതി നാലാകാം സ്പെഷലൈസേഷന്റെ ഈ കാലഘട്ടത്തിൽ കരീം സാഹിബിനെ അവഗണിക്കുവാനിട വന്നിട്ടുള്ളത്. കഥാകൃത്ത്, നോവലിസ്റ്റ്, കവി, കാവ്യ നിരൂപകൻ, ജീവ ചരിത്രകാരൻ, ചരിത്രഗവേഷകൻ, മതസാഹിത്യകാരൻ എന്നീ നിലകളിലെല്ലാം തന്നെ കരീം സാഹിബിന്റെ സംഭാവനകൾ ഉണ്ടായിട്ടുണ്ട്. ഒരു വിഷയത്തിൽ മാത്രം ഉറച്ചുനിൽക്കുന്ന രീതിയായിരുന്നില്ല അദ്ദേഹത്തിന്റേത്. വായിച്ചിട്ടുള്ളതും അറിഞ്ഞിട്ടുള്ളതുമൊക്കെ ഓർമ്മിക്കാൻ കഴിയുന്ന അപാരമായ സിദ്ധി അദ്ദേഹത്തിന്റെ സവിശേഷതയാണ്. അദ്ദേഹവുമായി ഏതെങ്കിലും പ്രത്യേക വിഷയത്തെക്കുറിച്ച് സംസാരിക്കുന്നതിനിടയിൽ ലഭിക്കുന്ന അറിവ് പല ഗ്രന്ഥങ്ങൾ ഒന്നിച്ച് വായിച്ചാലും ലഭിക്കുന്നവ ആയിരിക്കില്ല. അത്രയധികം വിവരങ്ങൾ അദ്ദേഹത്തിന്റെ അറിവിന്റെ കലവറയിൽ സൂക്ഷിക്കപ്പെട്ടിരിക്കുന്നു. വിദ്യാഭ്യാസക്കാലത്ത് 1942-ൽ ഹിമായത്ത് സ്കൂളിൽ പഠിക്കുമ്പോൾ തന്നെ പ്രസംഗ ഉപന്യാസ മത്സരങ്ങളിൽ ധാരാളം സമ്മാനങ്ങൾ അദ്ദേഹം വാരിക്കൂട്ടിയിട്ടുണ്ട്. 1990-ൽ മാപ്പിള സോങ് ലവേഴ്സ് അസോസിയേഷൻ എന്ന സംഘടന അറബി മലയാളത്തിനും, മാപ്പിള കാവ്യ പ്രതിഭകളെക്കുറിച്ചുള്ള പഠനങ്ങൾക്കുമു ള്ള അംഗീകാരമായി പി.എം.എ. തങ്ങൾ, ബാലകൃഷ്ണൻ വള്ളിക്കുന്ന് എന്നിവരോടൊപ്പം കെ. കെ. മുഹമ്മദ് അബ്ദുൽ കരീം സാഹിബിനും പൊന്നാട നൽകി ബഹുമാനിച്ചു. അംഗീകാരങ്ങളുടെയും ആദരങ്ങളുടെയും നീണ്ടനിര തന്നെ അദ്ദേഹത്തെ തേടിയെത്തിയിരുന്നു. മാപ്പിള സാഹിത്യ അക്കാദമി ഫെലോഷിപ്പ്, സർഗശാലാ തിരൂർ പുരസ്കാരം, പി.എ. സെയ്ത് മുഹമ്മദ് അവാർഡ്, മഹാകവി ഉബൈദ് അവാർഡ്, ബ്രദേഴ്സ് ഇന്ത്യാ ഫൗണ്ടേഷ ൻ അവാർഡ് (50001 രൂപ) ധിഷണാ അവാർഡ്, ഫ്രൈഡേ ക്ലബ് അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്. ഫാറൂഖ് കോളേജ് മാപ്പിള സ്റ്റഡീസ് റിസേർച്ച് സെന്റർ പ്രശംസപത്രം നൽകി ആദരിച്ചിട്ടുണ്ട്. കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇസ്ലാമിക് ചെയറിൽ പ്രമുഖസ്ഥാനം നൽകുകയും അവരുടെ പ്രസിദ്ധീകരണങ്ങൾ സൗജന്യമായി നൽകുകയും ചെയ്തുപോന്നിരുന്നു. കുമ്പളയിലെ തനിമാ അവാർഡ്, മഹാകവി മോയിൻകുട്ടി വൈദ്യർ സ്മാരക കമ്മിറ്റിയുടെ ആദരം എന്നിവയും കരീം സാഹിബിനെ തേടിയെത്തിയ ഏതാനും ബഹുമതികളാണ്. കൂടാതെ മരണാനന്തര ബഹുമതിയായി മലബാർ സമരത്തിന്റെ നേരായ ചരിത്രരചന നടത്തി വികലമായ ചരിത്ര ബോധത്തിന്റെ പൊയ്മുഖം പറിച്ചെറിഞ്ഞ ചരിത്രകാരനെന്ന നിലയിൽ കരീം സാഹിബിനേയും ഡോ. എം.ഗംഗാധരൻ, നെല്ലിക്കുത്ത് മുഹമ്മദലി മുസ്ലിയാർ എന്നീ ചരിത്ര പണ്ഡിതന്മാരോടൊപ്പം ആദരിച്ചിട്ടുണ്ട്. കേരള മുസ്ലിം ചരിത്രം, സ്ഥിതിവിവരകണക്ക് ഡയറക്ടറിയുടെ ചീഫ് പ്രൊജക്ട് ഓഫീസർ എന്ന നിലയിൽ മികച്ച പ്രവർത്തനം കാഴ്ച വച്ചിട്ടുണ്ട്. 1948 മുതൽ തന്നെ സാഹിത്യസപര്യ തുടങ്ങിയ കരീം സാഹിബ് മാപ്പിള സാഹിത്യ അക്കാദമി സ്ഥാപക പ്രസിഡണ്ടും, ഇന്തോ-അറബ് ഫ്രണ്ട്ഷിപ്പ് സൊസൈറ്റിയുടെ സംസ്ഥാന വൈസ് പ്രസിഡണ്ടായും അഖില കേരളാ ജംഇയ്യത്തുൽ ഉലമായുടെ ജിഹ്വയായിരുന്ന അൽ ജംഇയ്യത്തിന്റെ നടത്തിപ്പിൽ പ്രമുഖസ്ഥാനം വഹിച്ചിരുന്നു. കേരളത്തിൽ ആദ്യമായി പ്രസിദ്ധീകരിച്ച ഇസ്ലാം വിജ്ഞാന കോശത്തിന്റെ (കലിമ ബുക്സ്) ചീഫ് എഡിറ്ററായിരുന്നു. മഹാകവി മോയിൻകുട്ടി വൈദ്യർ സമ്പൂർണ്ണ കൃതികളുടെ ശേഖരണവും വ്യാഖ്യാനസഹിതമുള്ള പ്രസിദ്ധീകരണവും കരീം സാഹിബിന്റെ സംഭാവനയാണ്. നൂറിലേറെ കൃതികളുടേയും ആയിരക്കണക്കിന് ലേഖനങ്ങളുടേയും കർത്താവായ കരീം സാഹിബിനെ മാപ്പിള ചരിത്രത്തിന്റെ സഞ്ചരിക്കുന്ന വിജ്ഞാന കോശമായും ധീരവും സത്യസന്ധവുമായ ചരിത്രരചനയുടെ കുലപതിയുമായാണ് വിശേഷിപ്പിക്കപ്പെട്ടിരുന്നത്. വൈവിധ്യ പൂർണ്ണവും അതിവിശാലവുമായൊരു സാഹിത്യ സാമ്രാജ്യത്തിന്റെ ചെങ്കോലേന്തി, തൂലിക പടവാളാക്കിയ കരീം സാഹിബ് അറബി-മലയാള സാഹിത്യത്തിലെ വില മതിക്കാനാവാത്ത ഗ്രന്ഥശേഖരത്തിന്റെ ഉടമ കൂടിയാണ്. വിദേശ ചരിത്രകാരനായ റോളണ്ട് ഇ. മില്ലർ തന്റെ വിശ്വപ്രസിദ്ധ ഗ്രന്ഥമായ മാപ്പിള മുസ്ലിംസ് ഓഫ് കേരള (1976) എഴുതുവാൻ ആശ്രയിച്ചത് കരീം മാസ്റ്ററെയായിരുന്നു. മില്ലർ കേരളം സന്ദർശിക്കുമ്പോഴെല്ലാം കരീം മാസ്റ്ററുമായി ചർച്ചകൾ നടത്തുമായിരുന്നു. 1980ൽ ഓക്സ്ഫോർഡ് പ്രസ് പ്രസിദ്ധീകരിച്ച സ്റ്റീഫൻ ഫഡറിക് ഡെയ്ലിന്റെ മാപ്പിളാസ് ഓഫ് മലബാർ (1498-1922) എന്ന ഗ്രന്ഥത്തിന്റെ പ്രസിദ്ധീകരണത്തിലും കരീം മാസ്റ്ററുടെ പങ്ക് നിസ്തുലമാണ്. യൂട്ടാവിംഗ്ലർ അഡോൾഫ് ക്വില്ലിൻസ് എന്നീ ജർമൻ ഗവേഷകരും കരീം മാസ്റ്ററുടെ വിജ്ഞാന ശേഖരത്തിന്റെ മധുരം നുകർന്നവരാണ്. കൊണ്ടോട്ടിയുടെ ചരിത്രത്തിലാദ്യമായി നടത്തിയ ജനകീയ സ്വീകരണം തന്നെ കരീം മാസ്റ്ററെന്ന ചരിത്രഗവേഷകന്റെ സ്വീകാര്യത വിളിച്ചോതുന്നതാണ്. പി.എ. സെയ്ദ് മുഹമ്മദ് അവാർഡ് കരീം മാസ്റ്റർക്ക് ലഭിച്ചപ്പോൾ കൊണ്ടോട്ടിയിലെ പൗരാവലി നൽകിയ മനോഹരമായ ഘോഷയാത്രയും അവിസ്മരണീയമത്രേ. കേരളീയ കലാരൂപങ്ങളുടെയും ചരിത്ര പുരുഷന്മാരുടെയും നിശ്ചലദൃശ്യങ്ങളോടെയുള്ള ഘോഷയാത്രയുടെ ഒരു ഭാഗം മോയിൻകുട്ടി വൈദ്യർ സ്മാരകത്തിനടുത്ത് എത്തിയപ്പോൾ മറുഭാഗം കുറുപ്പത്ത് ബൈപ്പാസ് വരെ നീണ്ടു കിടന്നിരുന്നു. എം.സി. വീരാൻകുട്ടി, കെ. ഹുസ്സൻ സാഹിബ്, എ.പി. അഹമ്മദ്, സി.ടി. മുഹമ്മദ്, തരുവറ ശംസു, പുതിയറക്കൽ സലീം, കല്ലിങ്ങൽ കുഞ്ഞാൻ തുടങ്ങിയവരായിരുന്നു അതിന് നേതൃത്വം നൽകിയി രുന്നത്. മഹാകവി മോയിൻകുട്ടി വൈദ്യർ അക്കാദമിയിലെ ഗവേഷണ ലൈബ്രറി കെ.കെ. മുഹമ്മദ് അബ്ദുൽ കരീമിന്റെ നാമധേയത്തിലാണറിയപ്പെടുന്നത്. ഇബ്നു മീരാൻകുട്ടി, അബൂഅബ്ദു റഷീദ്, അബൂനശീദ, കീടക്കാടൻ എന്നീ തൂലികാ നാമങ്ങളിലും കരീം സാഹിബ് ചരിത്ര രചന നിർവഹിച്ചിട്ടുണ്ട്. കീടക്കാട്ട് കുടുംബചരിത്രം പൂർത്തീകരിക്കുക അദ്ദേഹത്തിന്റെ അന്ത്യാഭിലാഷമായിരുന്നു. അദ്ദേഹം തുടങ്ങിവെച്ച കുടുംബ ചരിത്രം പൂർത്തീകരിക്കുന്നതിന് ഞങ്ങൾ കഠിനശ്രമം നടത്തിവന്നിട്ടുണ്ട്. അദ്ദേഹത്തിന്റെ ലക്ഷ്യസാക്ഷാൽകാരത്തിന് വേണ്ടി പ്രവർത്തിക്കാൻ കഴിഞ്ഞതിൽ അല്ലാഹുവിനെ സ്തുതിക്കുന്നു. കീടക്കാട്ട് കുടുംബത്തിന് അദ്ദേഹം അത്രമാത്രം സ്നേഹിച്ചിരുന്നു. നല്ലൊരു മാർഗദർശകനെയാണ് അദ്ദേഹത്തിന്റെ മരണത്തോടെ നമുക്ക് നഷ്ടമായത്. 1932 ജൂൺ 1ന് ജനിച്ച കെ.കെ. മുഹമ്മദ് അബ്ദുൽ കരീം 2005 ഏപ്രിൽ 7-ന് നിര്യാതനായി. കരീം മാസ്റ്ററുടെ മകൻ: ഡോ. കെ.കെ. മുഹമ്മദ് അബ്ദുസത്താർ പിതാവിന്റെ പാത പിൻതുടർന്ന് ചരിത്രരചനയിലും ഗവേഷണത്തിലും കഴിവു തെളിയിച്ച പ്രതിഭയാണ്. തിരൂരങ്ങാടി പി.എസ്.എം.ഒ. കോളേജ് ചരിത്രവിഭാഗം തലവനായിരുന്ന അദ്ദേഹം 2006 മുതൽ മോയിൻകുട്ടി വൈദ്യർ സ്മാരക കമ്മിറ്റി അംഗം, അക്കാദമി നിർവാഹക സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. അദ്ദേഹം രചിച്ച Mappila Leader in Exile: A Political Biography of Syed Fazal Tangal എന്ന ഇംഗ്ലീഷ് കൃതി മമ്പുറം തങ്ങന്മാരെ കുറിച്ചുള്ള ആധികാരിക റഫറൻസ് ഗ്രന്ഥമായി അറിയപ്പെടുന്നു. മലയാളത്തിൽ 16 (മാപ്പിള കീഴാള പഠനങ്ങൾ) എന്ന കൃതിക്ക് 2016ലെ ഏറ്റവും മികച്ച മാപ്പിളചരിത്രപഠനത്തിനുള്ള ജിദ്ദ ഐഡിബി അവാർഡ് ലഭിച്ചിട്ടുണ്ട്. കൂടാതെ ചരിത്രത്തിലെ കൊണ്ടോട്ടി എന്ന കൃതി പണിപ്പുരയിലാണ്.

