
2003 മെയ് 4ന് കരിപ്പൂരിൽ വച്ച് നടന്ന പ്രഥമ കീടക്കാട്ട് കുടുംബ സംഗമത്തിൽ ആശംസകളർപ്പിച്ചു സംസാരിച്ചുകൊണ്ടിരിക്കെ കുഴഞ്ഞുവീഴുകയും തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയും ചെയ്ത അഡ്വ. കെ.പി. കുഞ്ഞിമായിൻ സാഹിബ് (കൊയിലാണ്ടി) നമ്മോട് വിടപറഞ്ഞു. കുടുംബ ട്രസ്റ്റ് സ്ഥാപക ചെയർമാനും കീടക്കാട്ട് കുടുംബ ചരിത്രത്തിന്റെ നല്ലൊരു ആവേദകനുമായിരുന്ന കെ.പി. മുഹമ്മദ് മാസ്റ്റർ എന്ന ബാപ്പുവും (മേലങ്ങാടി) ഇന്ന് നമ്മോടൊപ്പമില്ല. കുടുംബത്തിന്റെ ഒത്തുചേരലിനായി മുൻകൈയെടുക്കുകയും കുടുംബ ചരിത്രം തയ്യാറാക്കുന്നതിന് തുടക്കം കുറിക്കുകയും ചെയ്ത ട്രസ്റ്റ് വൈസ് ചെയർമാനും പ്രശസ്ത ചരിത്രകാരനുമായ കെ.കെ. മുഹമ്മദ് അബ്ദുൽ കരീം മാസ്റ്ററും കാലയവനികക്കുള്ളിൽ മറഞ്ഞു.. കീടക്കാട്ട് കുടുംബത്തിന്റെ ഒത്തുകൂടലിനായി ഏറെ താൽപര്യത്തോടെ പ്രവർത്തിക്കുകയും വേറിട്ട് താമസിക്കുന്ന കുടുംബാംഗങ്ങൾക്ക് അവർ അധിവസിക്കുന്ന സ്ഥലങ്ങളിൽ ചെന്ന് വേണ്ട മാർഗനിർദ്ദേശം നൽകുകയും ചെയ്തിരുന്ന നമ്മുടെ വൈസ് ചെയർമാൻ അഡ്വ. കെ.പി. മുഹമ്മദ് എന്ന ബാപ്പുവും യാത്ര പറഞ്ഞു കഴിഞ്ഞു. കുടുംബ ഡയറക്ടറി തയ്യാറാക്കുന്നതിൽ അദ്ദേഹം രാപകൽ ഭേദമന്യേ ശ്രമം നടത്തി. അതുകൊണ്ടാണ് അത് എത്രയും പെട്ടെന്ന് തയ്യാറാക്കാനായത്. ബാപ്പു മാസ്റ്ററുടെ മരണശേഷം ട്രസ്റ്റ് ചെയർമാനായി സ്ഥാനമേറ്റ കെ. അബ്ദുൽഖാദർ ഹാജിയും (കരിപ്പൂർ) നമ്മോട് വിടപറഞ്ഞു. നമ്മുടെ കുടുംബ സംഗമങ്ങളിലെല്ലാം ഇസ്ലാമിലെ കുടുംബ ബന്ധത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം സംസാരിക്കുമായരുന്നു.

ട്രസ്റ്റ് വൈസ് ചെയർമാനായിരുന്ന പ്രൊഫ. കെ.കെ. മുഹമ്മദ് അബ്ദുസലാമും ഇന്ന് നമ്മോടൊപ്പമില്ല. ട്രസ്റ്റിന്റെ താങ്ങും തണലുമായി അദ്ദേഹം പ്രവർത്തിച്ചു. ട്രസ്റ്റിന്റെ മറ്റൊരു അമരക്കാരൻ കെ.പി. മുഹമ്മദ്ശാ എന്ന ബാപ്പുട്ടിയും (കോട്ടപ്പറമ്പ് മേലങ്ങാടി) ഓർമയായി കഴിഞ്ഞു. വ്യക്തി വിശുദ്ധിയുടെ പ്രതീകമായിരുന്നു അദ്ദേഹം ഔദ്യോഗിക സ്ഥാനങ്ങൾ വഹിക്കാത്ത ഒട്ടനവധിപേർ നമ്മിൽ നിന്നും പിരിഞ്ഞുപോയിട്ടുണ്ട്. കുടുംബചരിത്രത്തെക്കുറിച്ച് നല്ല ധാരണ ഉണ്ടായിരുന്ന കെ.പി. മൊയ്തീൻകുട്ടി എന്ന ചെറിയാപ്പുവിന്റെ മരണം ഈ ഉദ്യമത്തെ സാരമായി ബാധിച്ചിട്ടുണ്ട്. വയനാട്ടിലെ കീടക്കാട്ട് ബാവയും ഇക്കാലയളവിൽ യാത്ര പറഞ്ഞു. കുടുംബ ട്രസ്റ്റിന്റെ ബൈലോ പ്രകാരം കുടുംബത്തിലെ മുതിർന്നവരാണ് ചെയർമാൻ സ്ഥാനം വഹിക്കേണ്ടത്. അങ്ങനെ ആ ഊഴം ഇപ്പോൾ എന്നിലാണ് എത്തിനിൽക്കുന്നത്. നമ്മിൽ നിന്നും വിട്ടുപിരിഞ്ഞവർക്ക് അല്ലാഹു മഗ്ഫിറത്തും മർഹമത്തും നൽകുമാറാകട്ടെ. കുടുംബബന്ധം അല്ലാഹു എന്നും നില നിർത്തിത്തരുമാറാകട്ടെ.