സ്മൃതിപഥങ്ങളിൽ

കുഞ്ഞഹമ്മദ്കുട്ടി ഹാജി എന്ന ഇണ്ണി

കരിപ്പൂർ (വെള്ളാർ) തെക്ക് വീട്ടിൽ ചേക്കുട്ടിയുടെ മൂന്നാമത്തെ മകനായ കുഞ്ഞഹമ്മദ്കുട്ടി ഹാജി എന്ന ഇണ്ണി തെക്കുവീട് തറവാട്ടിൽ താമസിച്ചു. പ്രമുഖനും നാട്ടുകാരണവരുമായിരുന്നു. ആഞ്ചിറക്കൽ പള്ളിയുടെ മേൽനോട്ടക്കാരനായിരുന്നു. പള്ളിയിൽ നടക്കുന്ന ചടങ്ങുകളിലെല്ലാം സജീവ സാന്നിദ്ധ്യമായിരുന്നു. മതഭക്തനായിരുന്ന ഇണ്ണി പണ്ഡിതന്മാരെ ഏറെ ബഹുമാനിച്ചിരുന്നു. മക്കളില്ല.

കെ.പി മമ്മദ്കുട്ടി

കീടക്കാട്ട് പുത്തൻ പീടികക്കൽ മമ്മദിശ്ശയുടെയും പുഴിത്തിനിപ്പാറ പാത്തുണ്ണിയുടെയും നാലാമത്തെ മകനായി 1930ൽ മേലങ്ങാടി തയ്യിൽ ജനനം. വളരെ ചെറുപ്പത്തിലേ പൊതുപ്രവർത്തനത്തിനിറങ്ങിയ മമ്മദുകുട്ടി കോൺഗ്രസ്സിന്റെ സജീവ പ്രവർത്തകനായിരുന്നു. ദീനീ ഭക്തനായ മമ്മദ്കുട്ടി മേലങ്ങാടി മദ്രസ്സ കമ്മിറ്റി പ്രസിഡണ്ടായി പ്രവർത്തിച്ചിട്ടുണ്ട്. വിമാനത്താവളം സ്ഥാപിക്കാനുള്ള ആദ്യകാല പ്രവർത്തനങ്ങളിൽ പങ്കാളിയായി. പ്രമുഖ കൃഷിക്കാരനായ മമ്മദുകുട്ടി കുടുംബസ്വത്തിൽ പെട്ട നാണ്യവിളകൾ കോഴിക്കോട്ട് പാണ്ടികശാലകളിൽ എത്തിച്ച് വ്യാപാരം നടത്തിയിരുന്നു. 1965 ൽ അദ്ദേഹം മരണപ്പെട്ടു. ഭാര്യ: പുളിയാളി പോക്കറിന്റെ മകൾ മറിയുമ്മ. മക്കൾ: ഫാത്തിമ (കോഡൂർ), ഖദീജ (കൊട്ടപ്പുറം), മമ്മദിശ്ശ അബ്ദുൽ ലത്തീഫ്, സുബൈദ (പറമ്പിൽപീടിക).

അലവിക്കുട്ടി അപ്പിക്കുന്ന്

കളത്തിങ്ങൽകണ്ടി ബീരാൻകുട്ടി മകൻ അപ്പിക്കുന്നത്ത് അലവിക്കുട്ടി സാഹിബ് കുറച്ചുകാലം വീരാൻകുട്ടി മുസ്ലിയാരോടൊത്ത് മഞ്ഞോളിൽ സ്കൂളിൽ അധ്യാപകനായി സേവനമനുഷ്ടിച്ചിട്ടുണ്ട്. അതിനു ശേഷം മലബാറിന്റെ വിവിധ ഭാഗങ്ങളിൽ പോയി പനയുടെ പൊടി ശേഖരിച്ച് വിൽപ്പന നടത്തുന്ന ജോലിയിലേർപ്പെട്ടിരുന്നു. കൊണ്ടോട്ടി തങ്ങളുടെ മുരീദായും പടയാളിയായും പ്രവർത്തിച്ചിട്ടുണ്ട്. നല്ല മെയ് വഴക്കമുള്ള അഭ്യാസിയായിരുന്നു അദ്ദേഹം. 1921ലെ ലഹളക്കാലത്ത് കൊണ്ടോട്ടി തങ്ങളുടെ പക്ഷക്കാരനായി നിലകൊണ്ടു. നല്ലൊരു കണക്കെഴുത്തുകാരൻ, അധ്യാപകൻ, ഗായകൻ, മരക്കച്ചവടക്കാരൻ എന്നിങ്ങനെ വിവിധ തുറകളിൽ കഴിവ് തെളിയിച്ചയാളായിരുന്നു. മഹാകവി മോയിൻകുട്ടി വൈദ്യരുടെ പ്രസിദ്ധമായ ബദർ പാട്ട് പാടിപ്പറയാൻ നല്ലളം ബീരാൻ, കടായിക്കൽ മൊയ്തീൻകുട്ടി ഹാജി എന്നീ പ്രമുഖരോടൊപ്പം പോയിരുന്നു. ഇദ്ദേഹം അത്തിക്കാവിൽ കുഞ്ഞിഫാത്തിമയെയാണ് വിവാഹം കഴിച്ചത്. കളത്തിങ്ങൽകണ്ടി ബീരാൻകുട്ടിയുടെ രണ്ടാമത്തെ മകൻ ഏന്തീൻകുട്ടി കുട്ടിച്ചീരി, മൂന്നാമത്തെ മകൻ അബ്ദുറഹിമാൻ കുട്ടി (ഇമ്പിച്ചി).

കെ.പി. മായിൻ

കൊയിലാണ്ടിയിലെ പൗരപ്രമുഖനായ കോളോത്ത് മമ്മദിന്റെയും പാത്തുമ്മയുടെയും മകനായി 1879ൽ ജനനം. ഭാര്യ: കീടക്കാട്ട് പുത്തൻപീടികക്കൽ മമ്മദിശ. മകൾ കെ.പി. കദിയുമ്മ. നല്ല പൊക്കവും അതിനൊത്ത ശരീരവുമുണ്ടായിരുന്ന കെ.പി. മായിൻ സാഹിബ് കൊയിലാണ്ടി താലൂക്കിലെ ഏറ്റവും സമ്പന്നനും ഭൂവുടമയുമായിരുന്നു. ഉണ്ണിക്കമ്മു സാഹിബ് മലബാർ ഡിസ്ട്രിക്ട് ബോർഡ് പ്രസിഡണ്ടായിരുന്ന കാലത്ത് കെ.പി. മായിൻ മലബാർ ഡിസ്കിട് ബോർഡ് അംഗമായിരുന്നു. കൃഷിക്കാരനും പ്രമുഖ മരവ്യവസായിയുമായിരുന്നു മായിൻ സാഹിബ്. അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന വ്യവസായ സ്ഥാപനങ്ങളാണ് മായൻ സോമിലും ഭാരത് സോമില്ലും. 9 ആന അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുണ്ടായിരുന്നു. മക്കൾ: കെ.പി. അബ്ദുൽ ഖാദർ, കെ.പി. കുഞ്ഞിപ്പാത്തു, കെ.പി. അബ്ദുല്ല, കെ.പി. വീരാൻകുട്ടി, കെ.പി. അബ്ദുൽ ഖാദറിന്റെ ഭാര്യ മേച്ചേരി മോയിൻകുട്ടി (വാഴക്കാട്), മകൾ റാബിയ. കെ.പി. അബ്ദുല്ലയുടെ ഭാര്യ : എടത്തിൽ പുതിയടത്ത് കുഞ്ഞാമിന, വീരാൻകുട്ടി വിവാഹം കഴിച്ചത് ആർ. മരയ്ക്കാർ ഹാജി മകൾ നഫീസയെയാണ്. മായിൻകുട്ടി കദിയുമ്മ ദമ്പതികളുടെ ഏക മകൾ കുഞ്ഞിപ്പാത്തുവിനെ വിവാഹം കഴിച്ചത് എടത്തിൽ പുതിയടത്ത് ആലിക്കുട്ടി സാഹിബാണ്.

കെ.പി. കുഞ്ഞഹമ്മദ് (തയ്യിൽ കുഞ്ഞഹമ്മദ്)

കീടക്കാട്ട് പുത്തൻ പീടികക്കൽ മമ്മദിശയുടെയും പുഴുത്തിനിപ്പാറ പാത്തുമുണ്ണിയുടെയും മൂന്നാമത്തെ മകനായി പുത്തൻപീടിക ഭവനത്തിൽ 1907 ൽ ജനിച്ചു. ഭാരിച്ച കുടുംബസ്വത്ത് നോക്കി നടത്തുന്നതിലും കൃഷിയിലും കുഞ്ഞഹമ്മദ് പ്രത്യേകം ശ്രദ്ധ ചെലുത്തി. കരിപ്പൂർ എയർപോർട്ട് ഭാഗങ്ങൾ, മേലങ്ങാടി കുന്നത്ത്പറമ്പ്, മുണ്ടപ്പുറം, കട്ടിച്ചിരിപറമ്പ്, മൈലാടി, ചിറയിൽ, മാതംകുഴി, കൊളക്കാട്, തിരുത്തിയാട്, ബങ്കുളം, കിഴിശ്ശേരി, കോടങ്ങാട് തുടങ്ങി നോക്കെത്താദൂരത്ത് പരന്നുകിടക്കുന്ന നെൽവയലുകളും കൃഷിയിടങ്ങളും നോക്കിനടത്തിയിരുന്നത് കുഞ്ഞഹമ്മദായിരുന്നു. ഇദ്ദേഹത്തിന്റെ കാലത്താണ് കൊണ്ടോട്ടി സ്ഥാനിദാറായിരുന്ന നദീൻ തങ്ങളുമായി പ്രമാദമായ പൂളക്കേസ് ഉണ്ടായത്. പൂള് കീടക്കാട്ട് പുത്തൻപീടികക്കൽ കുടുംബത്തിന് അനുകൂലമായി കോടതി വിധിച്ചു. അനുകൂല വിധി ലഭിച്ചെങ്കിലും പൂള പറിച്ചെടുക്കാൻ കുഞ്ഞഹമ്മദും കൂട്ടരും തങ്ങളോടാവശ്യപ്പെട്ടു. അഭിമാനക്ഷതം തോന്നിയ തങ്ങൾ പ്രസ്തുത ആവശ്യം നിരസിച്ചു. കീടക്കാട്ട് കുടുംബം പുളി പറിച്ചെടുക്കാൻ നാട്ടുകാർക്ക് വിട്ടുകൊടുത്തു. കുഞ്ഞഹമ്മദിന്റെ സ്നേഹിതനായ കൊടക്കാടൻ കുഞ്ഞയമുട്ടിയും കൂട്ടരും കാളയെ അറുത്ത് ജനങ്ങൾക്ക് വിതരണം ചെയ്തു. കുറുപ്പത്തെ കൊടക്കാടൻ ഹൈദൂസ് കുട്ടി, കോട്ടപാലക്കുടത്ത് മുഹമ്മദ് ഹാജി, മണക്കടവൻ മൊയ്തീൻകുട്ടി ഹാജി എന്നിവരുമായുള്ള അടുപ്പമാണ് കുറുപ്പത്ത് 7 ഏക്കറോളം വരുന്ന താഴത്തേകുന്നത്ത് പറമ്പിലേക്ക് താമസം മാറ്റാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. കുഞ്ഞഹമ്മദ് പെട്ടെന്ന് പ്രതികരിക്കുമെങ്കിലും പാവപ്പെട്ടവരോട് കൃപയും ദയയുള്ള മഹാമനസ്കനായിരുന്നു. മേലങ്ങാടി പന്തകളിനടുത്തുണ്ടായിരുന്ന അദ്ദേഹത്തിന്റെ പീടികമുറിയുടെ വാടക നൽകാത്തവരെ വെള്ളിയാഴ്ച തോറുമുള്ള സന്ദർശനത്തിന്റെ ഭാഗമായി ശകാരിക്കുകയും പീടിക പൂട്ടി താക്കോൽ വാങ്ങുകയും ചെയ്യും. കൗശലക്കാരനും രസികനുമായ ഒരു കച്ചവടക്കാരൻ പീടിക നിരപ്പലകയും ഓടാനിലയുമിട്ട് പൂട്ടുന്നതായി അഭിനയിച്ച് താക്കോൽ ഏൽപ്പിക്കും. കുഞ്ഞഹമ്മദ് താക്കോൽ പുളിയഞ്ചാലി മോരിയെ ഏൽപ്പിക്കും. അടുത്ത വെള്ളിയാഴ്ച വരുമ്പോൾ പീടിക തുറന്നു കാണുമ്പോൾ മോതിയോട് അന്വേഷിക്കും. എങ്ങനെയാണ് വാടക നൽകാതെ കട തുറന്നത് ? കച്ചവടക്കാരൻ കുഞ്ഞഹമ്മദിനെ കണ്ട് സങ്കടം ഉണർത്തും. അത് കേട്ട് അദ്ദേഹം തണുക്കും. പലപ്പോഴും വാടക ഒഴിവാക്കി കൊടുക്കും. 1930ൽ പിതാവ് മേദി സ്ഥാപിച്ച കൊണ്ടോട്ടി മത്സ്യമാർക്കറ്റ് നവീകരിച്ചതും ഓടുമേഞ്ഞ് സിമന്‍റിട്ടതും കുഞ്ഞഹമ്മദാണ്. ദേശീയ സ്വാതന്ത്ര്യസമരസേനാനിയായിരുന്ന മൗലാന അബുൽ കലാം ആസാദിനോടുള്ള ആദരവ് കൊണ്ടാണ് കുഞ്ഞഹമ്മദ് തന്റെ മക്കളിലൊരാൾക്ക് അബുൽ കലാം ആസാദ് എന്ന് പേരിട്ടത്. പിതാവിന്റെ കാർഷിക പാരമ്പര്യം നിലനിർത്തുന്ന ആസാദിന് നെടിയിരുപ്പ് പഞ്ചായത്തിന്റെ കർഷകന് അവാർഡ് ലഭിച്ചിട്ടുണ്ട്. 1970ൽ 85-ാം വയസ്സിൽ മരണപ്പെട്ടു. മക്കൾ പാത്തുമുണ്ണി കടലുണ്ടി, ആമിനക്കുട്ടി ഒളകര, അഡ്വ. മുഹമ്മദ്, കിൻകുട്ടി, കുഞ്ഞറമുട്ടി, മമ്മൂട്ടി, അഡ്വ. മറിയുമ്മ, ഹുസൈൻ, അബ്ദുൽ റസാഖ്, അബുൽ കലാം ആസാദ്, ഇളയപുത്രനായ അബ്ദുൽ കരീം നല്ലൊരു ഫുട്ബോൾ പ്ലയറായിരുന്നു. 1984ൽ മലപ്പുറം ജില്ല ടീമിൽ അംഗമായിരുന്നു. ജില്ലക്ക് വേണ്ടി നിരവധി മത്സരങ്ങളിൽ കളിക്കുകയുണ്ടായി.

മഠത്തിൽകുഞ്ഞിപ്പക്കി ഹാജി (1894- 1975)

കുഞ്ഞായൻ - കുഞ്ഞമ്പി ഉമ്മ ദമ്പതികളുടെ മകനായി നടുവണ്ണൂർ പഞ്ചായത്തിൽ ജനിച്ചു വളർന്ന അദ്ദേഹം കോഴിക്കോട് ജില്ലയിൽ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ പ്രവർത്തനങ്ങളിൽ മുൻ നിരയിൽ ഉണ്ടായിരുന്നു. ആ കാലഘട്ടത്തിൽ ഉള്ള മത, സാംസ്കാരിക, രാഷ്ട്രീയ നേതാക്കളുമായി ഉറ്റബന്ധം പുലർത്താനും, അവരുമായി ഒന്നിച്ചു പ്രവർത്തിക്കാനും ഉള്ള അവസരം ഉണ്ടായിട്ടുണ്ട്. സെയ്ത് അബ്ദുറഹ്മാൻ ബാഫഖി തങ്ങളുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു .അദ്ദേഹം മുസ്ലിം ലീഗിന്റെ നേതൃത്വ രംഗത്ത് സജീവ സാന്നിധ്യമാവാൻ കാരണമാവുകയും ചെയ്തു. നടുവണ്ണൂർ പഞ്ചായത്തിന്റെ പ്രഥമ പ്രസിഡണ്ടായിരുന്ന അദ്ദേഹം മരണം വരെ (14 വർഷം) ആ സ്ഥാനത്തു തുടരാൻ നിർബ്ബന്ധിതനാവുകയായിരുന്നു. ആ കാലത്ത് പഞ്ചായത്തിൽ നടന്ന വികസന പ്രവർത്തനങ്ങളും അദ്ദേഹത്തിന്റെ അനിതസാധാരണമായ വ്യക്തിത്വവും, ആജ്ഞാശക്തിയും നേതൃത്വ ശേഷിയും, മതേതര കാഴ്ചപ്പാടുകളും ഇന്നും അദ്ദേഹത്തെ സ്നേഹത്തോടെയും, ബഹുമാനത്തോടെയും ഓർമ്മിക്കാൻ ജനങ്ങളെ പ്രേരിപ്പിക്കുന്നു എന്നത് അഭിമാനാർഹമാണ്. ചെറുവാടി സെൻട്രൽ ജുമാമസ്ജിദിന്റെ ആജീവനാന്ത മുതവല്ലിയായിരുന്ന അദ്ദേഹം മതപരമായ കാര്യങ്ങളിലും,വിദ്യാഭ്യാസപരമായ കാര്യങ്ങളിലും സ്തുത്യർഹമായ പ്രവർത്തനങ്ങൾ ആണ് കാഴ്ചവെച്ചിരുന്നത്. മലബാറിന്റെ സ്വന്തം ആയോധന കലയായ കളരിയിൽ അദ്ദേഹം തികഞ്ഞ ഒരു അഭ്യാസി ആയിരുന്നു. മാത്രമല്ല കളരി, മർമ്മാണി ചികിത്സാ രംഗത്ത് അറിയപ്പെടുന്ന വ്യക്തിത്വം ആയിരുന്നു. അദ്ദേഹത്തിന്റെ ചികിത്സകൾ പ്രതിഫലം വാങ്ങാത്ത, പ്രവൃത്തി ആയിട്ടാണ് വിലയിരുത്തപ്പെട്ടിരുന്നത്. മക്കൾ: അഡ്വ: കെ.പി കുഞ്ഞിമായൻ (പ്രഥമ MSF സ്റ്റേറ്റ് പ്രസിഡണ്ട്), മഠത്തിൽ അബൂബക്കർ, കുഞ്ഞിഖദീജ ഉമ്മർ ഹാജി.

കെ.പി. മൂസ തയ്യിൽ

കീടക്കാട്ട് പുത്തൻപീടികക്കൽ മമ്മദീശയുടെയും പുഴുത്തിനിപ്പാറ പാത്തുമ്മുണ്ണിയുടെയും രണ്ടാമത്തെ മകനായി ജനനം. കർഷക പ്രമുഖനായിരുന്നു. ദീർഘ കാലം തയ്യിൽ ജുമാമസ്ജിദിന്റെ മുതവല്ലിയായിരുന്നു. ഭാര്യ കുടുക്കിൽ വളപ്പത്തൊടി ബിയ്യാത്തുട്ടി. 1982-ൽ 94-ാം വയസ്സിൽ മരണപ്പെട്ടു.

കീടക്കാട്ട് അഹമ്മദ് (അയമുദു) കുറിയേട

കീടക്കാട്ട് തെക്കുവീട്ടിൽ കുഞ്ഞറമുട്ടിയുടെ മകനായി 1920ൽ കരിപ്പൂർ തെക്കുവീട്ടിൽ ജനനം. പഴയ ഇ.എസ്. എൽ.സി. പാസായ അയമുദു ഇംഗ്ലീഷ് ഭാഷ നന്നായി കൈകാര്യം ചെയ്തിരുന്നു. കുറിയേടം പാണമ്പാറ കൊട്ടംപറമ്പത്ത് അബ്ദുറഹിമാൻ മകൾ പാത്തുമ്മയിയെ വിവാഹം ചെയ്തു അയമുദു കുറിയേടത്തേക്ക് താമസം മാറ്റാൻ കാരണം ഭാര്യയുടെ കടിഞ്ഞൂൽ ഗർഭമാണ്. ചെറുവണ്ണൂരിലെ മുഹമ്മദ് ഡോക്ടറെ (കോയാസ് ഹോസ്പിറ്റൽ) കാണിക്കാനുള്ള സൗകര്യത്തിനാണ് അവിടെ താമസമാക്കിയത്. ആദ്യം ഭാര്യാ സഹോദരിയുടെ വീട്ടിൽ താമസിച്ച അയമുദുവും കുടുംബവും സ്വന്തം വീടുവച്ച് കുറിയേടത്ത് താമസമാക്കി. കുറിയേടത്ത് റേഷൻ കടയും, പലചരക്ക് കച്ചവടവും നടത്തിയ അയമുദു ഇൻഷൂറൻസ് ഏജന്റായും സുദർശൻ ചിട്ടി ഫണ്ടിലും പ്രവർത്തിച്ചിട്ടുണ്ട്. എട്ട് വർഷത്തോളം ഫയർഫോഴ്സിൽ ജോലി ചെയ്ത അദ്ദേഹം കാലവും നേരവും നോക്കാതെ ജോലി ചെയ്യുന്നതിലുള്ള വിഷമം കാരണം ജോലി രാജിവച്ചു. 1990ൽ 70-ാമത്തെ വയസ്സിൽ മരണപ്പെട്ടു.

കെ.പി. മൊയ്തീൻ എന്ന കുഞ്ഞാൻ

കീടക്കാട്ട് പുത്തൻപീടികക്കൽ മമ്മദിശയുടെ (തയ്യിൽ) ഇളയ പുത്രനായി 1932-ൽ ജനനം. മേലങ്ങാടി ജി.എം. എൽ.പി. സ്കൂൾ, കൊണ്ടോട്ടി യു.പി. സ്കൂൾ. മൊറയൂർ വി.എച്ച്.എം. ഹൈസ്കൂൾ, മലപ്പുറം മോഡൽ ഹൈസ്കൂൾ എന്നിവിടങ്ങളിൽ പഠനം നടത്തി. പൊതുകാര്യ പ്രസക്തൻ, പി.ഡബ്ല്യു ഡി കോൺട്രാക്ടർ, കോൺഗ്രസ് പ്രവർത്തകൻ എന്നീ നിലകളിൽ പ്രവർത്തിച്ചു പെരിയമ്പലം പള്ളിക്കൽ ബസാർ റോഡ്, കാക്കഞ്ചേരി - പള്ളിക്കൽ ബസാർ റോഡ്, കൊണ്ടോട്ടി പ്രൈമറി ഹെൽത്ത് സെന്റർ ബിൽഡിംഗ് എന്നിവ ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് നിർമാണം പൂർത്തിയാക്കിയത്. കൊണ്ടോട്ടി വികസന സമിതി ചെയർമാനായിരുന്നു. കരിപ്പൂർ വിമാനത്താവളം യാഥാർത്ഥ്യമാക്കുന്നതിൽ ആദ്യകാലത്ത് മുഖ്യപങ്ക് വഹിച്ചു. കൊണ്ടോട്ടി പഞ്ചായത്തിലെ നോമിനേറ്റഡ് അംഗമായും പ്രവർത്തിച്ചു. ഫുട്ബോൾ, ചതുരംഗം എന്നിവയിൽ വിദഗ്ധനായിരുന്നു. പരന്ന വായനക്കാരനായ അദ്ദേഹത്തിന് സ്വന്തമായി അമൂല്യഗ്രന്ഥങ്ങളടങ്ങുന്ന ലൈബ്രറിയുമുണ്ടായിരുന്നു. മത - രാഷ്ട്രീയ രംഗത്ത് പുരോഗമനവീക്ഷണം ഉൾക്കൊണ്ട് കുഞ്ഞാൻ മതഭക്തനും ധർമിഷ്ഠനുമായിരുന്നു. 1984 ഒക്ടോബർ . 10-ന് മരണപ്പെട്ടു. ഭാര്യ അത്തിക്കോട് മരിക്കയിൽ അവറാൻ കുട്ടി മകൾ ആയിശാബി (കരുവൻതിരുത്തി). മക്കൾ ഉമ്മത്തിക്കുട്ടി, ജമീല, മുഹമ്മദ് ശാഹ്, അബ്ദുറസാഖ്, സുഹ്റ, അബ്ദുൽ മജീദ്, ഹഫ്സ.

അഡ്വ. കെ.പി. കുഞ്ഞിമായൻ സാഹിബ്

കൊയിലാണ്ടിയിലെ പൗരപ്രമുഖനായ മഠത്തിൽ കുഞ്ഞിപ്പക്കി ഹാജിയുടെയും കൊണ്ടോട്ടി കീടക്കാട് പുത്തൻ പീടികക്കൽ ഉമ്മത്തിക്കുട്ടിയുടെയും മകനായി 1933ൽ കെ.പി. കുഞ്ഞിമായൻ ജനിച്ചു. കൊയിലാണ്ടി ഗവ. ഹൈസ്കൂൾ, ഫാറൂഖ് കോളേജ്, എറണാകുളം മഹാരാജാസ് കോളേജ്, എറണാകുളം ലോ കോളേജ് എന്നിവിടങ്ങളിൽ പഠനം നടത്തി ബിരുദവും നിയമ ബിരുദവും നേടി. 1969ൽ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറായി കൊയിലാണ്ടി മജിസ്ട്രേറ്റ് കോടതിയിൽ ജോലിയിൽ പ്രവേശിച്ചു. അക്കാലത്ത് കരിപ്പൂർ എയർപോർട്ട് സ്ഥാപിക്കാനുള്ള ശ്രമങ്ങളിൽ വ്യാപൃതനായി. 1988ൽ ജോലിയിൽ നിന്നും വിരമിച്ചു. കുഞ്ഞിമായൻ സാഹിബ് തന്റെ ബാല്യത്തിലെ അവധിക്കാലം ചെലവഴിച്ചിരുന്നത് മേലങ്ങാടിയിലെ തയ്യിൽ തറവാട്ടിലായിരുന്നു. കീടക്കാട്ട് ട്രസ്റ്റിന്റെ പ്രഥമ ചെയർമാൻ കെ.പി. ബാപ്പുമാസ്റ്റർ, കെ.പി. മൊയ്തീൻ എന്ന കുഞ്ഞാൻ, കെ. പി. മമ്മദ്കുട്ടി തുടങ്ങിയവർ അദ്ദേഹത്തിന്റെ കളിക്കൂട്ടുകാരായിരുന്നു. കേരള മുസ്ലിം വിദ്യാർത്ഥി ഫെഡറേഷന്റെ പ്രഥമ പ്രസിഡണ്ടായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. 2003-ലെ കീടക്കാട്ട് കുടുംബട്രസ്റ്റിന്റെ പ്രഥമ സംഗമത്തിൽ പ്രസംഗിച്ചു കൊണ്ടിരിക്കെ കുഞ്ഞിമായൻ സാഹിബ് കുഴഞ്ഞുവീണു. ശയ്യാവലംബിയായ അദ്ദേഹം 2003 സെപ്തംബർ 18ന് ഇഹലോകവാസം വെടിഞ്ഞു

മുഹമ്മദ് മുസ്ലിയാർ, പൂളമ്പറമ്പത്ത്

കീടക്കാട്ട് മോനുദ്ദീൻ മുസ്ലിയാരുടെയും നെയ്യൻ ഉമ്മാച്ച് ഉമ്മയുടെയും മൂത്ത മകനായ മുഹമ്മദ് മുസ്ലിയാർ പിതാവിന്റെ പാത പിന്തുടർന്ന് മതപഠനം കരസ്ഥമാക്കി ആറോളം പള്ളികളുടെ ഖത്തീബും ഖാളിയുമായിരുന്നു. പഠനശേഷം പിതാവിനെ സഹായിക്കുവാൻ കരിപ്പൂർ ആഞ്ചിറക്കൽ ജുമാമസ്ജിദിൽ തന്നെയാണ് അധികകാലവും കഴിച്ചു കൂട്ടിയത്. കൂടാതെ പരുത്തിക്കോട്, മഞ്ചക്കാട്, കൊട്ടപ്പുറം, ചാലിൽകുളം എന്നിവടങ്ങളിലും ഖാളിയും ഖത്തീബുമായി സേവനം ചെയ്തു. കർമ്മശാസ്ത്ര വിഷയങ്ങളിൽ അസാമാന്യ പാടവമുള്ള ഒരു പണ്ഡിതനായിരുന്നു. ശരീഅത്തുമായി ബന്ധപ്പെട്ട പല വിഷയങ്ങൾക്കും പലരും അദ്ദേഹത്തെ സമീപിക്കുക പതിവായിരുന്നു. സംശയങ്ങൾക്ക് ഉടനെ മറുപടി നൽകാനുള്ള അദ്ദേഹത്തിന്റെ കഴിവ് പ്രശംസനീയമാണ്. ഉറുദു ഭാഷയിൽ പ്രാവീണ്യമുണ്ടായിരുന്ന മുഹമ്മദ് മുസ്ലിയാർ അൽപകാലം കോടങ്ങാട്ട് ജുമാമസ്ജിദിൽ മുദരിസായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1990 നവംബർ 20ന് തന്റെ 72-ാമത്തെ വയസ്സിൽ മരണമടഞ്ഞു മക്കൾ മുഹമ്മദ് സഹീദ്, അബ്ദുറഹിമാൻ, ആയിഷ, സൈനബ, ഉമ്മുസൽമ

കിടക്കാട്ട് പുത്തൻപീടികക്കൽ മൊയ്തീൻ

കീടക്കാട്ട് പുത്തൻപീടികക്കൽ മമ്മദിശ്ശയുടെയും ഞണ്ടുകണ്ണി കതിയുമ്മയുടെയും മൂത്ത പുത്രനാണ് മൊയ്തീൻ പൗരപ്രമുഖനും ധീരനും കായികാഭ്യാസിയുമായിരുന്നു. ബ്രിട്ടീഷ് അധികാരികൾ തോക്ക് ഉപയോഗിക്കാൻ മൊയ്തീന് ലൈസൻസ് നൽകിയിരുന്നു. കൊണ്ടോട്ടിയിൽ ആദ്യമായി മോട്ടോർ ബൈക്ക് ഉപയോഗിച്ച വ്യക്തി മൊയ്തീനായിരുന്നു. അക്കാലത്ത് കൊണ്ടോട്ടി തക്കിയയുടെ മുന്നിലൂടെ ആരും ചെരുപ്പ് ധരിച്ച് പോകാൻ ധൈര്യപ്പെട്ടിരുന്നില്ല. എന്നാൽ മൊയ്തീൻ ചെരുപ്പ് ധരിച്ച് തല ഉയർത്തിപ്പിടിച്ച് തക്കിയാവിനു മുന്നിലൂടെ നടന്നുപോകുമായിരുന്നെന്ന് പഴമക്കാർ പറയുന്നു. കീടക്കാട്ട് പുത്തൻ പീടികക്കൽ മൊയ്തീന്റെ ഭാര്യ കുന്നുമ്മൽ കോഴിപ്പറമ്പിൽ വീരാൻ അധികാരിയുടെ മകൾ തിത്തീര്യയായിരുന്നു. മൊയ്തീൻ തിത്തീര്യ ദമ്പതികളുടെ മകളായി മമ്മാത്തക്കുട്ടി 1925ൽ ജനിച്ചു. വളരെ ധർമിഷ്ഠയും ഉദാരമതിയുമായിരുന്നു മമ്മാത്ത കുട്ടി ധാരാളം തോഴിമാരും സേവകരുമുണ്ടായിരുന്ന മമ്മാത്തകുട്ടി സൽക്കാര പ്രിയയായിരുന്നു. 1956ൽ 31-ാം വയസ്സിൽ മരണമടഞ്ഞു. മമ്മാത്ത കുട്ടിയുടെ ദാനധർമ്മത്തെക്കുറിച്ച് നാട്ടുകാർക്കിടയിൽ പ്രചാരത്തിലുള്ള ഒരു കഥയിങ്ങനെയാണ്, ദാനം നൽകി നൽകി അവസാനം വിത്തും കൂട് തുറന്നും പാവങ്ങൾക്ക് നൽകി. വിത്തിറക്കാൻ വേണ്ടി കൂട് അപ്പോൾ കാലിയായിരുന്നു. ഭർത്താവ് കെ.പി. മുഹമ്മദ് മാസ്റ്റർ, മക്കൾ, അബ്ദുൽ ജബ്ബാർ, ആയിശുമ്മ.

അഹമ്മദ് ഹാജി തെക്കുവീട്ടിൽ കരിപ്പൂർ

തെക്കുവീട്ടിൽ അഹമ്മദ്ഹാജിയുടെ ഇളയപുത്രനായ അബൂബക്കർ കുട്ടിയുടെ മകൻ അഹമ്മദ്ഹാജി സൂക്ഷ്മതയുള്ള പണ്ഡിതനായിരുന്നു. കരുവൻതിരുത്തി വലിയ ജുമുഅത്ത് പള്ളിയിൽ ഖത്തീബും മദ്റസയിലെ പ്രധാന അധ്യാപകനായും സേവനം ചെയ്തിട്ടുണ്ട്. കൊട്ടപ്പുറം കൊടിക്കുത്തിപ്പറമ്പ് ജുമാമസ്ജിദിൽ ഖാളിയും ഖത്തീബുമായി സേവനം ചെയ്തുകൊണ്ടിരിക്കെ മരണമടഞ്ഞു. മൂത്തമകൻ സിദ്ധീഖ് ഫൈസി വാഗ്മിയും പണ്ഡിതനുമാണ്. ഭാര്യമാർ പുല്ലിത്തൊടികകാളൂർ ഫാത്തിമ തറയിട്ടാൽ, പൊത്തൻകോടൻ ഫാത്തിമ തൃപ്പനച്ചി.

കെ.പി. മുഹമ്മദ് എന്ന ബാപ്പു മാസ്റ്റർ

1930 ജൂലൈ 1-ാം തിയ്യതി മേലങ്ങാടി തയ്യിൽ തറവാട്ടിൽ ജനിച്ചു. പ്രൈമറി, അപ്പർ പ്രൈമറി വിദ്യാഭ്യാസം കൊണ്ടോട്ടിയിലും ഹൈസ്കൂൾ വിദ്യാഭ്യാസം മലപ്പുറത്തുമായി പൂർത്തീകരിച്ചു. 1956ൽ തറവാട്ടിൽ നിന്നുള്ള എതിർപ്പുകളെ കണക്കിലെടുക്കാതെ വിളയിൽ ഗവ. സ്കൂളിൽ ഏകാധ്യാപകനായി സർക്കാർ സർവ്വീസിൽ പ്രവേശിച്ചു. തുടർന്ന് 1957ൽ അധ്യാപക പരിശീലനം ലഭിക്കുകയും കുമ്മിണിപ്പറമ്പ് ജീ.എം.എൽ.പി. സ്കൂളിൽ പ്രധാനാധ്യാപകനായി ജോലിയിൽ പ്രവേശിക്കുകയും ചെയ്തു. അക്കാലത്ത് കുമ്മിണിപ്പറമ്പ് പ്രദേശം ഭൗതിക വിദ്യാഭ്യാസത്തിന് ഒട്ടും പ്രാധാന്യം കൽപിച്ചിരുന്നില്ല. കൂടാതെ അവിടുത്തെ ഭൂരിഭാഗം ജനങ്ങളും അന്ധവിശ്വാസത്തിലും അനാചാരത്തിലും അടിയുറച്ചവരായിരുന്നു. ഇതിനെല്ലാം മാറ്റം വരുത്തുവാൻ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾക്ക് സാധിച്ചിട്ടുണ്ടെന്നത് അവിടുത്തെ ജനങ്ങളിൽ ഇപ്പോഴും മതിപ്പുളവാക്കുന്നു. കെ.പി. മാഷ് എന്ന് ജനങ്ങൾക്കിടയിൽ അറിയപ്പെട്ട അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ ഒരു ഗ്രാമപ്രദേശത്തിന്റെ വിദ്യാഭ്യാസ മുന്നേറ്റത്തിന് പ്രചോദനമായി. പരസ്പര ബന്ധങ്ങൾ കോർത്തിണക്കുന്നതിൽ അതീവശ്രദ്ധ പുലർത്തി കീടക്കാട്ട് കുടുംബ ട്രസ്റ്റിന്റെ പ്രഥമ ചെയർമാനായിരുന്നു ബാപ്പു മാസ്റ്റർ. കുടുംബബന്ധങ്ങൾ കൂട്ടിയോജിപ്പിക്കുന്നതിന് വളരെയധികം പ്രാധാന്യം കൽപ്പിച്ചിരുന്നു. വ്യക്തി ജീവിതത്തിലും വിദ്യാഭ്യാസ, സാംസ്കാരിക തൊഴിൽ മേഖലകളിലും അദ്ദേഹവുമായി ബന്ധപ്പെട്ടിരുന്നവരെല്ലാം ഇന്നും അദ്ദേഹത്തെ സ്നേഹപൂർവ്വം സ്മരിക്കുന്നു. അദ്ദേഹം നല്ല ഫുട്ബോൾ കളിക്കാരൻ കൂടിയായിരുന്നു. 1985ൽ സർവ്വീസിൽ നിന്ന് വിരമിച്ചശേഷം കാർഷിക മേഖലയിൽ ശ്രദ്ധ ചെലുത്തുകയും കാർഷിക പുരോഗതിക്ക് വേണ്ടി പ്രവർത്തിക്കുകയും ചെയ്തു. 2007 ജൂലൈ 10ന് അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞു. ആദ്യ ഭാര്യ കെ.പി. മമ്മാത്തക്കുട്ടി. അവരുടെ മരണശേഷം പുളക്കൽ വലിയാട്ട് ഖാദർ അധികാരിയുടെ മകൾ സൈനബയെ വിവാഹം കഴിച്ചു. കുടുംബചരിത്രമെന്ന് ആശയം മുന്നോട്ടു വെച്ച അദ്ദേഹം. ഈ ആവശ്യാർത്ഥം ചരിത്രകാരനും സഹോദരനുമായ കെ.കെ. മുഹമ്മദ് അബ്ദുൽ കരീം മാസ്റ്ററെ അതിന്റെ ചുമതലയേൽപ്പിക്കുകയായിരുന്നു. കുടുംബചരിത്രാന്വേഷണത്തിന്റെ തുടക്കം അങ്ങനെയാണ്. കുടുംബത്തിന്റെ ഐക്യവും ഭദ്രതയും എന്നും നിലനിന്നു കാണണമെന്ന് അദ്ദേഹം ആഗ്രഹിക്കുകയും ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തിരുന്നു. മക്കൾ: അബ്ദുൽ ജബ്ബാർ, ആയിശുമ്മു, റാബിയ, അബ്ദുൽ നാസർ, റഹ്മത്തുല്ല, ഹബീബ് റഹ്മാൻ.

അഡ്വ. കെ.പി. മുഹമ്മദ് എന്ന ബാപ്പു (1946-2009)

1946 ജൂലൈ 16-ന് കൊണ്ടോട്ടി മേലങ്ങാടി തയ്യിൽ തറവാട്ടിൽ ജനനം. പിതാവ് കെ.പി. കുഞ്ഞഹമ്മദ്. മാതാവ് വി.പി. മമ്മീര്യക്കുട്ടി (എടവണ്ണ), ബി.കോം (ഫാറൂഖ് കോളേജ്), എൽ.എൽ.ബി (മദ്രാസ് യൂണിവേഴ്സിറ്റി) ബിരുദങ്ങൾ. മഞ്ചേരിയിൽ അഭിഭാഷകനായി 1977ൽ പ്രാക്ടീസ് തുടങ്ങി. അഡ്വ അസീസ് നഹയുടെ കീഴിലാണ് അഭിഭാഷക വൃത്തി ആരംഭിച്ചത്. രാഷ്ട്രീയ - സാമൂഹിക - സാംസ്കാരിക രംഗത്ത് - സജീവമായതും അക്കാലത്താണ്. വിദ്യാർത്ഥി ജീവിതകാലത്ത് തന്നെ സോഷ്യലിസ്റ്റ് ചേരിയിൽ ആകൃഷ്ടനായി. ജനതാദളിന്റെ ജില്ലാ പ്രസിഡണ്ട് സ്ഥാനം വഹിച്ചു. രണ്ടു തവണ ഇടതുപക്ഷ സ്ഥാനാർത്ഥിയായി മത്സരിച്ചു. ജില്ലാ കൗൺസിലിലേക്കും മത്സരിച്ചിരുന്നു. 1999 ൽ മുസ്ലിം ലീഗിൽ ചേർന്നു. തൊഴിലാളികൾക്കും പാവങ്ങൾക്കും വേണ്ടിയുള്ള സമർപ്പിത ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. സാമൂഹിക - സാംസ്കാരിക കാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. പാണക്കാട് പൂക്കോയ തങ്ങൾ ട്രസ്റ്റ് പ്രസിഡണ്ട്, എസ്.ടി.യു. ജില്ലാ ട്രഷറർ എന്നീ സ്ഥാനങ്ങൾ വഹിച്ചു. അഭിഭാഷക വൃത്തിയിൽ തന്റെ ജൂനിയേഴ്സിന് മുഖ്യപരിഗണന നൽകുമായിരുന്നു. കീടക്കാട്ട് കുടുംബത്തിന്‍റെ ഒത്തുചേരലിനും കണ്ണിചേര്‍ക്കലിനും ഒറ്റപ്പെട്ട കുടുംബങ്ങളെ കണ്ടെത്തുന്നതിനും അതീവ താൽപര്യവും പരിശ്രമവും അദ്ദേഹം നടത്തുകയുണ്ടായി.2003-ലെ കുടുംബ ഡയറക്ടറി തയ്യാറാക്കുന്നതിനായി കഠിനാധ്വാനം ചെയ്തു. 2009 സെപ്തംബർ 13 ന് അന്തരിച്ചു.

പ്രൊഫ. കെ.കെ. മുഹമ്മദ് അബ്ദുസ്സലാം (1946-2009)

കാവുങ്ങൽ കണ്ടി വീരാൻകുട്ടി മുസ്ലിയാരുടെ മൂന്നാമത്തെ മകനായി 1946 നവം. 15ന് കൊളത്തൂരിൽ ജനിച്ചു. കൊളത്തൂർ എ.എം.എൽ.പി സ്കൂൾ, കൊണ്ടോട്ടി ജി.എം. യു.പി സ്കൂൾ, തിരൂരങ്ങാടി യതീംഖാന ഹൈസ്കൂൾ, ഫാറൂഖ് കോളേജ് എന്നിവിടങ്ങളിൽ പഠനം പൂർത്തിയാക്കിയ ശേഷം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ ലക്ചററായി അധ്യാപന ജീവിതം ആരംഭിച്ചു. അറബി സാഹിത്യത്തിൽ പ്രത്യേക പരിജ്ഞാനമുണ്ടായിരുന്ന അദ്ദേഹം കേരള യൂണിവേഴ്സിറ്റി, എം.ജി യൂണി വേഴ്സിറ്റി, കാലിക്കറ്റ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ പരീക്ഷാബോർഡ് അംഗമായിരുന്നു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിന് പുറമെ, തലശ്ശേരി ബ്രണ്ണൻ കോളേജ്, എറണാകുളം മഹാരാജാസ് കോളേജ് കാലി ക്കറ്റ് ആർട്സ് & സയൻസ് കോളേജ്, കാസർഗോഡ് ഗവ കോളേജ്, എന്നിവിടങ്ങളിൽ അറബിക് പ്രൊഫസറായും മലപ്പുറം ഗവ. കോളേജിൽ അറബിക് വിഭാഗം തലവനായും പ്രവർത്തിച്ചിട്ടുണ്ട്. മലപ്പുറം കോളേജിൽ നിന്നും വിരമിച്ച ശേഷം തിരൂർക്കാട് അസ്ഹർ ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ പ്രിൻസിപ്പാളായും സേവനമനുഷ്ഠിക്കുകയുണ്ടായി. സംസ്ഥാന സർക്കാർ അറബി പാഠപുസ്തക കമ്മിറ്റി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. സഹോദരൻ കെ.കെ. മുഹമ്മദ് അബ്ദുൽകരീം മാസ്റ്ററുടെ നിര്യാണത്തെ തുടർന്ന് കീടക്കാട്ട് കുടുംബ ട്രസ്റ്റ് വൈസ് ചെയർമാനായും പിന്നീട് കുടുംബ ട്രസ്റ്റിന്റെ ആക്ടിങ്ങ് ചെയർമാനായും പ്രവർത്തിച്ചു. സാമൂഹിക - സാംസ്കാരിക പ്രവർത്തനങ്ങൾക്ക് എല്ലായിപ്പോഴും മികച്ച പിന്തുണ നൽകിവന്നിരുന്ന അദ്ദേഹം നല്ലൊരു ഫുട്ബാൾ പ്രേമിയും കൂടിയായിരുന്നു. കൊളത്തൂർ എ.എം.എൽ.പി സ്കൂൾ മാനേജറായും, കൊളത്തൂർ എജ്യുക്കേഷണൽ ട്രസ്റ്റിന്റെ ആദ്യ ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്. 2009 നവംബർ 25ന് അദ്ദേഹം മരണമടഞ്ഞു. കീടക്കാട്ട് കുടുംബ ട്രസ്റ്റിന്റെ പ്രവർത്തനങ്ങൾക്ക് സജീവ പിന്തുണ നൽകിയിരുന്നു. തിരൂർക്കാട് കോൽക്കാട്ടിൽ സഈദയാണ് ഭാര്യ. മക്കൾ: ശബീർ അഹമ്മദ്, ശലബി അഹമ്മദ്, ശമീഹ് അഹമ്മദ്, ശമീമ, ശബ്ദ, മരുമക്കൾ: നിസാർ, സുജീർ ബാബു, ജസീന, സുഹൈറ, ഹിബ.

കെ.പി. മൊയ്തീൻകുട്ടി എന്ന ചെറിയാപ്പു

കെ.പി. കുഞ്ഞഹമ്മദിന്റെയും വി.പി. മമ്മീര്യക്കുട്ടിയുടെയും 3-ാമത്തെ പുത്രനായി കൊണ്ടോട്ടി മേലങ്ങാടി തയ്യിൽ തറവാട്ടിൽ ജനനം, കൊണ്ടോട്ടി ഹൈസ്കൂളിൽ പഠനം. കർഷകൻ, രാഷ്ട്രീയ - സാമൂഹിക - ജീവകാരുണ്യ പ്രവർത്തകൻ, സഹകാരി എന്നീ നിലകളിൽ സ്തുത്യർഹമായ പ്രവർത്തനം നടത്തി. കുടുംബട്രസ്റ്റ് രൂപീകരണത്തിൽ വലിയ സംഭാവന അർപ്പിച്ചു. കുടുംബ ചരിത്രവുമായി ബന്ധപ്പെട്ട് ഒട്ടേറെ വിവരങ്ങൾ നൽകുകയുണ്ടായി. കുടുംബട്രസ്റ്റ് റിലീഫിന് താങ്ങും തണലുമായിരുന്നു. സോഷ്യലിസ്റ്റ് ആശയക്കാരനായിരുന്ന ചെറിയാപ്പു 1999 ൽ മുസ്ലിം ലീഗിൽ ചേർന്നു. മുസ്ലിംലീഗ് നെടിയിരുപ്പ് പഞ്ചായത്ത് പ്രസിഡണ്ട്, കൊണ്ടോട്ടി പി.സി.സി. സൊസൈറ്റി ഡയറക്ടർ ബോർഡ് അംഗം, തയ്യിൽ ജുമാമസ്ജി ദ് മുതവല്ലി എന്നീ നിലകളിൽ സ്തുത്യർഹമായ സേവനം ചെയ്തു. 2017 മാർച്ച് 10ന് കാലയവനികക്കുള്ളിൽ മറഞ്ഞു.

കുഞ്ഞലവി ഹാജി

കളത്തുംകണ്ടിയിൽ മമ്മൂട്ടിയുടെയും ചാത്തോമ്മയുടെയും നാലാമത്തെ മകനായ കുഞ്ഞലവിഹാജി ഗ്രാമീണ ഗോളശാസ്ത്രജ്ഞൻ ആയിരുന്നു. ആധുനിക ശാസ്ത്രം പുരോഗതി കൈവരിക്കുന്നതിന് മുമ്പ് ഗോളശാസ്ത്രത്തിൽ മികവ് പുലർത്തിയിരുന്നു. സൂര്യന്റെ നിഴൽ നോക്കി സമയം കൃത്യമായി പറയുകയും ചന്ദ്രന്റെ ഉദിപ്പും അസ്തമയവും നോക്കി മാസം നിർണ്ണയിക്കുകയും, കാർമേഘങ്ങൾ നോക്കി കാലാവസ്ഥ നിരീക്ഷണം നടത്തുകയും ചെയ്യുമായിരുന്നു. മാല മൗലിദ്, ഖിസ്സപ്പാട്ടുകൾ, ബദർ പടപ്പാട്ട് തുടങ്ങിയവ പാടുമായിരുന്നു. കാർഷിക വൃത്തിയിൽ താൽപര്യം കാണിച്ചിരുന്ന കുഞ്ഞലവി ഹാജി സഹനശക്തിയുടെ ഉടമയായിരുന്നു. മരണം വരെ ഭക്തിയോടെ ജീവിച്ച അദ്ദേഹം നിഷ്കളങ്ക മനസ്സിനുടമയായിരുന്നു. മക്കൾ: മുഹമ്മദ്കുട്ടി, സിദ്ധീഖ്, ഉമ്മർ, നഫീസ, അലി, ആയി ശാബി, സുഹറാബി, ഉസ്മാൻ.

പുതുക്കുടി മുഹമ്മദലി മൊല്ല ഹാജി

അബ്ദുറഹിമാൻ കുട്ടി മൊല്ലയുടെ രണ്ടാമത്തെ മകനായ മുഹമ്മദലി മൊല്ല കൊളത്തൂർ പുതുക്കുടിയിലേക്ക് താമസം മാറ്റി. ശാന്ത സ്വഭാവിയും ദീനീ രംഗത്ത് സേവകനുമായിരുന്നു. മക്കൾ വീരാൻകുട്ടി മുസ്ലിയാർ, കുഞ്ഞിമൊയ്തീൻകുട്ടി മുസ്ലിയാർ, അബ്ദുറഹിമാൻ കുട്ടി, അലവിക്കുട്ടി മുസ്ലിയാർ, മുഹമ്മദ്കുട്ടി മൊല്ല, പാ ത്തുമ്മക്കുട്ടി, പാത്തുമ്മുണ്ണി, ആയിശക്കുട്ടി. വീരാൻകുട്ടി മുസ്ലിയാർ വയനാട് കണിയാമ്പറ്റ വില്ലേജിൽ താമസം. ഭാര്യ കീടക്കാട്ട് അബ്ദുറഹിമാന്റെ മകൾ ഉണ്ണിപ്പാത്തു.

കെ.പി. ആലിക്കുട്ടി മാസ്റ്റർ

കൊളത്തൂരിലെ പൊതുകാര്യപ്രസക്തനും മതഭക്തനുമായിരുന്നു കെ.പി. ആലിക്കുട്ടി മാസ്റ്റർ പിതാവ് പുളിക്കലക്കണ്ടി പാലക്കോട് വീരാൻകുട്ടി മാതാവ് ഖദീജ (വാവൂർ), അധ്യാപക പരിശീലനം പൂർത്തിയാക്കിയ അദ്ദേഹം മണ്ണാർ എ.എം.എൽ.പി. സ്കൂൾ അധ്യാപകനായി മൂന്ന് പതിറ്റാണ്ടിലേറെ സേവനം ചെയ്തു. കൊളത്തൂരിലെ നജാത്തുസ്സുബിയാൻ മദ്രസ്സ സ്ഥാപിക്കുന്നതിലും പരിപാലിക്കുന്നതിലും ആലിക്കുട്ടി മാസ്റ്റർ വഹിച്ച പങ്ക് സുവിദിതമാണ്. മദ്രസ്സയുടെ സ്ഥാപക സെക്രട്ടറി എന്ന നിലക്ക് അദ്ദേഹം ത്യാഗപൂർണമായ പ്രവർത്തനങ്ങൾ നടത്തി. അനേകവർഷം മദ്രസ്സ സെക്രട്ടറി സ്ഥാനത്ത് തുടർന്ന ആലിക്കുട്ടി മാസ്റ്റർ മദ്രസ്സാ പ്രവർത്തനം വ്യവസ്ഥാപിതമാക്കുകയും കമ്മിയുടെ വരവ് - ചെലവ് കണക്കുകൾ വ്യവസ്ഥാപിതമായി രേഖപ്പെടുത്തുന്നതിൽ കണിശത പാലിക്കുകയും ചെയ്ത് മാതൃക സൃഷ്ടിച്ചു. കൊളത്തൂർ മഞ്ചക്കാട് ജുമാമസ്ജിദ് കമ്മിറ്റി അംഗമായും പ്രവർത്തിച്ചു. വർഷങ്ങൾക്ക് മുമ്പ് കൊളത്തൂർ മഞ്ചക്കാട് ഒരു ഓണംകേറാമൂലയായിരുന്നു. റോഡ്, വിദ്യുഛക്തി തുടങ്ങിയ വികസനങ്ങൾ ഒന്നും തന്നെ അങ്ങോട്ട് എത്തിനോക്കിയിരുന്നില്ല. ആ നാട്ടിൽ റോഡുകൾ ഉണ്ടാക്കുന്നതിലും വിദ്യുഛക്തി എത്തിക്കുന്നതിലും മുന്നിൽ നിന്ന് പ്രവർത്തിച്ചത് ആലിക്കുട്ടി മാസ്റ്ററാണ്. നാടിന്റെ നന്മക്കുതകുന്ന എല്ലാ വികസന കാര്യങ്ങളിലും ജാതി - മത കക്ഷി രാഷ്ട്രീയം നോക്കാതെ ആലിക്കുട്ടി മാസ്റ്റർ സ്തുത്യർഹമായ സേവനം ചെയ്തു. ഭാര്യ കുട്ടങ്കാവിൽ കുഞ്ഞാത്തു. മക്കൾ: അബ്ദുറസാഖ്, സൈനബ, സുബൈദ, അബ്ദുസ്സലാം മാസ്റ്റർ, 2013 മാർച്ച് 24ന് 78-ാം വയസ്സിൽ നിര്യാതനായി.

കെ.പി. മുഹമ്മദ് ഷാ എന്ന ബാപ്പുട്ടി

മേലങ്ങാടി കോട്ടപ്പറമ്പിൽ കെ.പി. മമ്മദ്കുട്ടിയുടെ സീമന്ത പുത്രനായി 1958 മാർച്ച് 15ന് ജനനം. പുളിയാളി പോക്കറിന്റെ മകൾ മറിയുമ്മയാണ് മാതാവ് (ഫറോക്ക്). മേലങ്ങാടി ജി.എം.എൽ.പി. സ്കൂൾ, കൊണ്ടോട്ടി ഹൈസ്കൂൾ എന്നിവിടങ്ങളിൽ സ്കൂൾ വിദ്യാഭ്യാസം. പ്രീഡിഗ്രി - ബിരുദ പഠനം ഫാറൂഖ് കോളേജിൽ. തുടർന്ന് എം.എ. ബിരുദവും കോഴിക്കോട് ലോ കോളേജി (ഈവനിംഗ്)ൽ നിന്നും എൽ.എൽ.ബി, ബിരുദവും നേടി. 1979-ൽ പി.എസ്.സി. മുഖേന ഫിഷറീസ് വകുപ്പിൽ സർവ്വീസിൽ പ്രവേശിച്ചു. പ്രഥമ നിയമനം പൊന്നാനിയിലായിരുന്നു. മലപ്പുറം, കോഴിക്കോട്, ഇടുക്കി, പത്തനംതിട്ട തുടങ്ങിയ സ്ഥലങ്ങളിൽ ഫിഷറീസ് വകുപ്പിൽ ജോലി ചെയ്തു. ഫിഷറീസ് ഡെവലപ്പ്മെന്റ് ഓഫീസറായി കോഴിക്കോട് വെസ്റ്റ്ഹിൽ ജോലിയിലിരിക്കെ 2012 സെപ്തംബർ 23ന് മരണപ്പെട്ടു. വ്യക്തിവിശുദ്ധിയുടെ പ്രതീകവും മാതൃകായോഗ്യനായ ഉദ്യോഗസ്ഥനുമായിരുന്നു. ബാപ്പുട്ടി, ഫിഷറീസ് വകുപ്പിൽ ആദ്യ നിയമനം പൊന്നാനിയിലായപ്പോൾ ബാപ്പുട്ടി അവിടെ പോകാൻ കൂട്ടാക്കിയില്ല. ജോലി വേണ്ടായെന്ന് തീരുമാനിച്ചു. ഈ വിവരം അറിഞ്ഞ ബാപ്പു മാസ്റ്റർ ബാപ്പുട്ടിയെയും കൂട്ടി തിരുവനന്തപുരത്തെത്തി. മന്ത്രിയെ കണ്ട് ഇഷ്ടപ്പെട്ട സ്ഥലത്തേക്ക് നിയമനം വാങ്ങുകയായിരുന്നു ലക്ഷ്യം. മന്ത്രി മന്ദിര ത്തിനു മുന്നിലെത്തിയ ബാപ്പുട്ടിയുടെ മനസ്സ് മാറി. അവൻ ബാപ്പു മാസ്റ്ററോട് പറഞ്ഞു. കാക്ക, മന്ത്രിയെ കാണേണ്ട. നമ്മുടെ ആവശ്യം ഉന്നയിക്കേണ്ട. അത് അർഹതപ്പെട്ട മറ്റൊരാൾക്ക് പ്രയാസം സൃഷ്ടിക്കും നമുക്ക് തിരിച്ചു പോകാം. ആരെയും എന്റെ കാര്യ ലാഭത്തിന് ബുദ്ധിമുട്ടിക്കേണ്ട. ഞാൻ പൊന്നാനിയിൽ തന്നെ ജോയിൻ ചെയ്തോളാം. ബാപ്പു മാസ്റ്റർ മറുത്തൊന്നും പറഞ്ഞില്ല. അന്നത്തെ ഫിഷറീസ് ഡയറക്ടർ ബാപ്പു മാസ്റ്ററുടെ സുഹൃത്തായിരുന്നു. ബാപ്പു മാസ്റ്റർ ഇക്കഥ ഡയറക്ടറോട് പറഞ്ഞു. കുറഞ്ഞ കാലത്തിനുള്ളിൽ തന്നെ മുഹമ്മദ് ഷാക്ക് പൊന്നാനിയിൽ നിന്ന് ഇഷ്ടപ്പെട്ട സ്ഥലത്തേക്ക് ട്രാൻസ്ഫർ ലഭിച്ചു. മിതഭാഷിയും ശാന്ത ശീലനുമായ ബാപ്പുട്ടി പരന്ന വായനയുള്ള വ്യക്തിയായിരുന്നു. എല്ലാ കാര്യത്തെക്കുറിച്ചും കൃത്യമായ നിലപാടുണ്ടായിരുന്നു. കീടക്കാട്ട് ട്രസ്റ്റ് രൂപീകരിക്കുന്നതിലും പ്രവർത്തനത്തിലും ബാപ്പുട്ടി നിസ്തുലമായ സേവനം ചെയ്തു. കീടക്കാട്ട് കുടുംബട്രസ്റ്റിന്റെ പ്രഥമ ട്രഷററായിരുന്നു. മരണം വരെ അദ്ദേഹം ആ സ്ഥാനത്ത് തുടർന്നു. ഭാര്യ: സി.എച്ച്. കുഞ്ഞാതു ഹാജി (വെന്നിയൂർ)യുടെ മകൾ നസീറ. മക്കൾ: അശീൽ (ഫിഷറീസ് വകുപ്പ്), ജസീൽ (എഞ്ചിനീയർ), മറിയംബി, ഡോ.ഫസീൽ, ഫാത്തിമാബി.

ട്രസ്റ്റ് ഭാരവാഹികൾ

അബ്ദുറഹിമാൻ കെ.കെ. മക്കക്കാട് (ചെയർമാൻ)

കീടക്കാട്ട് മായിൻകുട്ടിയുടെയും ആയിശക്കുട്ടിയുടെയും മൂത്തപുത്രനായ അബ്ദുറഹിമാൻ സാമൂഹിക രാഷ്ട്രീയ മേഖലകളിലെ സജീവ സാന്നിധ്യമാണ്. കരിപ്പൂരിൽ മക്കക്കാട്ടിൽ താമസിക്കുന്ന അബ്ദുറഹിമാൻ മുൻ ട്രസ്റ്റ് ചെയർമാൻ അബ്ദുൽ ഖാദർ ഹാജിയുടെമരണശേഷം ആ സ്ഥാനം ഏറ്റെടുക്കുകയായിരുന്നു. കുടുംബത്തെ ഏറെ സ്നേഹിക്കുന്ന അദ്ദേഹത്തിന്റെ ലളിതമായ സമീപനം എല്ലാവരിലും മതിപ്പുളവാക്കുന്നതാണ്. മക്കൾ: അബ്ദുൽ മജീദ്, അയ്യൂബ്, സുബൈർ, ആയിശ്ശീബി

മമ്മത് ഹാജി (വൈസ് ചെയർമാൻ)

പ്രശസ്തപണ്ഡിതനും സൂഫിവര്യനുമായ ഉണ്ണിക്കുട്ടി പോക്കർ ഹാജിയുടെ മൂന്നാമത്തെ മകൻ മുഹമ്മദ് മുസ്‌ലിയാരുടെയും കുടുക്കിൽ കോച്ചാമ്പള്ളി ഉമ്മാത്തയുടെയും മൂത്ത മകനായ മമ്മദ് ഹാജി വലിയ പറമ്പിൽ പീടിക കരണ്ടിയിൽ താമസിച്ചുവരുന്നു. കുടുംബത്തിന്റെ ഒത്തുചേരലിൽ വലിയ സംതൃപ്തി പ്രകടിപ്പിക്കുകയും കുടുംബങ്ങളെ അടുപ്പിക്കുന്നതിന് വേണ്ടി പ്രവർത്തിക്കുകയും ചെയ്യുന്ന അദ്ദേഹം സർവസമ്മതനായ പൊതുപ്രവർത്തകനാണ്. ട്രസ്റ്റ് രൂപീകരണം മുതൽ അതിന്റെ വൈസ് ചെയർമാനായി തുടരുന്നു. ഭാര്യ: പാത്തുമ്മുണ്ണി.

മുഹമ്മദ് ഷാ എന്ന ബാവ തയ്യിൽ (വൈസ് ചെയർമാൻ)

മമ്മദിശ മകൻ മൊയ്തീന്റെയും ആയിഷബിയുടെയും മകനായ മുഹമ്മദ് ഷാ എന്ന ബാവ ട്രസ്റ്റ് രൂപീകരണം മുതൽ വൈസ് ചെയർമാനായും കീടക്കാട്ട് ട്രസ്റ്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന കുടുംബ റിലീഫ് സെല്ലിന്റെ ചെയർമാനായും പ്രവർത്തിച്ചു വരുന്നു. എല്ലാ വർഷവും റമദാനോടനുബന്ധിച്ച് നടത്തുന്ന റിലീഫ് പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നു. വിവിധ സാമൂഹ്യ രാഷ്ട്രീയ മേഖലയിൽ പ്രവർത്തിച്ചു വരുന്നു. പടിപ്പുര റസിഡൻഷ്യൽ അസോസിയേഷൻ പ്രസിഡണ്ട്, കൊണ്ടോട്ടി റീജ്യണൽ കോ-ഓപ്പറേറ്റീവ് ഹൗസിംഗ് സൊസൈറ്റി ഡയറക്ടർ എന്നീ സ്ഥാനങ്ങൾ വഹിച്ചുവരുന്നു. ഭാര്യ സക്കീന. മക്കൾ: കെ.പി. അനീസ, അൻസി, അൻസബ

ചേക്കുഹാജി

വയനാട് ജില്ലയിലെ നെല്ലിയമ്പത്ത് താമസമാക്കിയ മമ്മദ് ഹാജിയുടെയും കുഞ്ഞാത്തുട്ടിയുടെ ഏകമകനായ ചേക്കുഹാജി മത, സാമൂഹിക, രാഷ്ട്രീയ രംഗങ്ങളിൽ രണ്ടു പതിറ്റാണ്ടു കാലമായി പ്രവർത്തിച്ചുവരുന്നു. ട്രസ്റ്റുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് വയനാട്ടിൽ നിന്നും സജീവ പിന്തുണ നൽകുന്ന അദ്ദേഹം അഥിന്റെ രൂപീകരണ കാലം തൊട്ട് വൈസ് ചെയർമാനായി പ്രവർത്തിക്കുന്നു. ഭാര്യ: ഫാത്തിമ.

കെ.പി. ഹുസൈൻ എന്ന ബാപ്പുട്ടി (ജന.സെക്രട്ടറി)

കീടക്കാട്ട് പുത്തൻപീടികക്കൽ കുഞ്ഞഹമ്മതിന്റെയും വി.പി. മമ്മീര്യക്കുട്ടി (എടവണ്ണ)യുടെയും മകനായി 1955ൽ ജനിച്ച ഹുസൈൻ എന്ന ബാപ്പുട്ടി പൊതുകാര്യ പ്രസകനാണ്. കുടുംബത്തിന്റെ ഒത്തുകൂടലിന് തുടക്കം കുറിച്ചതും വേദിയായതും ബാപ്പുട്ടിയുടെ വീടായിരുന്നു. ട്രസ്റ്റ് രൂപീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി വിവിധ പ്രദേശങ്ങളിൽ താമസിക്കുന്ന കുടുംബാംഗങ്ങളെ തേടി കണ്ടെത്തുന്നതിൽ ജാഗ്രതയോടെ പ്രവർത്തിച്ചു മാതൃക കാണിച്ചു. 2003 മെയ് മാസത്തിൽ നടന്ന സംഗമം വിജയിപ്പിക്കുന്നതിൽ ബാപ്പുട്ടിയുടെ പങ്ക് വളരെ വലുതായിരുന്നു. കുടുംബത്തിലെ വിവിധ തുറകളിലുള്ളവരെക്കുറിച്ചു പഠിക്കുകയും അവരോടൊപ്പം ചേർന്ന് ആവശ്യമായ നിർദ്ദേശങ്ങളും സാമ്പത്തിക സഹായം ഉൾപ്പെടെയുള്ളവ നല്കുകയും ചെയ്യുന്ന ബാപ്പുട്ടി ഉദാരമനസ്കനും സ്നേഹസമ്പന്നനുമാണ്. സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക മേഖലകളിൽ നിറഞ്ഞു നിൽക്കുന്ന പൊതു പ്രവർത്തകനാണദ്ദേഹം എല്ലാ മേഖലയിലും ബാപ്പുട്ടിയുടെ സേവനം ലഭ്യമാണ്. തന്റെ ബിസിനസ്സിനിടയിലും പൊതുകാര്യം വരുമ്പോൾ അതിന് പ്രാധാന്യം നൽകുക പതിവാണ്. മറ്റുള്ളവരുടെ സൗകര്യത്തി നനുസരിച്ച് അവരുടെ പ്രശ്നപരിഹാരത്തിന് സമയമോ, ധനമോ നോക്കാതെ പ്രവർത്തിക്കുക പതിവാണ്. 2000 മുതൽ കൊണ്ടോട്ടി പെയിൻ ആന്റ് പാലിയേറ്റീവിന്റെ ജനറൽ സെക്രട്ടറിയായി പ്രവർത്തനം തുടങ്ങി. 2005 മുതൽ 2010 വരെ കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ 2010 മുതൽ 2015 വരെ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനായും സേവനമനുഷ്ഠിച്ചു. 2012ൽ കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിൽ സൗജന്യ ഡയാലിസിസ് സെന്ററിനെക്കുറിച്ചുള്ള ആശയം രൂപപ്പെടുത്തുകയും 2014ൽ ബ്ലോക്ക് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ പ്രവർത്തനമാരംഭിക്കുകയും ചെയ്തു. എഡ്യൂ കെയർ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ കൊണ്ടോട്ടി യൂത്ത് സ്പോർട്സ് ക്ലബ്ബ് സെക്രട്ടറി, കനിവ് കോടങ്ങാട് ചെയർമാൻ, എന്നീ മേഖലകളിൽ പ്രവർത്തിച്ചു വരുന്നു. JCI ന്റെ മുൻ പ്രസിഡണ്ടായിരുന്നു. കീടക്കാട്ടു കുടുംബത്തിന്റെ നെടുംതൂണായി പ്രവർത്തിക്കുന്ന ബാപ്പുട്ടി കുടുംബ ട്രസ്റ്റിന്റെ അത്താണി കൂടിയാണ്. എസ്കോളോ ഇന്റർനാഷണൽ മാനേജിംഗ് ഡയറക്ടറാണ്. ഭാര്യ : ചാക്കീരി സാബിറ, മക്കൾ. ആബിദ (അസി. പ്രൊഫസർ, ഇംഗ്ലീഷ്, ഇ.എം.ഇ.എ. കോളേജ്), ഡോ. ആഷിഖ, ആദില (എം.ബി.ബി.എസ്. വിദ്യാർത്ഥി), ആഷ് (വിദ്യാർത്ഥി).

അഹമ്മദാജി എന്ന ബാപ്പു (സെക്രട്ടറി (കറസ്പോണ്ടന്റ്))

കരിപ്പൂർ പൂളപറമ്പത്ത് മോനുദ്ദീൻ മുസ്‌ലിയാരുടെ മകൻ അബ്ദുറഹിമാൻ മുസ്‌ലിയാരുടെയും നാടകശ്ശേരി ആമിനക്കുട്ടിയുടെയും മൂത്ത പുത്രനാണ്. ലോവർ പ്രൈമറി വിദ്യാഭ്യാസത്തിന് ശേഷം ഫറോക്ക് ജി.എം.യു.പി. സ്കൂൾ, ഫാറൂഖ് ഹൈസ്കൂൾ എന്നിവിടങ്ങളിലായിരുന്നു തുടർപഠനം. പഠനകാലം മുതൽ മത, സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ മേഖലകളിൽ പ്രവർത്തിക്കുന്നു. പൊതുപ്രവർത്തന മേഖലയിൽ കുളങ്ങരപ്പാടം യുവജന സാംസ്കാരിക സമിതി സെക്രട്ടറിയായാണ് തുടക്കം. കോടമ്പുഴ ദുരിതാശ്വാസ കമ്മിറ്റിയുടെ മെമ്പറായും ജനറൽ സെക്രട്ടറിയായും നാലു വർഷത്തോളം സേവനം ചെയ്യുകയുണ്ടായി. 2005-2010 കാലയളവിൽ കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് മെമ്പറായിരുന്നു. Kerala Institution of Local Administration (കില) ഫാക്കൽറ്റി, കുടുംബശ്രീ, സാക്ഷരതാ മിഷൻ, ഹരിത കേരള മിഷൻ, ശുചിത്വമിഷൻ എന്നിവയുടെ റിസോഴ്സ് പേഴ്സണായും പ്രവർത്തിക്കുന്നു. ഇതിന്റെ ഭാഗമായി നിരവധി പരിശീലന പരിപാടികൾക്ക് ചുക്കാൻ പിടിച്ചു. 1995 മുതൽ സംസ്ഥാന ഹജ്ജ് കമ്മിറ്റിയുമായി ബന്ധപ്പെട്ട സേവന മേഖലകളിലും വ്യാപൃതനാണ്. 2001 മുതൽ ഹജ്ജ് ക്യാമ്പിൽ വളണ്ടിയറായും സംസ്ഥാന ഹജ്ജ് കമ്മിറ്റി ട്രെയിനറായും പ്രവർത്തിച്ചു വരുന്നു. പഞ്ചായത്ത് തല സേവനത്തിനുള്ള അംഗീകാരമായി 2012 ജൂൺ 30ന് പള്ളിക്കൽ പഞ്ചായത്ത് നടത്തിയ ഒരു ചടങ്ങിൽ വെച്ച് യുവജനക്ഷേമ വകുപ്പ് മന്ത്രി ജയലക്ഷ്മി പൊന്നാടയണിയിച്ച് ആദരിക്കുകയുണ്ടായി. കീടക്കാട്ട് ട്രസ്റ്റ് റിലീഫ് സെല്ലിന്റെ സെക്രട്ടറിയായും സേവനം ചെയ്ത് വരുന്നു. കീടക്കാട്ട് കുടുംബ്രസ്റ്റ് സെക്രട്ടറി (കറസ്പോണ്ടന്റ്) ആയി തുടക്കം മുതൽ പ്രവർത്തിച്ചു വരുന്നു. ഭാര്യ തൊണ്ടിക്കോടൻ ഖദീജ മക്കൾ മുംതാസ്, സറീന, അബ്ദുൽ റഊഫ്.

അഡ്വ. കെ.പി. മറിയുമ്മ

കീടക്കാട്ട് പുത്തൻ പീടികക്കൽ കുഞ്ഞഹമ്മദിന്റെയും വലിയ പീടിയേക്കൽ മമ്മീര്യക്കുട്ടി (എടവണ്ണ)യുടെയും മകളായി 1953 ജൂലൈ 15ന് കൊണ്ടോട്ടി കുറുപ്പത്ത് ജനനം. ചുങ്കം എൽ.പി. സ്കൂൾ, കൊണ്ടോട്ടി ഹൈസ്കൂൾ എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിനു ശേഷം ഫാറൂഖ് കോളേജിൽ പ്രീഡിഗ്രി – ബിരുദ പഠനം (1969-74). കോഴിക്കോട് ഗവ. ലോ കോളേജിൽ നിന്ന് എൽ.എൽ.ബി. ബിരുദം (1974-77) നേടിയ മറിയുമ്മ മഞ്ചേരി ബാറിൽ വക്കീൽ ആയി പ്രാക്ടീസ് തുടങ്ങി. (1977-82). 1982ൽ തിരൂർ ബാറിൽ തുടർന്നു 1991ൽ രാഷ്ട്രീയത്തിൽ സജീവമായി. ജില്ലാ കൗൺസിലിലേ അഡ്വ. കെ.പി. മറിയുമ്മക്ക് മുസ്ലിം ലീഗ് പ്രതിനിധിയായി മത്സരിച്ചു ജയിച്ചു. 1995ൽ ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വേങ്ങര ഡിവിഷനെ പ്രതിനിധീകരിച്ച മറിയുമ്മ പ്രഥമ മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായി സുതുത്യർഹമായ സേവനം ചെയ്തു. (1995- 2000) 2000ൽ നടന്ന ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഇരിമ്പിളിയം ഡിവിഷനിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടു. ആറ് വർഷം സ്റ്റേറ്റ് ലീഗൽ സർവ്വീസ് മെമ്പറായി പ്രവർത്തിച്ചു. 2013-16 വരെ സ്റ്റേറ്റ് മൈനോറിറ്റി കമ്മീഷൻ അംഗമായി സേവനം ചെയ്തു. മുസ്ലിം വനിതാ ലീഗ് പ്രഥമ ജില്ലാ സെക്രട്ടറി (1991-2018 വരെ), വനിതാ ലീഗ് സ്റ്റേറ്റ് വൈസ് പ്രസിഡണ്ട്, മുസ്ലിം ലീഗ് സം സ്ഥാന സെക്രട്ടറിയേറ്റ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു വരുന്നു. ഭർത്താവ്: ചുള്ളിക്കാട്ടിൽ മൊയ്തീൻകുട്ടി എന്ന ചെറീത് ഹാജിയുടെ മകൻ ഡോ. വിരാൻകുട്ടി (തിരൂർ). മക്കൾ: ഡോ. ജംഷി, ഡോ. ജിഷ, ജാഷിം (എഞ്ചിനീയർ).

ചേക്കു കരിപ്പൂർ (സെക്രട്ടറി)

കരിപ്പൂരിൽ മേലെതെക്കുവീട്ടിൽ ചേക്കുട്ടിയുടെ മകൻ മുഹമ്മദ്കുട്ടിയുടെയും ചെമ്പൻ പാത്തുമ്മക്കുട്ടിയുടെയും മകനായ ചേക്കുട്ടി സാമൂഹിക സാംസ്കാരിക, വിദ്യാഭ്യാസ മേഖലയിൽ സജീവമായി പ്രവർത്തിക്കുന്നു. ത്യാഗപൂർണമായ സംഘാടന പാടവം കൊണ്ട് സമൂഹത്തിൽ അംഗീകാരം നേടിയിട്ടുള്ള പൊതുപ്രവർത്തകനാണ്. സാംസ്കാരിക മേഖലയിൽ പ്രത്യേക താൽപര്യം പ്രകടിപ്പിക്കുകയും സംഘടിപ്പിക്കുകയും ചെയ്തുവരുന്നു. മികച്ച പ്രവർത്തനം നടത്തിവരുന്ന കൊണ്ടോട്ടി പെയിൻ & പാലിയേറ്റീവ് സെക്രട്ടറി എന്നീ സ്ഥാനങ്ങളും വഹിക്കുന്നു. ഓയിസ്ക ഇന്റർനാഷണൽ ചാപ്റ്റർ സെക്രട്ടറി, ന്യൂസ്പേപ്പർ ഏജൻസി അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി, വെൽഫെയർ ബോർഡ് ചെയർമാൻ, ഇന്ത്യൻ സീനിയർ ചേംബർ പ്രോഗ്രാം സെക്രട്ടറി. ഭാര്യ: ആമിനക്കുട്ടി ആശാരിക്കണ്ടി. മക്കൾ: ശബ്ന, ഹസ നുൽ ബന്ന, ഷഹനാസ്, ഷംന.

കെ.പി. മുഹമ്മദ് എന്ന ബാപ്പുട്ടി (സെക്രട്ടറി)

തയ്യിൽ മമ്മദിശയുടെ പുത്രൻ മൂസ്സയുടെയും വളപ്പത്തൊടി ബിയ്യാത്തുട്ടിയുടെയും മകനായ ബാപ്പുട്ടി കീടക്കാട്ട് ട്രസ്റ്റിന്റെ തുടക്കം മുതൽ സെക്രട്ടറിയായി തുടരുന്നു. തയ്യിൽ ജുമുഅത്ത് പള്ളിയുടെ ഇപ്പോഴത്തെ മുതവല്ലിയാണ്. പള്ളിയുമായി ബന്ധപ്പെട്ട് സേവനം ചെയ്തു വരുന്നു. ഭാര്യ. എൻ.സി. ഹുസ്സയിൻകുട്ടി ഹാജിയുടെ മകൾ ഫാത്തിമ (കൊളത്തറ). മക്കൾ: അഡ്വ. മുഹമ്മദ് കാസിം (നോട്ടറി), സക്കീർ ഹുസൈൻ, മുഹമ്മദ് ഷബീബ്, സജ്ന.

അനുബന്ധം 1

not found

കൊണ്ടോട്ടി പഴയങ്ങാടി പള്ളി ലിഖിതം (ഹി. 1102 / 1691)

അനുബന്ധം 2

not found

കീടക്കാട്ട് മമ്മതിന്റെ പിതാവ് കുഞ്ഞറമുട്ടി കൊണ്ടോട്ടി തങ്ങൾക്ക് ഭൂമിദാനം ചെയ്തത് പരാമർശിക്കുന്ന ഭാഗം, കീടക്കാട്ട് മമ്മത് കൊണ്ടോട്ടി ശൈഖ് ഇശ്തിയാഖ് ശാഹ് ഒന്നാമന് പതിനേഴ് നമ്പർ ഭൂമി വഖഫ് ചെയ്ത ഓലാധാരത്തിന്റെ പകർപ്പ്

അനുബന്ധം 3

not found

not found

കീടക്കാട്ട് മമ്മത് കൊണ്ടോട്ടി ശൈഖ് ഇശ്തിയാഖ് ശാഹ് ഒന്നാമന് പതിനേഴ് നമ്പർ ഭൂമി വഖഫ് ചെയ്ത ഓലാധാരത്തിന്റെ പകർപ്പ്

അനുബന്ധം 4

not found

not found

not found

not found

not found

കീടക്കാട്ട് ബിയ്യമുണ്ണി ഉമ്മ ജീവനാംശം ലഭിക്കാൻ ശൈഖ് ഇശ്തിയാഖ് ശാഹ് രണ്ടാമന് എതിരെ നൽകിയ കേസ് ഡയറിയുടെ പ്രസക്ത ഭാഗങ്ങൾ, ഹൈക്കോടതിയുടെ വിധിപ്പകർപ്പ് എന്നിവ (മെയിന്റൻസ് കേസ് 5 ഓഫ് 1903).

not found

കീടക്കാട്ട് പുത്തൻ പീടികക്കൽ കുഞ്ഞറമുട്ടിയുടെ ഒപ്പ്

not found

കീടക്കാട്ട് മമ്മദീശ്ശയുടെ ഒപ്പ്

not found

പുത്തൻപീടികക്കൽ കീടക്കാട്ട് മമ്മദ് കൊല്ലവർഷം 1015 മകര മാസം 1840 ശൈഖ് ഇശ്തിയാഖ് ഒന്നാമന് എഴുതിക്കൊടുത്ത വഖഫ് ആധാരം ഓലപകർപ്പ്, കീടക്കാട്ട് പുത്തൻപീടികക്കൽ കുഞ്ഞറുമുട്ടി ഒപ്പിട്ട് നൽകിയ പാട്ടപിരിവ് ഓല.

Keedakkat kudumba trust regd no. 79/2003, kondotty 673638
© Copyright MeFamily. All Rights Reserved
Designed by Enfono